16/03/2026
പ്രിയപ്പെട്ടവരെ,
കൊട്ടാരക്കര നിയമസഭാ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നെ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊട്ടാരക്കര മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയില്‍ എന്റെ പ്രിയപ്പെട്ട ജനങ്ങളുടെ വിശ്വാസത്തിനും പ്രതീക്ഷയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. .
സമാനതകളില്ലാത്ത വികസനം കൊട്ടാരക്കരയില്‍ സാധ്യമാക്കാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു. കാല് നൂറ്റാണ്ടിനപ്പുറമുള്ള കൊട്ടാരക്കരയുടെ ഭാവി ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കാനും നടപ്പിലാക്കാനും കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി ഒരു എളിയ പൊതുപ്രവര്‍ത്തകനായി ഞാന്‍ നിങ്ങളുടെ മുന്നിലുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവരികയും വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ നേതൃത്വത്തിലേക്ക് എത്തുകയും ചെയ്ത എന്റെ പൊതുജീവിതത്തിലുടനീളം വലിയ പിന്തുണയാണ് ബഹുമാന്യരായ ജനങ്ങളില്‍ നിന്ന് ലഭിച്ചത്.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ കേരളത്തില്‍ സാധ്യമാക്കിയത് വിസ്മയകരമായ വികസനമാണ്. നമ്മുടെ നാട്ടില്‍ വികസനമെത്താത്ത മേഖലകളോ ക്ഷേമമെത്താത്ത ജനവിഭാഗങ്ങളോ ഇല്ല. രണ്ടാം പിണറായി സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായി പാര്‍ട്ടി നല്കിയ ചുമതല മികച്ച നിലയില്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസവും എനിക്കുണ്ട്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലും സാമ്പത്തിക രംഗത്തെ നല്ല നിലയില്‍ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ എല്ലാ പദ്ധതികള്‍ക്കും ആവശ്യമായ പണമെത്തിച്ചു നല്‍കാനും വികസന പദ്ധതികള്‍ക്ക് മുടക്കം വരാതെ സാമ്പത്തിക പിന്തുണ നല്‍കാനും ധനവകുപ്പിന് കഴിഞ്ഞു.
കൊട്ടാരക്കരയുടെ എം.എൽ.എ എന്ന നിലയിൽ നിങ്ങളോടൊപ്പം കഴിഞ്ഞ അഞ്ചു വർഷക്കാലം ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് അവിസ്മരണീയമായ അനുഭവമായിരുന്നു. നാടിന്റെ അഭിവൃദ്ധി ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിൽ നമ്മളെല്ലാം ഒരുമിച്ചുണ്ടായിരുന്നു.
നിങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയുമാണ് എന്റെ കരുത്ത്. എന്നെ മുന്നോട്ടു നയിക്കുന്ന ഊർജവും അതാണ്.
ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എന്നെ വിജയിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ
കെ എൻ ബാലഗോപാൽ