15/03/2017
*ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിക്കും*
മലപ്പുറത്തു ചേര്‍ന്ന മുസ്‌ലിം ലീഗ് യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്
മലപ്പുറം: ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. പാണക്കാട് വെച്ച് നടന്ന പാര്‍ലമെന്ററി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം മണ്ഡലത്തില്‍ അടുത്ത മാസം 12നാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ വേങ്ങര നിയോജക മണ്ഡലം എം.എല്‍.എയാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി രാജിവെക്കുന്നതോടെ ഇവിടെയും ഉപതെരെഞ്ഞെടുപ്പിനു കളമൊരുങ്ങും.
മലപ്പുറം ഉള്‍പ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ലോക്‌സഭയിലുള്ളത്. 1,94,739 വോട്ടുകളുടെ (സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം) ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും ഇ. അഹമ്മദ് ജയിച്ചു കയറിയത്. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍.
ബി.കോം ബിരുദവും ബിസിനസ്സില്‍ പി.ജി ഡിപ്ലോമയുമുള്ള കുഞ്ഞാലിക്കുട്ടി എം.എസ്.എഫിലൂടെയാണ് വിദ്യാര്‍ഥി രാഷ്ടീയത്തിലെത്തിയത്. മുസ്‌ലിംലീഗിന്റെ സംസ്ഥാന ട്രഷറര്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാനായാണ് പൊതുരംഗത്ത് വന്നത്. ആറു തവണ അസംബ്ലിയിലെത്തി. 1995-96 ല്‍ വ്യവസായ നഗരസഭാകാര്യ മന്ത്രിയായി. 2001-2004 എ.കെ. ആന്റണി മന്ത്രിസഭയില്‍ വ്യവസായ ഐ.ടി.സാമൂഹ്യ സുരക്ഷാ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.