03/06/2026
ഒരു യുഗത്തിന്റെ അവസാനം: അണ്ണാമലൈ പോകുമ്പോൾ ബിജെപി തമിഴ്നാട്ടിൽ അനാഥമാകുന്നു
ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉരുക്കുകോട്ടയിൽ 60 വർഷമായി ഒരു കാവിക്കൊടി പോലും പാറിയിരുന്നില്ല. ആ മതിൽ തകർത്ത് ഒറ്റയ്ക് കടന്നുവന്നവന്റെ പേരാണ് കുപ്പുസ്വാമി അണ്ണാമലൈ. ഇന്ന് ആ മനുഷ്യൻ ബിജെപി വിടുന്നു. തമിഴ്നാട് ബിജെപി എന്ന അധ്യായം ഇതോടെ അവസാനിക്കുകയാണ്.
ഒരു നേതാവിന്റെ ആത്മാഭിമാനത്തിന് മുകളിൽ രാഷ്ട്രീയ കണക്കുകൂട്ടലുകൾ കയറി നിന്നതുകൊണ്ടാണ്. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ AIADMKയുമായി സഖ്യം വേണം എന്ന ഡൽഹിയുടെ നിർബന്ധം അണ്ണാമലൈയെ വീർപ്പുമുട്ടിച്ചു.
"തമിഴ്നാട്ടിൽ ബിജെപി വളരണമെങ്കിൽ ഒറ്റയ്ക് മത്സരിക്കണം. AIADMKയുടെ ഔദാര്യത്തിൽ പാർട്ടി വളരില്ല" എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. കേട്ടില്ല. പകരം എടപ്പാടി പളനിസ്വാമിയുടെ സമ്മർദ്ദത്തിന് വഴങ്ങി അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. ആറ് വർഷം കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യം ഒരു ഉച്ചയ്ക് തകർത്തെറിഞ്ഞു.
സി ജോസഫ് വിജയ് 2026ൽ ഭരണം പിടിച്ചതോടെ തമിഴ്നാട് രാഷ്ട്രീയം മാറിമറിഞ്ഞു. DMK പ്രതിപക്ഷമായി. AIADMK ചരിത്രമായി. ബിജെപി ഒരു സീറ്റിൽ ഒതുങ്ങി. ദേശീയ പാർട്ടികളുടെ കാലം കഴിഞ്ഞു എന്ന് അണ്ണാമലൈ തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്. പുതിയ പോർക്കളം തേടുകയാണ് അദ്ദേഹം.
2020ൽ അണ്ണാമലൈ ഏറ്റെടുക്കുമ്പോൾ തമിഴ്നാട് ബിജെപി "നോട്ട"യുമായി മത്സരിക്കുന്ന പാർട്ടി ആയിരുന്നു. 2.6% വോട്ട്. ഒരു എംഎൽഎ പോലുമില്ല. 2024 ആയപ്പോഴേക്കും കഥ മാറി.
"എൻ മൺ എൻ മക്കൾ" യാത്രയിലൂടെ 234 മണ്ഡലങ്ങളിലും കാലുകുത്തി. 10000 കിലോമീറ്റർ നടന്ന് ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ദ്രാവിഡ പാർട്ടികൾ അരനൂറ്റാണ്ട് കൊണ്ട് പണിത മതിലിൽ ആദ്യത്തെ വിള്ളൽ വീഴ്ത്തി.
വോട്ട് ഷെയർ 2.6%ൽ നിന്ന് 11.1%ലേക്ക് കുതിച്ചു. 2021ൽ 4 എംഎൽഎമാർ നിയമസഭയിൽ എത്തി. 234 ബൂത്തിലും കമ്മിറ്റി. 1 ലക്ഷത്തിലധികം സജീവ പ്രവർത്തകർ. ഇതെല്ലാം ഒരു മനുഷ്യന്റെ അധ്വാനം. അണ്ണാമലൈ എന്ന ബ്രാൻഡിന്റെ ശക്തി.
