20/05/2026
നോയിഡയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥി നേതാവ് അക്രിതി ചൗധരി, മുതിർന്ന മാധ്യമപ്രവർത്തകൻ സത്യം വർമ്മ എന്നിവർക്കെതിരെ ഉത്തർപ്രദേശിലെ ബിജെപി സർക്കാർ 1980 ലെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തിയിരിക്കുകയാണ്. ഭരണഘടനയും നിയമങ്ങളും അവഗണിച്ചുകൊണ്ടാണ് ഉത്തർപ്രദേശ് പൊലീസ് ഇത്തരമൊരു നടപടിയെടുത്തിരിക്കുന്നത്. 1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ ജനറൽ ഡയറിന്റെ നടപടികൾക്ക് സമാനമാണിതെന്നാണ് വിശേഷിപ്പിക്കേണ്ടത്. ഇരുവരുടെയും ജാമ്യാപേക്ഷകൾ കീഴ്ക്കോടതികളുടെ വിധി കാത്തിരിക്കുമ്പോഴാണ് അക്രിതിക്കും സത്യം വർമ്മയ്ക്കുമെതിരെ എൻഎസ്എ ചുമത്തിയത്. ഇതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന രേഖകൾ യുപി പൊലീസ് നൽകിയിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ഇത്രയും ക്രൂരമായ ഒരു നിയമപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചതിന്റെ കാരണങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് നിർബന്ധിക്കുന്ന നിയമ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണിവിടെ ഉണ്ടായിരിക്കുന്നത്. യുപി പൊലീസ് അവരുടെ മാധ്യമ സെൽ വഴിയാണ് എൻഎസ്എ ചുമത്തിയ കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എന്നാൽ ഇരുവരുടെയും അറസ്റ്റുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ സമർപ്പിക്കുകയോ തടങ്കലിൽ വയ്ക്കാനുള്ള കാരണങ്ങളെക്കുറിച്ച് അക്രിതി, സത്യം, അല്ലെങ്കിൽ അവരുടെ അഭിഭാഷകരെ അറിയിക്കുകയോ ചെയ്തിട്ടുമില്ല. അങ്ങനെ ഇരുവർക്കുമെതിരെ ഏകപക്ഷീയവും വിചിത്രവുമായ രീതിയിലാണ് എൻഎസ്എ പ്രയോഗിച്ചത്.
2019ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ ശക്തിപ്പെട്ടപ്പോൾ തന്റെ സർക്കാർ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപനം നടത്തി കുപ്രസിദ്ധനായ ബിജെപി നേതാവ് ആദിത്യനാഥിനു കീഴിൽ, നിയമവ്യവസ്ഥയുടെ ഇത്തരത്തിലുള്ള അട്ടിമറികളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. ഉത്തർപ്രദേശിലെ ബിജെപി ഭരണകൂടം പരസ്യമായ പ്രതികാര നടപടികളിലൂടെ ഭരണഘടനാപരമായി ഉറപ്പുനൽകുന്നതും മൗലികാവകാശമായി ഉൾപ്പെടുത്തിയതുമായ പ്രതിഷേധങ്ങൾ, വിയോജിപ്പുകൾ എന്നിവ നിഷേധിക്കുകയാണ്. മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി നോയിഡയിൽ ന്യായമായി പ്രതിഷേധിച്ച നിരവധി പാവപ്പെട്ട തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തുടർന്ന് അക്രിതിയെയും സത്യത്തെയും ജയിലിലടച്ചു, അവരുടെ മേൽ എൻഎസ്എ എന്ന ക്രൂരനിയമം അടിച്ചേല്പിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താൻ ഉദ്ദേശിച്ചുള്ള ഭരണകൂട പ്രതികാരത്തിന്റെ പ്രകടനമാണിത്.
