23/03/2026
മഞ്ചേശ്വരം; പറയാൻ ബാക്കിവെച്ചത്
സംസ്ഥാനത്ത് നിയമസഭാ ഇലക്ഷനിൽ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണക്കാത്തതും മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചതുമാണ് ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. കറകളഞ്ഞ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ജനകീയ ബദൽ ഉണ്ടാവണമെന്ന് ക്ലാസെടുത്തവർ വരെ യുഡിഎഫിന് വോട്ടെല്ലാം മറിച്ച് നൽകണമെന്ന് ഉപദേശം നൽകുന്നു. അതെല്ലാം അവിടെ നിക്കട്ടെ..
ബിജെപിക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ എസ്ഡിപിഐ പൊതുവേ മത്സരിക്കൽ കുറവാണ്. അവിടങ്ങളിൽ സർവ്വേ നടത്തി ജയസാധ്യത കൂടിയ സ്ഥാനാർത്ഥിയെ പിന്തുണക്കാറാണ് പതിവ്. അതും പരസ്പരമുള്ള ധാരണപ്രകാരമാണ് പിന്തുണക്കാറുള്ളത്. അത് പിന്തുണക്കുന്ന കക്ഷി എല്ലാം തികഞ്ഞവർ ആയത് കൊണ്ടല്ല; ബിജെപിയേക്കാൾ ഭേദം തൊമ്മൻ എന്നത് കൊണ്ടാണ്.
ബിജെപിയുടെ സാധ്യതപറഞ്ഞ് എസ്ഡിപിഐ വോട്ടുകളെല്ലാം തങ്ങളുടെ അക്കൗണ്ടിലേക്ക് വരവ് വെക്കാം എന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഇരു മുന്നണികളുടെയും നിലപാടിൻ്റെ ഭാഗമായി ഓരോ തവണയും ബിജെപി സാധ്യതയുള്ള മണ്ഡലങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്. ഈ മണ്ഡലങ്ങളിൽ ഒന്നിലും ഇരു മുന്നണികളും ബിജെപിയെ തോൽപ്പിക്കാൻ പരസ്പരം സഹകരിക്കുന്നില്ല താനും.
ഓരോ തവണയും ബിജെപിയുടെ സാധ്യതാ മണ്ഡലങ്ങളുടെ എണ്ണം വർധിക്കുകയും അവിടങ്ങളിലൊക്കെ ബിജെപിയെ തോൽപ്പിക്കാൻ മറ്റു കക്ഷികൾക്ക് ഏകപക്ഷീയമായി പിന്തുണ കൊടുക്കുകയുമാണ് എസ്ഡിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ ചെയ്യേണ്ടത് എന്നാണ് ഇക്കൂട്ടർ പറയുന്നത്. അങ്ങിനെ തങ്ങൾക്ക് ഭീഷണിയായി ഉയർന്നു വരാൻ ഇടയുള്ള രാഷ്ട്രീയ മുന്നേറ്റത്തെ പതിയെ ഇല്ലാതാക്കാം എന്നും അവർ കണക്ക് കൂട്ടുന്നു.
തങ്ങൾ വോട്ട് വേണ്ടെന്ന് പറഞ്ഞാലും എത്ര ആക്ഷേപിച്ചാലും എസ്ഡിപിഐ വോട്ട് തങ്ങൾക്ക് തന്നെ ലഭിക്കും എന്ന ഒരു ആത്മവിശ്വാസം കോൺഗ്രസിനും ലീഗിനും ഉണ്ടായിരുന്നു. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ തങ്ങളുടെ വലയത്തിലല്ല കാര്യങ്ങൾ എന്ന് അവർ തിരിച്ചറിയുകയാണ്.
കഴിഞ്ഞ ലോക്കൽ ബോഡി ഇലക്ഷനിൽ എസ്ഡിപിഐയെ ഇല്ലാതാക്കാൻ സകല നാറിയ കളിയും കളിച്ചവരാണ് യുഡിഎഫ്. NIA വരും ED വരും എന്നൊക്കെ പറഞ്ഞു സ്ത്രീകളിലും ബിസിനസ് കാർക്കിടയിലും ഭീതി പരത്തിയതടക്കം യുഡിഎഫിന് ചെയ്യാവുന്ന മാക്സിമം പാരകൾ കോടികൾ ചിലവാക്കി അവർ നടപ്പിലാക്കി. പക്ഷേ, അതിനൊക്കെ അതിജീവിച്ച് എസ്ഡിപിഐ കഴിഞ്ഞ പ്രാവശ്യത്തെ 102 സീറ്റുകളിൽ തന്നെ ഫിനിഷ് ചെയ്തു.
