26/05/2021
കൊല്ലം ജില്ലയില്‍ കോവിഡ് വ്യാപകമായി പടര്‍ന്നു പിടിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് വെട്ടിക്കവല ഗ്രാമപഞ്ചായത്ത്. രണ്ടാം തരംഗത്തില്‍ കോവിഡ് വ്യാപനവും മരണനിരക്കും ഉയരുന്ന സാഹചര്യത്തില്‍ സന്നദ്ധ-രാഷ്ട്രീയ പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരേയും ഏകോപിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി വരികയാണ്.നിശ്ചിത ഇടവേളകളില്‍ സര്‍ക്കാരും വിവിധ വകുപ്പുകളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും നമ്മുടെ പഞ്ചായത്തിന്‍റെ പ്രാദേശികസ്വഭാവത്തിനനുസരിച്ച് ഗ്രാമപഞ്ചായത്ത് തനതായ നിലയിലും വിവിധ പദ്ധതികളാണ് കോവിഡ് നിയന്ത്രണത്തിനായി നടപ്പാക്കി വരുന്നത്.
ഇന്നത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗ്രാമപഞ്ചായത്തില്‍ ആകെ 31 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പുതിയതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ നമ്മുടെ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകള്‍ 2002 ആണ്. ഇതില്‍ 1605 ആളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണം 22 ആയിട്ടുണ്ട്. നിലവില്‍ പോസിറ്റീവ് ആയി തുടരുന്നവര്‍ 375 ആണ്. ഇതില്‍ 34 ആളുകള്‍ സ്ഥാപനചികിത്സയിലും 341 ആളുകള്‍ ഗൃഹനിരീക്ഷണത്തിലുമാണ്. സ്ഥാപനചികിത്സയിലുള്ളവരില്‍ 6 പേര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ള തലച്ചിറ കോവിഡ് ഡൊമിസിലിയറി സെന്‍ററിലാണുള്ളത്.
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്‍റെ കോട്ടവട്ടം നോര്‍ത്ത്, കടുവാപ്പാറ, കമുകിന്‍കോട്, തലച്ചിറ ഈസ്റ്റ്, വെട്ടിക്കവല, സദാനന്ദപുരം തുടങ്ങി ഏതാനും വാര്‍ഡുകളില്‍ കോവിഡ്രോഗം വ്യാപകമായി പടര്‍ന്നുപിടിക്കുന്നതായി പരിശോധനകളില്‍ ബോദ്ധ്യപ്പെട്ടിരിക്കുന്നു. അപൂര്‍വ്വവും അപകടകരവുമായ ബ്ലാക്ക്ഫംഗസ് രോഗവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ഈ പ്രദേശങ്ങളില്‍ മാത്രം കഴിഞ്ഞദിവസം വരെ പോസിറ്റീവായി 232 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നിരവധി കോവിഡ് മരണങ്ങള്‍ സംഭവിക്കുകയും ചെയ്യപ്പെട്ടതില്‍ നിന്നും ഈ പ്രദേശങ്ങളില്‍ കോവിഡ് അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുന്ന സൂചനയാണ് നല്‍കുന്നത്. കാലവര്‍ഷം ശക്തിപ്പെടുന്നതുമൂലം വൈറസ് വ്യാപനം അതിരൂക്ഷമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി നമ്മുടെ പഞ്ചായത്തിന്‍റെ 2- ഉളിയനാട് ഈസ്റ്റ്, 3- വെട്ടിക്കവല, 8- തലച്ചിറ ഈസ്റ്ര്, 11- കോട്ടവട്ടം നോര്‍ത്ത്, 12- കോട്ടവട്ടം, 13- കോക്കാട് നോര്‍ത്ത്, 14-കോക്കാട്, 15-കടുവാപ്പാറ, 16- കമുകിന്‍കോട്, 17-നിരപ്പില്‍, 19-മടത്തിയറ, 21- സദാനന്ദപുരം എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സര്‍ക്കാരും പോലീസ് -ആരോഗ്യവകുപ്പുകളും ഗ്രാമപഞ്ചായത്തും നിരന്തരം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നതുവഴി വ്യക്തികള്‍ നാടിനെ അപകടത്തിലേക്ക് തള്ളിവിടുന്നത് കര്‍ശനമായി നേരിടാന്‍ വിവിധ വകുപ്പുകള്‍ക്ക് ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ വാര്‍ഡ് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കര്‍ശനമായും വീടുകളില്‍ തുടരേണ്ടതാണ്. യാതൊരു കാരണവശാലും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 60 വയസ്സിനു മേല്‍ പ്രായമുളളവരും വീടിനു പുറത്തിറങ്ങാന്‍ പാടില്ല.
കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കും ലോക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവര്‍ക്കുമെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരം നടപടി സ്വീകരിക്കുന്നതും പിഴ ചുമത്തുന്നതുമാണ്.
പനി, ചുമ, തൊണ്ടവേദന, ശ്വാസമെടുക്കുന്നതില്‍ പ്രയാസം നേരിടല്‍, ക്ഷീണം എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ കര്‍ശനമായും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കേണ്ടതും ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്.
അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങേണ്ടി വരുന്നവര്‍ ഏറ്റവും അടുത്തുള്ള സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിന് ശ്രമിക്കേണ്ടതാണ്. കോവിഡ് ലക്ഷണം പ്രകടിപ്പിക്കുന്ന വ്യക്തികളെ ടെസ്റ്റിനു വിധേയമാക്കുകയും വീടുകളില്‍ ക്വാറന്‍റൈന്‍ സൗകര്യമില്ലെങ്കില്‍ മതിയായ സൗകര്യമൊരുക്കുന്നതിന് വാര്‍ഡുമെമ്പറുടേയോ വാര്‍ഡുതല സമിതികളുടേയോ ചുമതലപ്പെടുത്തിയ സന്നദ്ധപ്രവര്‍ത്തകരുടേയോ സഹായം തേടുകയും ചെയ്യേണ്ടതാണ്. രോഗീസമ്പര്‍ക്കമുള്ള മുഴുവന്‍ ആളുകളും കര്‍ശനമായും ക്വാറന്‍റൈനില്‍ കഴിയുകയും വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യണം.
വിവാഹം, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് അനുവദനീയമായ എണ്ണം ആളുകളെ കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ.
സോപ്പ്, സാനിട്ടൈസര്‍ എന്നിവയുടെ ഉപയോഗം നിര്‍ബന്ധമായും ശീലമാക്കുകയും വേണം.
മൂക്കും വായും മറയുന്ന വിധത്തില്‍ ഇരട്ടമാസ്ക് ധരിക്കുകയും നിശ്ചിത ഇടവേളകളില്‍ പുതിയ മാസ്ക് ധരിക്കുകയും ചെയ്യണം. ദീര്‍ഘകാലം ഒരേ മാസ്ക് ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നമ്മള്‍ 2 എണ്ണം ആംബുലന്‍സുകളും 2 എണ്ണം ആട്ടോടാക്സികളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. കോവിഡ്കാലത്ത് ഭക്ഷണം ആവശ്യമുള്ളവരുടെ ഒരു പട്ടിക നമ്മള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് 84 പേര്‍ക്കാണ് ജനകീയഹോട്ടല്‍ വഴി ഭക്ഷണം എത്തിച്ചു നല്‍കിയിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ സേവനമാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരും വാര്‍ഡുതല സമിതി അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഈ അവസരത്തില്‍ മുന്നണിപ്പോരാളികളായ മുഴുവന്‍ പേരേയും അഭിനന്ദിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന മുഴുവന്‍ പേരുടേയും ആരോഗ്യത്തില്‍ നമുക്ക് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കാരണം നമ്മുടെ പോരാളികള്‍ തളര്‍ന്നുപോയാല്‍ നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും നാം മഹാമാരിക്കു കീഴ്പ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും. അത് ഒഴിവാക്കുന്നതിന് കര്‍മ്മരംഗത്തു