ഇത് ബി ആർ അംബേദ്കറുടെ വീക്ഷണങ്ങളെ നേരിട്ട് കടന്നാക്രമിക്കുന്നതുമാണ്. അദ്ദേഹത്തിന്റെ മുദ്രാവാക്യമായ “വിദ്യാഭ്യാസം നേടുക, പ്രക്ഷോഭം നടത്തുക, സംഘടിപ്പിക്കുക” എന്നതിന്റെ അവിഭാജ്യ ഘടകമായിരുന്നു സംഘാടനവും പ്രക്ഷോഭവും. പ്രതിഷേധിക്കുന്ന തൊഴിലാളികൾക്കെതിരായ ശിക്ഷാ നടപടികളും അക്രിതിക്കും സത്യത്തിനുമെതിരെ എൻഎസ്എ ചുമത്തിയതും അംബേദ്കറുടെ ദർശനത്തെ ചവിട്ടിമെതിക്കുന്നതാണ്. ബിജെപി ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ദർശനമാണത്. അതേസമയം അതിന്റെ ജനാധിപത്യ സത്തയെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം നേടുക, പ്രക്ഷോഭം നടത്തുക, സംഘടിപ്പിക്കുക എന്ന അംബേദ്കറുടെ കാഴ്ചപ്പാട് നമ്മുടെ ഭരണഘടനാ ഭരണ പദ്ധതിയുടെയും ജനാധിപത്യ പങ്കാളിത്തത്തിന്റെയും കാതലായ ഭാഗമാണ്. പ്രതിഷേധക്കാർക്കും സാമൂഹ്യ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമെതിരായ ഇത്തരം ശിക്ഷാ നടപടി ഗാന്ധിജിയുടെ സ്വരാജ് സങ്കല്പത്തെയും ലംഘിക്കുന്നു. 1925 ജനുവരി 29ന് ഗാന്ധിജി യങ് ഇന്ത്യയിൽ എഴുതി: “യഥാർത്ഥ സ്വരാജ് എന്നത് കുറച്ച് പേർക്ക് അധികാരം നേടുന്നതിലൂടെയല്ല, മറിച്ച് അധികാരം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ അതിനെ ചെറുക്കാനുള്ള കഴിവ് എല്ലാവർക്കും ലഭിക്കുന്നതിലൂടെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അധികാരത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള കഴിവ് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലൂടെയാണ് സ്വരാജ് നേടേണ്ടത്. ”
നോയിഡയിലെ തൊഴിലാളികളുടെ ഭരണഘടനാ സാധുതയുള്ള പ്രതിഷേധങ്ങളും അവരോട് ഐക്യപ്പെട്ടുള്ള അക്രിതിയുടെയും സത്യത്തിന്റെയും പ്രവർത്തനങ്ങൾ, “അധികാരം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ അതിനെ ചെറുക്കാനുള്ള എല്ലാവർക്കുമുള്ള കഴിവി”ലും “അധികാരത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള കഴിവ് ജനങ്ങളെ പഠിപ്പിക്കുന്നതിലും” വേരൂന്നിയ സ്വരാജിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ ദർശനത്തെ പ്രതിഫലിപ്പിക്കുന്നു. ഗാന്ധിജി ഈ ജനാധിപത്യ നിർവചനം ആവിഷ്കരിച്ച് 100 വർഷങ്ങൾക്കുശേഷം, ഉത്തർപ്രദേശിലെ അധികാരികൾ സംസ്ഥാന അധികാരം ദുരുപയോഗം ചെയ്യുകയും വിയോജിപ്പുകൾ അടിച്ചമർത്തുകയും ഭരണഘടനാ മൂല്യങ്ങളുടെ നഗ്നമായ ലംഘനത്തിലൂടെ പത്രസ്വാതന്ത്ര്യത്തിന്റെ വായ മൂടിക്കെട്ടുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായ ഈ നടപടികൾ, പ്രത്യേകിച്ച് എൻഎസ്എ പ്രയോഗം, 1975–77ലെ അടിയന്തരാവസ്ഥയുടെ നാളുകളെ മാത്രമല്ല, 1919ൽ പഞ്ചാബിൽ ഏർപ്പെടുത്തിയ ബ്രിട്ടീഷ് കാലഘട്ടത്തിലെ പട്ടാള നിയമത്തെയും (ആ സമയത്താണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്) ഓർമ്മിപ്പിക്കുന്നു. അക്കാലത്ത് പഞ്ചാബിലെ നിരവധി പത്രങ്ങളുടെ എഡിറ്റർമാരെയും ദി ട്രിബ്യൂണിന്റെ ട്രസ്റ്റിയെ പോലും അറസ്റ്റ് ചെയ്തുവെന്നും കോളനി ഭരണാധികാരികൾ യാതൊരു ന്യായീകരണവും നൽകാതെ പ്രമുഖ പത്രങ്ങൾ അടച്ചുപൂട്ടിയെന്നും മഹാത്മാ ഗാന്ധി എഴുതിയിരുന്നു. ഇന്ന്, 2026ൽ, യുപി പൊലീസ് സമാനമായ നിന്ദ്യമായ നടപടികൾ, ഒരു പത്രപ്രവർത്തകനും ഒരു വിദ്യാര്ത്ഥി നേതാവിനുമെതിരെ സുതാര്യമായല്ലാതെയും നിയമപരമായ കാരണങ്ങൾ നിരത്താതെയും എൻഎസ്എ ചുമത്തിക്കൊണ്ട് പ്രയോഗത്തിൽ വരുത്തിയിരിക്കുന്നു.
