ത്യശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ പഴയന്നൂര്‍ ബ്ളോക്കിലാണ് പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഴയന്നൂര്‍, വടക്കേത്തറ, എളനാട്, വെന്നൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിന് 59.03 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഴയന്നൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഗായത്രിപുഴ, തെക്കുഭാഗത്ത് റിസര്‍വ്വ് ഫോറസ്റ്റ്, കിഴക്കുഭാഗത്ത് കണ്ണമ്പ്ര, പുത
ുക്കോട് പഞ്ചായത്തുകള്‍, പടിഞ്ഞാറുഭാഗത്ത് ചേലക്കര, കൊണ്ടാഴി പഞ്ചായത്തുകളുമാണ്. തൃശൂര്‍ ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഹരിതഭംഗിയാര്‍ന്ന ഭൂപ്രദേശമുള്ള ഈ പഞ്ചായത്തില്‍ 22 വാര്‍ഡുകളുണ്ട്. പ്രകൃതിഭംഗി ആവോളമുള്ള വനപ്രദേശവും മലകളും, മയിലാടുംകുന്നുകളും വന്യജീവികളും പാറക്കെട്ടുകളും നിറഞ്ഞതാണ് പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍. കുന്നിന്‍ ചെരിവുകളില്‍ തേക്കും റബ്ബറും വച്ചുപിടിപ്പിച്ചിരിക്കുന്നു. തെങ്ങും കവുങ്ങും വാഴയും ഫലവൃക്ഷങ്ങളും വിശാലമായ നെല്‍പാടങ്ങളും നിറഞ്ഞ താഴ്വാരങ്ങള്‍ എന്നിവയെല്ലാം പഴയന്നൂരിന്റെ പ്രകൃതിഭംഗിയ്ക്കു മാറ്റ് കൂട്ടുന്നു. സമുദ്രനിരപ്പില്‍ നിന്നും 30 മുതല്‍ 220 മീറ്റര്‍ വരെ ഉയര്‍ന്ന കുന്നുകളിവിടെയുണ്ട്. പാറ, ചെങ്കല്ല്, ചെമ്മണ്ണ്, കറുത്ത മണ്ണ്, കളിമണ്ണ് എന്നിവയാണ് ഇവിടത്തെ മണ്ണിനങ്ങള്‍. തൃശൂര്‍ ജില്ലയുടെ കിഴക്കേയറ്റത്ത് പാലക്കാട് ജില്ലയുമായി തൊട്ടുരുമ്മി കിടക്കുന്ന പഴയന്നൂര്‍ പഞ്ചായത്ത് സമുദ്രനിരപ്പില്‍നിന്നും താരതമ്യേന ഉയര്‍ന്നതും, കാലാവര്‍ഷം വളരെ കുറഞ്ഞ തോതില്‍ ലഭിക്കുന്നതുമായ ഒരു ഭൂപ്രദേശമാണ്. 1954-ലാണ് പഴയന്നൂര്‍ പഞ്ചായത്ത് രൂപീകൃതമായത്. 1954 ഏപ്രില്‍ മാസത്തില്‍ നിലവിലിരുന്ന ഭരണസമിതിയുടെ പ്രസിഡന്റ് ആച്ചാട്ടില്‍ നാരായണന്‍കുട്ടി മേനോന്‍ ആയിരുന്നുവെന്ന് പഞ്ചായത്തുരേഖകളില്‍ കാണുന്നു.പഴയ തഞ്ചാവൂര്‍ രാജവംശത്തിലെ കൊങ്ങന്മാര്‍ അവരുടെ കൊട്ടാരത്തിലെ മധൂവിഭാഗ തലൈവന് ജന്മാവകാശം നല്‍കിയ സ്ഥലമാണ് ഇവിടമെന്ന് പറയപ്പെടുന്നു. മധുവില്‍പനക്കാരന് പഴയനെന്നാണ് തമിഴില്‍ പറയുക. ഇങ്ങനെ പഴയനു ജന്മാവകാശമായി നല്‍കിയ ഈ ഊര് ആദ്യകാലത്ത് പഴയന്നൂര് എന്നും പിന്നീട് പഴയന്നൂര്‍ എന്നും അറിയപ്പെട്ടുവെന്നാണ് സ്ഥലനാമചരിത്രം സൂചിപ്പിക്കുന്നത്. ഏതായാലും, പഴയ കൊശവംപുത്തുരിനു നേര്‍കിഴക്കാണ് പ്രകൃതിദത്തമായ പാലക്കാടന്‍ ചുരം സ്ഥിതിചെയ്യുന്നത്. പഴയകാലത്ത് വൃദ്ധിക്ഷയം വന്ന കൊച്ചിരാജാവ് പൂരാണപുരി(കാശി)യില്‍ ഭജനയിരുന്നു മടങ്ങുമ്പോള്‍ പഴയ പള്ളിപ്പുറത്തപ്പന്റെ സമീപത്തായി തന്റെ ഇഷ്ടദേവതയെക്കൂടി പ്രതിഷ്ഠിച്ചുവെന്നും തുടര്‍ന്ന് പുരാണപുരിയെന്ന് അറിയപ്പെട്ട സ്ഥലമാണ് ഇന്നത്തെ പഴയന്നൂരായതെന്ന് വിശ്വസിക്കുന്നതിന് മതിയായ തെളിവാണ് കൊച്ചിരാജ്യത്തെ പരദേവതയും രാജ്യചിഹ്നവും പഴയന്നൂര്‍ ക്ഷേത്രവുമായുള്ള ബന്ധം.