DMKയുടെ അഴിമതി കോട്ടയെ ഇളക്കിയത് അണ്ണാമലൈയുടെ "DMK Files" ആണ്. മുൻ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ മുതൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ വരെ, മന്ത്രിമാരായ സെന്തിൽ ബാലാജിയും കെ പൊൻമുടിയും ഉൾപ്പെടെ നിരവധി പേർക്കെതിരെ 1.34 ലക്ഷം കോടിയുടെ ആരോപണം തെളിവ് സഹിതം പുറത്തുവിട്ടു DVAC അന്വേഷണം തുടങ്ങി. സ്റ്റാലിൻ മന്ത്രിസഭ രാജിയുടെ വക്കിൽ വരെ എത്തി. ഭരിക്കുന്ന സർക്കാരിനെ ഒരു പ്രതിപക്ഷ നേതാവ് ഇത്രയും പ്രതിരോധത്തിൽ ആക്കിയത് തമിഴക ചരിത്രത്തിൽ ആദ്യം. ദ്രാവിഡ രാഷ്ട്രീയം അണ്ണാമലൈയെ ഭയന്നു.
IIM ലഖ്നൗ MBA. IPS "സിങ്കം". ഇംഗ്ലീഷിലും തമിഴിലും തീ പാറുന്ന പ്രസംഗം. സ്റ്റാലിനെയും ഉദയനിധിയെയും നേരിട്ട് ചോദ്യം ചെയ്ത ഏക നേതാവ്.,തമിഴ്നാടിന്റെ യൂത്ത് ഐക്കൺ
സോഷ്യൽ മീഡിയയിൽ 15 ലക്ഷം Twitter ഫോളോവേഴ്സ്. 20 ലക്ഷം YouTube സബ്സ്ക്രൈബേഴ്സ്. ഒരു റീൽസിന് 50 ലക്ഷം വ്യൂസ്. DMKയുടെ IT വിംഗിന്റെ ഉറക്കം കെടുത്തിയ ആക്രമണ രാഷ്ട്രീയം.
18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അണ്ണാമലൈ ഒരു വികാരമാണ്. "അഴിമതി ഇല്ലാത്തവൻ. ധൈര്യമുള്ളവൻ. നമ്മുടെ ഭാഷ സംസാരിക്കുന്നവൻ." കോളേജ് കാമ്പസുകളിൽ ഫാൻസ് അസോസിയേഷൻ. ഒരു ബിജെപി നേതാവിനും കിട്ടാത്ത ജനകീയത.
അണ്ണാമലൈ എവിടെ വന്നാലും അവിടെ ജനസമുദ്രമാണ്. റോഡുകൾ ബ്ലോക്ക് ആകും. ട്രാഫിക് സ്തംഭിക്കും. പോലീസിന് നിയന്ത്രിക്കാൻ പറ്റാത്ത തിരക്ക്. TVK വിജയ് ഉണ്ടാക്കുന്ന അതേ ജനപ്രവാഹം തന്നെയാണ് അണ്ണാമലൈയും സൃഷ്ടിക്കുന്നത്. ഇത് വെറും പാർട്ടി പ്രവർത്തകരല്ല. സാധാരണ ജനങ്ങൾ. യുവാക്കൾ. സ്ത്രീകൾ. അമ്മമാർ. എല്ലാവരും അണ്ണാമലൈ എന്ന പ്രതിഭാസത്തെ കാണാൻ ഓടിയെത്തുന്നു. നരേന്ദ്ര മോദിക്ക് പോലും തമിഴ്നാട്ടിൽ ഇല്ലാത്ത കണക്ഷൻ ആണ് അണ്ണാമലൈക്ക് ജനങ്ങളുമായുള്ളത്.
