31/05/2026
മുഖ്യമന്ത്രിക്ക് നേരെ വിമർശനം നടത്തി എന്ന പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പ് നടപടി ജനാധിപത്യ വിരുദ്ധം. നടപടി പിൻവലിക്കുക. എസ് എഫ് ഐ
മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററായ ജവാദ് സുബൈറിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി കേരളത്തിന്റെ ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുകയും എതിർസ്വരങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് പലകാര്യങ്ങളും പ്രഖ്യാപിക്കാൻ പൂച്ചപെറ്റുകിടന്നെന്ന് പറഞ്ഞ ഖജനാവിൽ പണമുണ്ടെന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് അദ്ധ്യാപകൻ ഷെയർ ചെയ്തിരുന്നത്. വിമർശനങ്ങൾ ഉയർത്തുന്നവരോട് പ്രതികാര നടപടി സ്വീകരിക്കുന്ന സർക്കാർ നിലപാട് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ആർ എസ് എസ് നിയന്ത്രിക്കുന്ന രാജ്യത്തിന്റെ ഭരണകൂടം വിമർശനങ്ങൾക്ക് നേരെ തോക്ക് ചൂണ്ടുകയും നിർദ്ദയം കൊലചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തുകൊണ്ട് മനുഷ്യാവകാശങ്ങളെ റദ്ദ് ചെയ്യുമ്പോൾ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തി പിടിച്ചുകൊണ്ടു പ്രതിരോധം തീർത്തവരാണ് കേരള ജനത. ആർ എസ് എസ്സിന്റെ ആജ്ഞാനുവർത്തികളായി മാറുന്ന കോൺഗ്രസ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഉദാത്ത മാതൃകയായി തീരുന്ന കാഴ്ച ജനാധിപത്യ സമൂഹം ആശങ്കയോടെയാണ് കാണുന്നത്. വിമർശനങ്ങളെ തുറന്ന മനസ്സോടെ കാണുവാൻ സർക്കാർ തയ്യാറാവണം. എതിർ സ്വരങ്ങളെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കുക തന്നെ ചെയ്യും. അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും ഇത്തരത്തിലുള്ള ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ജനാധിപത്യ സമൂഹം പ്രതിഷേധം തീർക്കണമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.