04/09/2026
കേരള പോലീസ് വിദ്യാർഥി വേട്ട അവസാനിപ്പിക്കുക DYFI
ആർഎസ്എസിന് കീഴടങ്ങുന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വേട്ടയാടുന്ന സമീപനമാണ് കേരള പോലീസ് തുടരുന്നത്.
കേരള യൂണിവേഴ്സിറ്റിയിലെ പോലീസ് നടപടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച
വിദ്യാർഥികൾക്ക് നേരെ ക്രൂരമായ മർദ്ദനമുറകൾ അഴിച്ചുവിട്ട പോലീസ് വിദ്യാർത്ഥി പ്രവർത്തകരുടെ പേരിൽ കള്ളക്കേസ് ചുമത്തുകയാണ്.
പോലീസ് മർദ്ദനത്തിൽ പരിക്കുപറ്റി ചികിത്സയിൽ കഴിയുകയും അവർക്ക് കൂട്ടിരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെ ആശുപത്രിയിൽ കയറി അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് സാഹചര്യം മാറിയിരിക്കുകയാണ്.അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലുള്ള പോലീസ് വേട്ടയാണ് തിരുവനന്തപുരത്ത് വിദ്യാർത്ഥി പ്രവർത്തകർക്കു നേരെ നടക്കുന്നത്. ക്രൂരമായ
പോലീസ് മർദ്ദനത്തിൽ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി പ്രവർത്തകർക്ക് കൂട്ടിരുന്ന എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ് കെ ആദര്‍ശ്, ടോണി കുര്യാക്കോസ് എന്നിവരെയാണ് പോലീസ് ആശുപത്രിയില്‍ കയറി അറസ്റ്റ് ചെയ്തത്.
മാത്രമല്ല അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ സമരവുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ കൊണ്ടുപോവാതെ നഗരത്തിന് പുറത്തുള്ള തുമ്പ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതും ദുരൂഹമാണ്.
വിദ്യാർത്ഥികളെ ക്രൂരമായ മർദ്ദനത്തിന് വിധേയമാക്കാനുള്ള ഗൂഢനീക്കം ഇതിനു പുറകിൽ ഉണ്ട്.
പല വിദ്യാർഥികളുടെയും വീടുകളിൽ പോലീസ് കയറിയിറങ്ങുന്ന സാഹചര്യമുണ്ട്.
ഈ രീതിയിൽ പോലീസ് രാജ് നടപ്പിലാക്കി വിദ്യാർത്ഥി സമരങ്ങളെയും പ്രതിഷേധങ്ങളെയും ഇല്ലായ്മ ചെയ്യാം എന്നത് വ്യാമോഹം മാത്രമാണ്. സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്.
വിദ്യാർത്ഥി പ്രവർത്തകരെ തീവ്രവാദികളെ പോലെ വേട്ടയാടുന്ന പോലീസ് നയം തുടരുകയാണെങ്കിൽ കേരളത്തിലെ യുവജനങ്ങൾ അതിശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങും.
വിദ്യാർഥികളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും കേരള പോലീസ് വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.