"ഞാൻ ഹിന്ദുവാണ്, തമിഴനാണ്, ഇന്ത്യക്കാരനാണ്" എന്ന് നെഞ്ച് വിരിച്ച് പറഞ്ഞവൻ. പെരിയാർ രാഷ്ട്രീയത്തെ ചോദ്യം ചെയ്തവൻ. ക്ഷേത്രങ്ങളുടെ വിമോചനം സ്വപ്നം കണ്ടവൻ. അതുകൊണ്ട് തന്നെ യുവതയുടെ ഹൃദയം കീഴടക്കിയവൻ.
ഇന്ന് തമിഴ്നാട് ബിജെപിയിൽ അണ്ണാമലൈയുടെ നിഴലായി നിൽക്കാൻ പോലും ഒരാൾ ഇല്ല. നൈനാർ നാഗേന്ദ്രന് സ്വന്തം തട്ടകത്തിൽ ജയിക്കാൻ വയ്യ. വാനതി ശ്രീനിവാസൻ കോയമ്പത്തൂരിലെ നേതാവ് മാത്രം. L മുരുകൻ കേന്ദ്ര സഹമന്ത്രി ആയിട്ടും നാട്ടിൽ ഒരു സ്വാധീനവുമില്ല.
കേരളത്തിൽ BDJS സഖ്യവും തമിഴ്നാട്ടിൽ AIADMK സഖ്യവും മാത്രം നോക്കിയത് ബിജെപിയുടെ സ്വന്തം വളർച്ച ഇല്ലാതാക്കി. സഖ്യകക്ഷികളുടെ നിഴലിൽ നിന്ന് പുറത്തുവന്ന് ഒറ്റയ്ക് നിന്ന് പോരാടണം എന്ന് പറഞ്ഞവനെ പാർട്ടി കേട്ടില്ല. അതിന്റെ വിലയാണ് ഇന്ന് ബിജെപി കൊടുക്കുന്നത്.
അണ്ണാമലൈ പോയാൽ തമിഴ്നാട് ബിജെപി എന്നത് ഒരു ബോർഡ് മാത്രമാകും. കേഡറെ ഉണ്ടാക്കിയത് അയാളാണ്. ജനങ്ങളെ ആകർഷിച്ചത് അയാളാണ്. വോട്ട് പിടിച്ചത് അയാളാണ്. 11% വോട്ട് ഷെയർ ഒറ്റയടിക്ക് സീറോ ആകും.
TVK ഇന്ന് തമിഴ്നാട് ഭരിക്കുന്നു. DMK പ്രതിപക്ഷത്ത്. AIADMK തകർന്നടിഞ്ഞു. ഈ ശൂന്യതയിൽ ബിജെപിക്ക് കയറി വരാൻ ഉണ്ടായിരുന്ന ഒരേയൊരു പാലം അണ്ണാമലൈ ആയിരുന്നു. ആ പാലം പൊളിച്ചത് ഡൽഹി തന്നെ.
ദക്ഷിണേന്ത്യ പിടിക്കാൻ ഡൽഹിയിലെ AC മുറിയിലെ തന്ത്രങ്ങൾ പോരാ. മണ്ണിന്റെ മണം അറിയുന്ന നേതാവ് വേണം. ജനത്തിന്റെ നാഡിമിടിപ്പ് അറിയുന്ന പോരാളി വേണം. അത് അണ്ണാമലൈ ആയിരുന്നു. അദ്ദേഹത്തെ നഷ്ടപ്പെടുത്തിയതോടെ തമിഴ്നാട് എന്ന അധ്യായം ബിജെപി സ്വയം അടച്ചു.
ചരിത്രം അണ്ണാമലൈയെ ഓർക്കും. ദ്രാവിഡ കോട്ടയിൽ വിള്ളൽ വീഴ്ത്തിയവൻ എന്ന്. ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ എന്ന്.
ബിജെപി ഓർക്കപ്പെടും. കിട്ടിയ രത്നത്തെ കൈവിട്ട കക്ഷി എന്ന്.