1919–20 കാലഘട്ടത്തിൽ പഞ്ചാബിൽ ബ്രിട്ടീഷ് ഭരണകൂടം പത്രപ്രവർത്തകരെയും പത്രസ്വാതന്ത്ര്യത്തെയും ക്രൂരമായി അടിച്ചമർത്തുന്നതിനെ ഗാന്ധി വിശേഷിപ്പിച്ചത് “ഡയറിസത്തിന്റെ” ഒരു ഭയാനകമായ പ്രകടനമായിട്ടാണ്. ജാലിയൻ വാലാബാഗിൽ നൂറുകണക്കിന് ആളുകളുടെ കൂട്ടക്കൊല സൃഷ്ടിച്ചത് അതേ ഡയറിസമാണ്. “ഭയത്തിന്റെ സിദ്ധാന്തം” എന്ന് ഗാന്ധിജി വിളിച്ച, ഡയറിസത്തിലൂടെ പത്രസ്വാതന്ത്ര്യം ഉൾപ്പെടെ പൗരസ്വാതന്ത്ര്യങ്ങൾ തകർക്കുന്ന പഞ്ചാബിലെ ഭരണകൂടത്തെ പരാജയപ്പെടുത്താൻ ഓരോ സ്ത്രീ പുരുഷന്മാരിൽ നിന്നും കുട്ടികളിൽ നിന്നും അചഞ്ചലമായ ധീരത ആവശ്യമാണെന്ന് അദ്ദേഹം എഴുതുകയുണ്ടായി. 1919–20 കാലഘട്ടത്തിൽ പഞ്ചാബിൽ ബ്രിട്ടീഷ് അടിച്ചമർത്തലുമായി ബന്ധപ്പെട്ട ഡയറിസത്തിന്റെ അക്രമാസക്ത മനോഭാവവും ഭയസിദ്ധാന്തവും പ്രതിഷേധിക്കുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്തും അക്രിതിക്കും സത്യത്തിനും എതിരെ എൻഎസ്എ ചുമത്തിയും ഇപ്പോൾ നോയിഡയിൽ ആവർത്തിക്കപ്പെടുകയാണ്. ജനാധിപത്യപരമായ വിയോജിപ്പുകളെ കുറ്റകരമാക്കുകയും തൊഴിലാളികൾ, സാമൂഹ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെ ക്രൂരനിയമങ്ങൾ ആയുധമാക്കുകയും ചെയ്യുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് നിശബ്ദമായി നോക്കിയിരിക്കാൻ കഴിയില്ല. ഭരണഘടനാ അവകാശങ്ങൾ, പൗരസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, ജനാധിപത്യരീതിയിലുള്ള പ്രതിഷേധം എന്നിവ സംരക്ഷിക്കുകയെന്നത് ഇന്ന് ഇന്ത്യയുടെ ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനില്പിന് അനിവാര്യമായിരിക്കുന്നു. അതിനാൽ, കഴിഞ്ഞ 12 വർഷമായി ബിജെപി ഭരണകൂടം അഴിച്ചുവിടുന്ന വ്യവസ്ഥാപിത ആക്രമണത്തിൽ നിന്നും സ്വേച്ഛാധിപത്യ പ്രവണതകളിൽ നിന്നും ഭരണഘടനയെയും ജനാധിപത്യത്തെയും ഇന്ത്യയുടെ ആശയത്തെയും പ്രതിരോധിക്കുന്നതിന് ഗാന്ധിജിയുടെ വാക്കുകളിൽ പറഞ്ഞാൽ, നാം അചഞ്ചലമായ ധീരത പ്രകടിപ്പിക്കേണ്ടതുണ്ട്.