_________________________________________________________________
സാമൂഹ്യ-സാംസ്കാരിക ചരിത്രം
ആദിദ്രാവിഡ സംസ്ക്കാരവുമായി അഭേദ്യമായ ബന്ധമുള്ള പ്രദേശമാണ് പഴയന്നൂരെന്ന് ദേവിസങ്കല്പത്തില്‍ നിന്നും വ്യക്തമാണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് എളനാട് ഭാഗം വാണിരുന്ന തേനാഴി മഠക്കാര്‍ പടയോട്ടം ഭയന്ന് എല്ലാം ഇട്ടെറിഞ്ഞുപോയപ്പോള്‍ പഴയന്നൂരിലെ സ്ത്രീകളാകട്ടെ ശക്തമായി ചെറുത്തുനിന്നതിനേതുടര്‍ന്ന് ടിപ്പുവിന്റെ പടയാളികള്‍ പരാജയപ്പെട്ടുവെന്നാണ് പഴമക്കാരുടെ വാമൊഴികള്‍. ആ പ്രദേശത്തുള്ള കുട്ടാടന്‍തോട്ടില്‍ നിന്നും ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കണ്ടെടുത്ത യുദ്ധോപകരണങ്ങളും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മേല്‍പ്പറഞ്ഞതിന് മതിയായ തെളിവായി കണക്കാക്കപ്പെടുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്ത് സമീപഗ്രാമങ്ങളെല്ലാം ടിപ്പുവിന്റെ വാളിനുകീഴില്‍ അമര്‍ന്നു നിന്നപ്പോഴും, തൃത്തംകാളി ക്ഷേത്രഗ്രാമത്തില്‍നിന്ന് (കൊണ്ടാഴി) പഴയന്നുരിലേക്ക് തിരിച്ച പടയോട്ടത്തെ കൂട്ടാടന്‍ തോടിന്റെ കരയില്‍ വെച്ച് പഴയന്നൂരിലെ സ്ത്രീകള്‍ ചൂലും മുറവും ഉലക്കയുമേന്തി ഏതിരിട്ടുവെന്നും,ഇവയേതോ നവീന യുദ്ധോപകരണങ്ങളാണെന്നു കരുതിയ ടിപ്പുവിന്റെ പടയാളികള്‍ ഭയന്നുമടങ്ങിയെന്നും കേള്‍ക്കുന്നത് പഴമൊഴിയായി കണക്കാക്കാമെങ്കിലും, പടയോട്ടം പഴയന്നൂരിനെ ബാധിച്ചില്ലായെന്നതും, അന്നത്തെ യുദ്ധോപകരണങ്ങള്‍ കുട്ടാടന്‍ തോട്ടില്‍നിന്നും ലഭിച്ചതും ചരിത്രസത്യമായിത്തന്നെ നിലനില്‍ക്കുന്നു. ജന്മിമാരുടെയും നാടുവാഴി തമ്പുരാക്കന്മാരുടെയും കൊടിയ മര്‍ദ്ദനഭരണത്തില്‍നിന്നും നിന്നും പഴയന്നൂരിനു മോചനം ലഭിച്ചിരുന്നില്ല. മുന്‍കാലത്ത് അവശജനവിഭാഗങ്ങളും തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും എല്ലാ രംഗത്തുനിന്നും അകറ്റപ്പെട്ടിരുന്നു. സവര്‍ണ്ണ ജന്‍മിമേധാവിത്വം കീഴ്ജാതിക്കാരനെ നികൃഷ്ടജീവികളെ പോലെ കരുതി ആട്ടിയോടിച്ചിരുന്നു. മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകന്റെയും