നില്‍ക്കുന്ന മുഴുവന്‍പേര്‍ക്കും വാക്സിന്‍ ലഭിച്ചു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആയതിന് നമ്മുടെ 18 മുതല്‍ 44 വയസ്സുവരെയുള്ള, ഇനിയും വാക്സിനേഷന്‍ ലഭിച്ചിട്ടില്ലാത്ത ആര്‍ആര്‍റ്റി വോളന്‍റിയര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, ജാഗ്രതാ സമിതി അംഗങ്ങള്‍, വാര്‍ഡുതലസമിതി അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ വര്‍ക്കേഴ്സ് എന്നിവര്‍ കോവിഡ്-19 എന്ന സൈറ്റില്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതും പേര്, ഫോണ്‍ നമ്പര്‍, പുരുഷനോ സ്ത്രീയോ, ജനനത്തീയതി, ആധാര്‍ നമ്പര്‍, കോവിന്‍ രജിസ്റ്റര്‍ ഐഡി, ആര്‍ആര്‍റ്റി വോളന്‍റിയര്‍/ഹരിതകര്‍മ്മസേനാംഗം/ജാഗ്രതാ സമിതി അംഗം/വാര്‍ഡ് തല സമിതി അംഗം തുടങ്ങിയവയില്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്നീ വിവരങ്ങള്‍ നാളെ 10 മണിക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മുഖേന ഓഫീസിലെത്തിക്കേണ്ടതാണ്. ആയത് വാക്സിനേഷന്‍ മുന്‍ഗണന നിശ്ചയിക്കുന്നതിന് വേണ്ടിയായതിനാല്‍ സമയത്തില്‍ മാറ്റമുണ്ടായിരിക്കുന്നതല്ല എന്ന വിവരം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
മറ്റൊരു പ്രധാന വിഷയം കാലവര്‍ഷാരംഭമാണ്. കാലവര്‍ഷം ശക്തമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുകയും കാറ്റും മഴയും ശക്തി പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമപ്രദേശവും റബ്ബര്‍തോട്ടങ്ങളും ഇടതൂര്‍ന്ന വൃക്ഷ സമ്പത്തും ഉള്ള ഒരു പഞ്ചായത്ത് എന്ന നിലയില്‍ വൃക്ഷശിഖരങ്ങളും വൃക്ഷങ്ങളും വീണ് അപകടം സംഭവിക്കാവുന്ന പ്രദേശമാണ് നമ്മുടേത്. ഗ്രാമപഞ്ചായത്തില്‍ ലഭിക്കുന്ന പരാതികളില്‍ ബഹുഭൂരിപക്ഷവും അപകടകരമായ നിലയിലുള്ള വൃക്ഷങ്ങളെ സംബന്ധിച്ചുള്ളതാണ്. അപകടകരമായ നിലയിലുള്ള വൃക്ഷങ്ങള്‍ വീണ് ജീവനോ സ്വത്തിനോ അപകടമുണ്ടാകുന്ന പക്ഷം മുഴുവന്‍ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദി വൃക്ഷത്തിന്‍റെ ഉടമയായിരിക്കുമെന്നും അവര്‍ നിയമനടപടികള്‍ക്കു വിധേയരാകേണ്ടി വരുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുമ്പു തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ പരാതിയുള്ളതും അല്ലാത്തതുമായ, അപകടകരമായ നിലയിലുള്ള വൃക്ഷശിഖരങ്ങളും വൃക്ഷങ്ങളും ഉടമകളുടെ ഉത്തരവാദിത്തത്തില്‍ അടിയന്തിരമായി മുറിച്ചുനീക്കി അപകടാവസ്ഥ ഒഴിവാക്കേണ്ടതാണ് എന്ന് അറിയിക്കുകയാണ്.
കാലവര്‍ഷത്തില്‍ വീടുകളും മറ്റും തകരുകയോ തകര്‍ച്ചയുടെ വക്കിലെത്തുകയോ ചെയ്യപ്പെട്ടവരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനുളള ത്വരിതഗതിയിലെ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ഏര്‍പ്പെട്ടുവരികയാണ്. ആയതിന്‍റെ പുരോഗതി വിവരം അടുത്ത ദിവസം നിങ്ങളെ അറിയിക്കുന്നതാണ്.