മറവന്‍തുരുത്ത്.. വേദങ്ങളുടെ തുരുത്ത് ......എന്റെയും നിങ്ങളുടെയും ജീവന്റെ ജീവനായ കൊച്ചുഗ്രാമം. ലോകത്തിന്റെ ഏതു കോണില്‍ പോയാലും ദൈവത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ഈ അമ്മമലയാളം നമ്മളെ അതിന്റെ മടിത്തട്ടിലേക്കു മാറിമാറി വിളിക്കും. ദൈവത്തിന്റെ സ്വന്തം നാടെന്ന വിളിപ്പേരു എന്തുകൊണ്ടും നമ്മുടെ ഗ്രാമത്തിനു ചേര്‍ന്നതാണെന്നതില്‍ നമുക്ക് അഭിമാനിക്കാം.മൂവാറ്റുപുഴയാറിന്റെ കൈകള്‍ നാലുചുറ്റും സംരക്ഷണവലയം തീര്‍ത്തിരിക്ക
ുന്നു. നാടിന്റെ സൗന്ദര്യവും, നിലനില്‍പ്പും എന്നും നിറഞ്ഞൊഴുകുന്ന ഈ നദിയെ ആശ്രയിച്ചാണ്.
മൂവാറ്റുപുഴയാറിന്റെ സാന്നിധ്യം കൊണ്ടു തന്നെ പച്ചപ്പു പുതച്ചാണ് നാടിന്റെ കിടപ്പു. എവിടെ തിരിഞ്ഞു നോക്കിയാലും പാടങ്ങള്‍, തോടുകള്‍, കൈവഴികള്‍ തോടുകള്‍ക്കു കുറുകെ തടിപ്പാലങ്ങള്‍ അങ്ങിനെ എണ്ണമറ്റ സൗന്ദര്യക്കാഴ്ചകള്‍ എത്രയെത്ര...വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നാടിനെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ പാലങ്ങള്‍ നിരവധിയുണ്ട്. പാലാംകടവിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ബ്രിഡ്ജ്, പഞ്ഞിപ്പാലം, തട്ടാവേലിപ്പാലം, പൊട്ടന്‍ചിറപ്പാലം അങ്ങിനെ നമ്മുടെ യാത്രകള്‍ എന്നും സുഖകരം തന്നെയാണ്. ഇതിലൂടെയുള്ള യാത്ര എറണാകുളം-കോട്ടയം റൂട്ടില്‍ പോകുന്നവര്‍ക്ക് 12 കിലോമീറ്റര്‍ ഡ്രെവിംഗിന്റെ ലാഭവും നല്‍കുന്നുണ്ട്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്്, മൃഗാശുപത്രി, കൃഷിഭവന്‍, ഹെല്‍ത്ത് സെന്റര്‍ എല്ലാം നമുക്ക് കാല്‍ച്ചുവടുകള്‍ മാത്രം അകലെയാണ്.
മതസൗഹാര്‍ദ്ദത്തിനു മറ്റുള്ളവര്‍ക്കു മാതൃകകൂടിയാണ് ഈ നാട്. ഇന്നു വരെ ഒരു മതസ്പര്‍ദ്ധ പോലും നമുക്കിടയിലുണ്ടായിട്ടില്ല. ഇത്തരം കടന്നുകയറ്റങ്ങളെ എന്നും തടയാന്‍ നമ്മള്‍ എന്നും സജ്ജരുമാണ്. മേല്‍പ്പറമ്പത്ത് ക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം,വാക്കയില്‍ ക്ഷേത്രം, യാക്കോബിറ്റ്, ഓര്‍ത്തഡോക്‌സ്, സി. എസ്. ഐ പള്ളികള്‍. പാലാംകടവിലെയും, മറവന്‍തുരുത്തിലെയും മസ്ജിദുകള്‍.... അങ്ങിനെ നമ്മുടെ വിശ്വാസത്തിന്റെ ഗോപുരങ്ങള്‍ പടര്‍ന്നു കിടക്കുന്നു. എല്ലാ ആഘോഷവും ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ തന്നെ ഒരുമിച്ചു ആഘോഷിക്കുന്നു. 85-90 ശതമാനം പേരും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. മുന്‍കാലത്തില്‍ നിന്നും വ്യത്യസ്ഥമായി നിരവധി യുവാക്കള്‍ തൊഴില്‍തേടി പ്രവാസികളാകുന്നുണ്ട്. ഇവര്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തിനു ഒരു സല്യൂട്ട് നല്‍കാതെ വയ്യ...
രാഷ്ട്രീയത്തില്‍ പുരോഗമന പ്രസ്താനങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണെങ്കിലും തിരഞ്ഞെടുപ്പുകളില്‍ ചാഞ്ചാട്ടങ്ങള്‍ കാണിക്കാറുണ്ട്. വികസനം എത്തുന്നില്ല എന്ന് മുറവിളി കൂട്ടാറുണ്ടെങ്കിലും ഗ്രാമത്തിന്റെ നന്മ എന്നും നിലനില്‍ക്കാന്‍ നമ്മള്‍ എന്നും പഴഞ്ചരാവുക തന്നെയാണ് ഒരുപക്ഷേ നല്ലത്. പക്ഷേ ജപ്പാന്‍ കുടിവെള്ള പദ്ധതിയും പണിതിട്ടും പണിതിട്ടും പണി തീരാത്ത റോഡും ഈ ഗ്രാമത്തിനു ശാപമായി മാറിയിട്ടുണ്ടെന്നത് പറയാതെ വയ്യ. പക്ഷേ അടുത്തിടെ നമ്മുടെ സമാാധാനം തകര്‍ത്തുകൊണ്ടു വര്‍ഗ്ഗീയ ദുഷ്ടശക്തികളുടെ കടന്നുകയറ്റങ്ങളുണ്ടാകുന്നുണ്ട്. ഇവര്‍ക്കെതിരെയുള്ള പോരാട്ടത്തിനു കൂടി ഈ പേജ് വേദിയാകട്ടെ. ഒപ്പം മറവന്‍തുരുത്തിലെ ഓരോ ചലനങ്ങളും, വാര്‍ത്തകളും, ചിത്രങ്ങളും ഞങ്ങള്‍ നിങ്ങളിലെത്തിക്കുന്നു