കീഴാളന്റെയും ഭാഗധേയം ഭൂപ്രഭു-ജന്മി പ്രഭൃതികളായിരുന്നു നിശ്ചയിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ കിരാതഭരണത്തിന് ആളും അര്‍ത്ഥവും നല്‍കി സഹായിച്ചുസേവിച്ചുപോന്ന ഭൂപ്രഭൂക്കളും ജന്മിമാരുമായിരുന്നു മുഴുവന്‍പേരും. മിനിമം കൂലിക്കും പതത്തിനുമുള്ള സമരങ്ങള്‍ പഴയന്നൂരിന്റെ വയലേലകളില്‍ മാറ്റൊലികൊണ്ടിരുന്നു. ഉന്നതമായ ഒരു കലാസാംസ്കാരിക പശ്ചാത്തലം പഴയന്നൂരിനുണ്ട്. തഞ്ചാവൂരിന്റെ ദ്രാവിഡസംസ്കാരവും മലയാളസംസ്കാരവും ഒത്തുചേര്‍ന്ന ഈ മണ്ണിന് പടയോട്ടങ്ങളുടെയും കൂടിയാട്ടങ്ങളുടെയും ചരിത്രം ഒരുപോലെ അവകാശപ്പെടാനാവും.പ്രധാനമായും ചെമ്മണ്‍റോഡുകള്‍ മാത്രമായിരുന്നു പണ്ടുകാലത്ത് ഇവിടെയുണ്ടായിരുന്ന യാത്രാപാത. വില്ലുവെച്ച വണ്ടികളും കാളവണ്ടികളും മറ്റുമാണ് സവാരിക്ക് ഉപയോഗിച്ചിരുന്നത്. കിഴക്കുഭാഗത്തായി പഴയന്നൂരിനെ ആലത്തുര്‍ താലൂക്കുമായി ബന്ധിപ്പിക്കുന്ന ഒരു ചെമ്മണ്‍പാതയും വടക്കുഭാഗത്ത് തിരുവില്ല്വമല പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന മറ്റൊരു ചെമ്മണ്‍ പാതയുമാണ് നിലനിന്നിരുന്നത്. ഈ വീഥികള്‍ പിന്നീട് കല്ല് വിരിച്ച പാതകളാക്കിമാറ്റി. കൊച്ചിപാലമാണ് പഴയന്നൂരിന്റെ ഗതാഗതരംഗത്ത് പ്രകടമായ പുരോഗതിയുണ്ടാക്കിയത്. അതേതുടര്‍ന്ന് റോഡുകള്‍ ടാര്‍ചെയ്യുകയും പഴയന്നൂരിനെ എളനാടുമായി ബന്ധിപ്പിക്കുന്ന കല്ലുവിരിച്ചപാത നിലവില്‍ വരികയും ചെയ്തു. 1912-ലാണ് ആദ്യമായി പഴയന്നൂര്‍ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിച്ചത്. ഈ സ്ഥാപനമാണ് ഇന്ന് കുന്നത്തറയില്‍ സ്ഥിതി ചെയ്യുന്ന എ.എല്‍.പി സ്ക്കൂള്‍. 1947 ആയപ്പോഴേക്കും വടക്കേത്തറയില്‍ സ്വകാര്യമേഖലയില്‍ ഒരു സ്ക്കൂള്‍ സ്ഥാപിതമായി. 1948-ല്‍ ഇത് സര്‍ക്കാര്‍ സ്ഥാപനമാവുകയും ഹൈസ്ക്കുള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. പഴയന്നൂര്‍ ഗവ.