മറ്റൊന്ന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ ഉൾപ്പെടെ എസ്ഡിപിഐ യുഡിഎഫിനെ നിരുപാധികം പിന്തുണച്ചു. അവിടെയും സതീശനെന്ന അഹങ്കാരി എസ്ഡിപിഐ വോട്ടിൽ കിട്ടിയ സ്ഥാനങ്ങൾ രാജിവെപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തത്.
ബിജെപി പിന്തുണയിൽ ലീഗും കോൺഗ്രസും പല സ്ഥലങ്ങളിലും അധികാരം കയ്യാളുന്നുണ്ട് എന്നത് കൂടി ചേർത്ത് വായിക്കണം.. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞത് സതീശനാണ്. അതിതുവരെ സതീശൻ മാറ്റിപറഞ്ഞതായി അറിവില്ല..
കഴിഞ്ഞില്ല. ഇപ്പോൾ വലിയ കോലാഹലം നടക്കുന്ന മഞ്ചേശ്വരത്തെ എംഎൽഎ എകെഎം അഷറഫ് ഉൾപ്പെടെ വോട്ടെടുപ്പ് കഴിഞ്ഞാൽ പറ്റാവുന്ന എല്ലാ ദ്രോഹങ്ങളും പാർട്ടിക്കെതിരെ ചെയ്യുന്നവനാണ്. കഴിഞ്ഞ ലോക്കൽ ബോഡി ഇലക്ഷനിൽ എസ്ഡിപിഐ ജയം തടയാൻ ബിജെപിയുമായി കൂട്ടുകൂടുക വരെ ചെയ്തിട്ടുണ്ട്. അപ്പൊൾ രാഷ്ട്രീയമായി ചില തീരുമാനങ്ങൾ എടുക്കാൻ എസ്ഡിപിഐക്കും അവകാശമില്ലേ.
കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ പരസ്പരമുള്ള ധാരണപ്രകാരമാണ് യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. പത്രിക സമർപ്പിക്കാനുള്ള അവസാന സമയവും കഴിഞ്ഞു മിനിറ്റുകൾക്കകം ആ ധാരണയെ അപ്രസക്തമാക്കി സതീശൻ എസ്ഡിപിഐയേ തള്ളിപ്പറഞ്ഞു വലിയ വഞ്ചന ചെയ്തു. ഇപ്പോഴും പലരും സംസാരിക്കുന്നു. നിരുപാധിക പിന്തുണ വേണം. പക്ഷേ, പുറത്ത് പറയാൻ പറ്റില്ല.
യുഡിഎഫിനെ എന്തിന്റെ പേരിലാണ് എസ്ഡിപിഐ പിന്തുണക്കേണ്ടത്? ഞങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞവർക്ക് വോട്ട് ചെയ്യാതിരിക്കാനും ആ വോട്ട് സ്വന്തമായി സ്വരൂപിക്കാനും എസ്ഡിപിഐക്ക് അവകാശമില്ലേ.
ഇനി എസ്ഡിപിഐ പിന്തുണച്ചുവെന്നിരിക്കട്ടെ. അഥവാ യുഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ സതീശൻ രാജിവെപ്പിക്കില്ലേ? അങ്ങനെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരില്ലേ. സതീശൻ്റെ കിഴങ്ങത്തരത്തിന് നിന്ന് കൊടുക്കാൻ എസ്ഡിപിഐക്ക് മനസ്സില്ല.
സൗജന്യ ഉപദേശകരോടാണ്. ഈ ഉപദേശം ഒരിക്കലെങ്കിലും സതീശനോടും സംഘത്തോടും നടത്തിയിരുന്നെങ്കിൽ എത്ര നന്നായേനെ. ഞങ്ങളുടെ തുടക്കം മുതൽ തന്നെ ഞങ്ങളെ ഇല്ലാതാക്കാൻ നോക്കിയവരാണ് നിങ്ങൾ. നിലപാടിൻ്റെ തനിമകൊണ്ടും സത്യസന്ധത കൊണ്ടുമാണ് ഞങ്ങൾ ഈ മുന്നേറ്റത്തെ ഇവിടെ കൊണ്ടെത്തിച്ചത്. ആ ആത്മാർഥതയെ അനുഭവിച്ച് അറിഞ്ഞവർ ഞങ്ങൾക്കൊപ്പമുണ്ട്. നിങ്ങളുടെ നാരദപ്പണി കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.
ആരുടേയും തിണ്ണ നിരങ്ങാൻ തൽക്കാലം ഞങ്ങൾ തീരുമാനിച്ചിട്ടില്ല. അതിൽ വരുന്ന നഷ്ടങ്ങൾ ഞങ്ങളങ്ങു സഹിച്ചു..
- ഇർഷാദ് മൊറയൂർ