10/05/2021
മൺമറഞ്ഞ് പോവാത്ത ഓർമ്മകൾ....
എല്ലാ മെയ് മാസങ്ങളിലും ചുവന്ന് പൂക്കുന്ന, വടകര അഗ്നി രക്ഷാനിലയത്തിലെ മുറ്റത്തെ "മെയ്ഫ്ളവറി "ന്റെ ചുവട്ടിൽ ഒരു സ്മാരകമുണ്ട്... വർഷങ്ങൾക്ക് മുമ്പ് ഒരു "മെയ് 11'' ന്റെ വൈകുന്നേരം സംഭവിച്ച ഒരു കിണർ ദുരന്തത്തിന്റെ ഓർമ്മകൾ കനത്ത് നിൽക്കുന്നൊരു സ്മാരകം... അപകട ശേഷം, സ്വയം സുരക്ഷയെക്കുറിച്ച് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും സഹജീവി സ്നേഹത്തിന്റെ ഉൾക്കരുത്തിൽ രക്ഷാദൗത്യവുമായ്, ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, ആ ദുരന്തത്തിൻ്റെ അതിജീവന ശ്രമത്തിൽ മരണം വരിക്കേണ്ടി വന്ന മൂന്ന് ധീര രക്തസാക്ഷികളുടെ സ്മരണകൾ ജ്വലിച്ച് നിൽക്കുന്നൊരു സ്മാരകം...
കേരള അഗ്നിശമന സേനയുടെ ചരിത്രത്തിലെ തന്നെ വേദന നിറഞ്ഞ രോർമ്മയാണ് വടകര- വെള്ളികുളങ്ങര കിണർ ദുരന്തം.2002 മെയ് 11 നുണ്ടായ ഈ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ പൊലിഞ്ഞ് പോയ സേനയിലെ ധീരരായ മൂന്ന് പേർ -എം ജാഫർ, ബി.അജിത്കുമാർ, കെ.കെ രാജൻ.ഇവരുടെ ജീവനും ജീവിതവും സ്വപ്നങ്ങളും കിണറാഴങ്ങളിലെ മണ്ണടരുകൾക്കുള്ളിൽ മാഞ്ഞ് പോയിട്ട് 2021 മെയ് 11ന് 19 വർഷങ്ങൾ പൂർത്തിയാവുന്നു.
'കോഴിക്കോട് ജില്ലയിലെ 'വടകര ഫയർസ്റ്റേഷൻ നിലയത്തിന്റെ ദൂരപരിധിയിൽപ്പെട്ട വെള്ളികുളങ്ങര എന്ന സ്ഥലത്തു വെച്ചാണ് 2002 മെയ് 11ന് 4.20 ഓടു കൂടി കിണറിടിഞ്ഞ് 3 പേർ മണ്ണിനടയിൽ അകപ്പെട്ടത്. അവിടെ നിന്നുള്ള സഹായവിളിയെ തുടർന്ന് സംഭവസ്ഥലത്ത് കുതിച്ചെത്തിയ വടകര നിലയത്തിൽ നിന്നുമുള്ള സേനാംഗങ്ങൾ മുക്കാൽ ഭാഗത്തോളം ഇടിഞ്ഞുതാണ കിണറ്റിൽ നിന്നും ഒരാളെ അതിസാഹസികമായ് രക്ഷപ്പെടുത്തുകയും മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തിനിടയിൽ നിർഭാഗ്യകരമായ്.വീണ്ടും മണ്ണിടിഞ്ഞ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ കൂടി മണ്ണിനടയിൽ അകപ്പെടുകയായിരുന്നു
ഫയർഫോഴ്സുകാർ അറ്റന്റ് ചെയ്യുന്ന നൂറ് കണക്കിന് കോളുകളിൽ വല്ലപ്പോഴും സംഭവിക്കുന്ന ചെറിയ പോരായ്മകളെ രൂക്ഷമായ് വിമർശന വിധേയമാക്കി പർവ്വതീകരിച്ചും സേനയുടെ സേവനങ്ങളെ നിസാരവൽക്കരിച്ചും കാട്ടുന്നവരെ - ഒന്നോർക്കുക;ഉറപ്പുള്ള നാല് ചുമരുകളുടെ സുരക്ഷിതത്വത്തിലോ ഇസ്തിരിത്തിളക്കത്തിലോ കറങ്ങുന്ന ഫാനിന്റെ ചുവട്ടിൽ സുഖസുഷുപ്തിയിലോ അല്ല ഒരു അഗ്നിശമന സേനാംഗത്തിന്റെയും തൊഴിലിടങ്ങൾ.... ഒരു ചെറിയ പിഴവിൽ പോലും ചിലപ്പോൾ ജീവൻ പകരം ചോദിച്ചേക്കാവുന്ന തൊഴിൽ സാഹചര്യങ്ങളിൽ, കരിപിടിച്ചും കറപിടിച്ചും മണ്ണ് പുരണ്ടും ചോര പൊടിഞ്ഞും, വെയിലേറ്റും മഴ നനഞ്ഞുമാണ് പല ദിവങ്ങളും കടന്ന് പോവുന്നത്. ചിലപ്പോഴെങ്കിലും മരണത്തെ മുഖാമുഖം പ്രതീക്ഷിച്ചും. എങ്കിലും പകലെന്നോ പാതിരാ വെന്നോ ഭേദമില്ലാതെ, വെയിലെന്നോ പേമാരിയെന്നോ നോക്കാതെ വേദനയും കണ്ണീരും നിസ്സഹായതയും കലർന്ന് സങ്കീർണ്ണമാവുന്ന, ആശങ്കകൾ നിഴലിട്ട് നിൽക്കുന്ന ഓരോ ദുരന്തമുഖത്തും ഓടിയെത്താൻ ഒരു ഫോൺ കോളിനപ്പുറം ഞങ്ങളുണ്ട്. ഓരോ സഹായ വിളിക്കും കാതോർത്ത് ജാഗ്രതയോടെ ....
വടകര- വെള്ളികുളങ്ങര കിണർ ദുരന്തത്തിന്റെ ഈ ഓർമ്മ ദിനം കേരള ഫയർ ആൻറ് റസ്കൂ സർവ്വീസിലെ ഓരോ സേനാംഗത്തിനും അവരവരുടെ കർമ്മ പഥത്തിൽ കൂടുതൽ സൂക്ഷമതയോടെയും, കാര്യക്ഷമതയോടെയും അർപ്പണബോധത്തോടെയും ഇടപെടുന്നതിന് ഉൾക്കരുത്താവട്ടെ.... വഴി വെളിച്ചമാവട്ടെ.... മരണം കൊണ്ട് ചരിത്രമെഴുതി, കർമ്മ വീഥിയിലെ ആത്മസമർപ്പണം കൊണ്ട് ജനഹൃദയങ്ങളിൽ അടയാളപ്പെട്ട് കടന്ന് പോയ ആ ധീര രക്തസാക്ഷികളുടെ മൺമറഞ്ഞ് പോവാത്ത, ജ്വലിക്കുന്ന സ്മരണകൾക്ക് മുമ്പിൽ ഒരു പിടി ഓർമ്മപ്പൂക്കൾ.....
ലതീഷ് നടുക്കണ്ടി.Fire സ്റ്റേഷൻ വടകര
Plz follow Fire station vadakara Fb page.