ഹൈസ്ക്കുള്‍ 1948-ല്‍ സ്ഥാപിതമായി. ഭൂപരിഷ്ക്കരണനിയമം നിലവില്‍ വന്നതോടെ കേരളത്തില്‍ നിലനിന്നിരുന്ന ജന്മികുടിയാന്‍ സമ്പ്രദായം തകരുകയും പുതിയൊരു കാര്‍ഷികബന്ധം ഉടലെടുക്കുകയും ചെയ്തു. മറ്റു പ്രദേശങ്ങളിലെന്നപോലെ പഴയന്നൂരിലും ജന്മിമാരില്‍ നിന്നും കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന കുടിയാന്‍മാര്‍ ചെറുകിട കര്‍ഷകരായി മാറി. വിശാലമായ നെല്‍പാടങ്ങളില്‍ കൃഷി ചെയ്തിരുന്ന പഴയ സമ്പ്രദായങ്ങള്‍ക്കു മാറ്റങ്ങള്‍ വന്നു. ഭൂമി തുണ്ടുവല്‍ക്കരിക്കപ്പെട്ടു. അതുവരെ നിലനിന്നിരുന്ന ജലസേചനരീതികളില്‍ മാറ്റം വന്നു. കാര്‍ഷികമേഖലയുടെ അവിഭാജ്യഘടകമായിരുന്ന മൃഗസമ്പത്തിനു നാശം സംഭവിച്ചുതുടങ്ങി. അതിന്റെ ഫലമായി ജൈവവളത്തിന്റെ ഉല്‍പാദനം കുറഞ്ഞു. കൃഷി അനാകര്‍ഷകമായി. കാര്‍ഷികേതരവരുമാനമുള്ളവര്‍ കൃഷിഭൂമിയില്‍ കൃഷിയിറക്കാതായി. പഴയന്നൂരും സമീപ പഞ്ചായത്തുകളും പൊതുവെ കാര്‍ഷികമേഖലകളാണ്. നെല്‍പാടങ്ങളും കവുങ്ങും, തെങ്ങും, നേന്ത്രവാഴയും, കുരുമുളകും, കശുമാവും, പ്ളാവും, മാവും, നാനാജാതി പച്ചക്കറികളും ഫലവൃക്ഷങ്ങളും വന്‍മരങ്ങളും നിറഞ്ഞുനിന്നിരുന്ന സമ്പൂഷ്ടമായ ഭൂമിയായിരുന്നു മുന്‍കാലത്ത് പഴയന്നൂര്‍. പഴയന്നൂര്‍ ഭഗവതിക്ഷേത്രത്തിലെ കുത്തരങ്ങില്‍ കൂത്ത് നടന്നിരുന്നു. സംഗീത ചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സന്തതസഹചാരിയും മൃദംഗവാദനത്തില്‍ പ്രഥമഗണനീയനുമായ പാലക്കാട് മണി അയ്യര്‍ ജന്‍മം കൊണ്ട് പഴയന്നൂരിന്റെ മകനാണ്. പ്രശസ്ത മോഹിനിയാട്ടകലാകാരി കലാമണ്ഡലം തോട്ടശ്ശേരി ചിന്നമ്മു അമ്മ പഴയന്നൂരിലാണ് ജനിച്ചുവളര്‍ന്നത്. കേരളമണ്ണില്‍ വിമോചനത്തിന്റെ സമരകാഹളം മുഴങ്ങിയപ്പോള്‍ പഴയന്നൂരും അതില്‍ നിന്നും വേറിട്ടുനിന്നിട്ടില്ല. പ്രശസ്ത ചെറുകഥാകൃത്ത് ശ്രീമതി അഷിത പഴയന്നൂരിലെ പൊറ്റ വാര്‍ഡിലാണ് ജനിച്ചത്. സിനിമാലോകത്ത് സംസ്ഥാന അവാര്‍ഡു നേടി ശ്രദ്ധിക്കപ്പെട്ട ബാലനടി കുമാരി പ്രസീത, പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ദാസ്, ഓട്ടന്‍തുള്ളല്‍ വിദ്വാന്‍ കലാമണ്ഡലം പരമേശ്വരന്‍, കഥകളിവിദ്വാന്‍ പൊതുവാള്‍ എന്നിവരൊക്കെ പഴയന്നൂരിന്റെ മക്കളാണ്. പഴയന്നൂരില്‍ മീനമാസത്തിലെ ആറാട്ടാണ് പ്രധാന ഉത്സവം. വെള്ളാര്‍കുളം പള്ളി ഈ മേഖലയിലെ പ്രധാന മുസ്ളീം ആരാധനാലയം.