Thaddesham Thrissur

Thaddesham Thrissur തദ്ദേശ സ്വയംഭരണ വകുപ്പ്-തൃശൂർ ജില്ല
ഔദ്യോഗിക പേജ്

28/10/2023

ഒത്തൊരുമിക്കാം തൃശ്ശൂരിനായി; ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുമായി ജില്ലാ ഭരണകൂടം

ജില്ലയിലെ അതിദരിദ്ര പട്ടികയിൽപ്പെട്ട കുടുംബങ്ങള്‍ക്ക് ആഹാരം ഉറപ്പാക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ 'ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍' എന്ന പദ്ധതിയ്ക്ക് തുടക്കമായി. ജില്ലയിലെ 4743 അതിദാരിദ്ര്യ കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ സഹായഹസ്തം ലഭ്യമാവുക. ഇവര്‍ക്കായി വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതി. സൗജന്യ റേഷന്‍ ലഭിക്കുന്നതിന് പുറമേ പ്രതിമാസം ഒരു കുടുംബത്തിന് അത്യാവശ്യമായ പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റ് ഈ കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് കൈത്താങ്ങും പിന്തുണയുമായി മാറുന്ന പുത്തന്‍ മാതൃക കൂടിയാണ് "ടുഗെതര്‍ ഫോര്‍ തൃശ്ശൂർ" എന്ന ആശയം.

വികസനോത്സവം "ഉദ്യമം -2023" ജില്ലാതല സമാപനം സംഘടിപ്പിച്ചു------------------------------------------------- വിദ്യാർത്ഥികളു...
28/05/2023

വികസനോത്സവം "ഉദ്യമം -2023" ജില്ലാതല സമാപനം സംഘടിപ്പിച്ചു
-------------------------------------------------

വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ വികാസത്തിന് ഉതകുന്നവിധത്തിൽ സ്കൂൾ അവധിക്കാലം മാറ്റിയെടുക്കുന്നതിനായി ഗ്രാമങ്ങൾ (സങ്കേതങ്ങള്‍ / ഊരുകൾ) കേന്ദ്രീകരിച്ച് കലാ – കായിക – സാസ്കാരിക പരിപാടികളും പാഠ്യ-പാഠ്യേതര വിഷയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയാണ് “വികസനോത്സവം”. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ – വികസന പ്രവർത്തനങ്ങളുടെ വിവരണം / പ്രദർശനം, അംബേദ്ക്കർ ജയന്തി ആഘോഷം, ചികിത്സാ ക്യാമ്പുകൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ‍, ശുചീകരണ പരിപാടികൾ, സെമിനാറുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, കുട്ടികൾക്കായി പാഠ്യ-പാഠ്യേതര വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരങ്ങൾ, പ്രതിഭാശാലികളായ വിദ്യാർഥികളെയും വയോജനങ്ങളെയും ആദരിക്കൽ, പാഠശാലകളിൽനിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വികസനോത്സവ സമാപന സമ്മേളനം പഴയന്നൂര്‍ ബ്ലോക്ക് പരിധിയിലെ കുന്നംപുള്ളി സങ്കതത്തില്‍ വെച്ച് സംഘടിപ്പിച്ചു. ബഹു. പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമവികസനം, ദേവസ്വം, പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്ത വേളയിൽ ആയിരത്തോളം പ്രദേശങ്ങളിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് വികസനോത്സവം നടന്നതായും പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടതായും കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും എന്നും മന്ത്രി പറഞ്ഞു. പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. കെ. എം. അഷറഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസർ ശ്രീമതി. ലിസ്സ. ജെ. മങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ സ്ഥിതി ചെയ്യുന്ന പട്ടികജാതി വികസന വകുപ്പിന്റെ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെയും ചെറുതുരുത്തി, ചേലക്കര പ്രീ മെട്രിക് ഹോസ്റ്റലുകളിലെ SSLC, HSS പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും ഒപ്പം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ 6 പഞ്ചായത്തുകളിൽ നിന്നുള്ള വിവിധ വിഷയങ്ങളിൽ പ്രതിഭകളായിട്ടുള്ളവരെയും അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. കമ്മ്യൂണിറ്റി സോഷ്യൽ വർക്കേഴ്സ്, എസ്. സി പ്രൊമോട്ടർസ്, അക്രെഡിറ്റഡ് എഞ്ചിനീയർ തുടങ്ങിയവർ വികസനോത്സവത്തിന് നേതൃത്വം നൽകി.

കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന്, ഗ്രാമങ്ങളിൽ രൂപംകൊണ്ട പുരോഗമന സ്വഭാവമുള്ള സാംസ്കാരിക കൂട്ടായ്മകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജാതി- മത -രാഷ്‍ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാ ജനവിഭാഗങ്ങളും പൂർണ മനസ്സോടുകൂടി ഇടപെട്ടുകൊണ്ടിരുന്ന ഇത്തരം സൗഹൃദ കൂട്ടായ്മകൾ കേരളത്തിന്റെ ചരിത്രം തിരുത്തി എഴുതാന്‍ നിർണായകമായ സംഭാവന നൽകിയിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ നവോധാനവും, സമ്പൂർണ സാക്ഷരതയും ജനകീയാസൂത്രണവുമെല്ലാം ഇത്തരം കൂട്ടായ്മകളുടെ ശ്രമ ഫലമായിട്ടുണ്ടായിട്ടുള്ളതാണ്. എന്നാല്‍ സമീപകാലത്ത് ചെറിയതോതിൽ ക്ഷയിച്ച ഇത്തരം കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ വികസനോത്സവം വഴി പുനരുജ്ജീവിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒരു ജനവിഭാഗത്തെ വിവിധ ക്ഷേമവികസന പദ്ധതികളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്തുന്നതിനൊപ്പം, അവർക്ക് സാമൂഹ്യ- സാംസ്കാരിക -വൈജ്ഞാനിക മേഖലകളിൽക്കൂടി ആവശ്യമായ പിന്തുണ നൽകി പൊതുസമൂഹത്തിന്റെ മുൻപന്തിയിലെത്തുന്നതിനുള്ള ആത്മവിശ്വാസം വിദ്യാർഥികളിലും മുതിർന്നവരിലും ഒരുപോലെ സൃഷ്ടിച്ചെടുക്കുന്നതും വികസനോത്സവത്തിന്റെ ലക്ഷ്യങ്ങളാണ്. കലാകായിക പരിപാടികൾ, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെന്ററി പ്രദർശനം, ശുചീകരണം, മെഡിക്കൽ ക്യാമ്പുകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വികസനോത്സവത്തിന്റെ ഭാഗമായി കേരളത്തിലെമ്പാടും സംഘടിപ്പിച്ചു.
വിദ്യാഭ്യാസ പുരോഗതി, ആരോഗ്യസംരക്ഷണം, തൊഴിൽ സാധ്യത വർധിപ്പിക്കൽ, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ഭൂമിയും ഭവനവും ഉറപ്പാക്കൽ എന്നിങ്ങനെ എല്ലാ മേഖലകളിലും പട്ടികജാതി -പട്ടികവർഗ -പിന്നാക്ക വിഭാഗ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. ഈ പ്രവർത്തനങ്ങൾക്കൊപ്പം സുസ്ഥിരമായ മുന്നേറ്റങ്ങൾക്ക് വികസനോത്സവവും കരുത്തേകും.

എഴുപത്തിയാറാം വയസ്സില്‍  ലഭിച്ച ആദരത്തില്‍ പത്മാവതി അമ്മ ഹാപ്പിയാണ്..------------------------------------------പഴയന്നൂർ ...
19/05/2023

എഴുപത്തിയാറാം വയസ്സില്‍ ലഭിച്ച ആദരത്തില്‍ പത്മാവതി അമ്മ ഹാപ്പിയാണ്..
------------------------------------------
പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-2023 സാമ്പത്തിക വർഷത്തിൽ നൂറു തൊഴില്‍ ദിനം പൂർത്തീകരിച്ചവരെ ആദരിക്കുന്ന ചടങ്ങിന് എത്തിയ ചേലക്കര ഗ്രാമ പഞ്ചായത്തിലെ പത്മാവതിയമ്മ തൊഴിലുറപ്പ് ഉദ്യോഗസ്ഥയുമായി സന്തോഷം പങ്കുവയ്ക്കുന്ന ചിത്രം കൗതുകമാകുന്നു.

തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം പഴയന്നൂര്‍ ബ്ലോക്ക് പരിധിയില്‍ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചവരിൽ നിന്നും ഗ്രാമപഞ്ചായത്ത് വാർഡ് തലത്തിൽ ഏറ്റവും പ്രായമായ തൊഴിലാളികളെയും പട്ടികവർഗ്ഗ മേഖലയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച എല്ലാ കുടുംബങ്ങളെയും ആദരിക്കുന്ന ചടങ്ങ് 18.05.2023 തീയതിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അങ്കണത്തിൽ വച്ച് നടന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൃശൂർ ജില്ലയിൽ എപ്പോഴും മികവ് പുലർത്തുന്ന പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധയാർജ്ജിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലത്തിൽ തന്നെ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനും ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്നതിനും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. 5340 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകാനും 9,37,803 തൊഴിൽ ദിനങ്ങൾ ശൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. സുസ്ഥിര ആസ്തി വികസനത്തില്‍ പൊതുകുളങ്ങളുടെ നവീകരണം, അംഗന്‍വാടികള്‍, ഗുണഭോക്താകള്‍ക്ക് വ്യക്തിഗത ആസ്തികള്‍ നിര്‍മ്മിച്ച് നല്‍കുന്നതിലും ജില്ലയില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വ്വഹണം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളുടെ ഇടയില്‍ ഒരു പുതിയ അവകാശ ബോധം അത് സൃഷ്ടിച്ചിട്ടുണ്ട് എന്ന് കാണാവുന്നതാണ്. വികസനം, എന്‍റെ അവകാശം എന്ന ബോധത്തില്‍ നിന്നും ഉളവായിട്ടുള്ള ആത്മവിശ്വാസവും തന്‍റേടവുമാണ് അതിന്‍റെ പിന്നിലെ പ്രേരകശക്തി. അഴിമതി ലവലേശമില്ലാതെ, ഏറ്റവും സുതാര്യമായി പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നതിലൂടെ സാധാരണക്കാരും പാവപ്പെട്ടവരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ മുഴുവന്‍ ആനുകൂല്യങ്ങളും അവരിലേക്ക് തന്നെ പൂര്‍ണ്ണമായി ഒഴുകിയെത്തുന്നുവെന്നതാണ് ഈ അവകാശ ബോധത്തിന്‍റെ ആധാരശില. നാളിതുവരെ ഇത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞ് നില്‍ക്കുകയോ അകറ്റി നിര്‍ത്തുകയോ ചെയ്തിരുന്ന ഭിന്നശേഷിയുള്ളവര്‍, വൃദ്ധര്‍, വിധവകള്‍, പട്ടികജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നീ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും വന്‍തോതില്‍ ഒരു വികസനപ്രക്രിയയില്‍ അണിചേര്‍ന്നത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ്.
ഇന്ത്യയിലെ ദരിദ്രരായ ഗ്രാമീണ ജനതയുടെ ദാരിദ്ര്യം ലഘൂകരിക്കുന്നതിനും അവരുടെ ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി രൂപം കൊടുത്തിട്ടുളള ഈ ബൃഹത്പദ്ധതി കാര്‍ഷിക മേഖലയിലും നിര്‍മ്മാണ മേഖലയിലും തൊഴില്‍ ലഭിക്കാതെ ഗ്രാമീണ ജനത ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ അവര്‍ക്ക് 100 ദിവസത്തെ തൊഴിലെങ്കിലും ഉറപ്പു വരുത്തുവാന്‍ വേണ്ടി ലക്ഷ്യമിട്ടിട്ടുള്ളതാണ്.

18/05/2023
കേരള സർക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി, സംസ്ഥാനത്ത് മഹാത്മാഗാന്ധി...
13/05/2023

കേരള സർക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി, സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തികൊണ്ട് ഗ്രാമീണ മേഖലയില്‍ 53 അംഗൻവാടികളുടെ നിർമാണ പൂർത്തീകരണത്തിന്റെ
ഉദ്ഘാടനം, പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്തിലെ 23 നമ്പർ അംഗൻവാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിര്‍വ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ ബഹു പട്ടിക ജാതി,പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എം അഷറഫ്, ജില്ലാ പഞ്ചായത്തംഗം ശ്രീമതി മായ ടീച്ചര്‍, പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി തങ്കമ്മ, സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറുടെ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ ശ്രീ ബാലചന്ദ്രന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ശ്രീമതി മീര പി, തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്‍റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി ഉഷ എം. കെ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1975 ഒക്ടോബർ 2 ന്, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 106-ാം ജന്മദിനത്തിൽ, കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവും പട്ടിണിയും ഇല്ലാതാക്കുന്നത് ലക്ഷ്യം വച്ച് ആരംഭിച്ച അങ്കണവാടികളിൽ ഗർഭിണികൾ, നവജാതശിശുക്കൾ, 6 വയസ്സിനു താഴെയുള്ള കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരാണ് ഉപയോക്താക്കൾ. ഒരു മാതൃകാ അംഗൻവാടി കേന്ദ്രം ഇന്ത്യൻ ഗ്രാമങ്ങളിൽ വേണ്ട അടിസ്ഥാന ആരോഗ്യരക്ഷ സംവിധാനം നൽകുന്നു. ഇത് ഇന്ത്യയിലെ പൊതു ആരോഗ്യ പരിപാലന സേവന സംവിധാനത്തിന്റെ ഭാഗമാണ്. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം ഇന്ന് കേരളത്തില്‍ അംഗന്‍വാടികള്‍ പല സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ വേദിയായി മാറി കഴിഞ്ഞിരിക്കുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ട് ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി ആസ്തികള്‍ പഞ്ചായത്തുകളില്‍ നിര്‍മ്മിച്ച് വരുന്നുണ്ട്. ഇതില്‍ കുളങ്ങള്‍, കളിക്കളങ്ങള്‍, വിത്ത് സംഭരണ കേന്ദ്രങ്ങള്‍, ഗ്രാമീണ ചന്തകള്‍, റോഡുകള്‍ എന്നിവയെല്ലാം പല പഞ്ചായത്തുകളിലും നിര്‍മ്മാണം നടത്തുന്നവയാണ്. അതില്‍ പ്രധാനപ്പെട്ടത് അംഗന്‍വാടികള്‍ തന്നെയാണ്. വനിതാ ശിശു വികസന വകുപ്പുമായുള്ള സംയോജന സാധ്യതകള്‍ ഉപയോഗപ്പെടുത്തികൊണ്ട് അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതില്‍ തൃശ്ശൂര്‍ ജില്ലാ മുന്‍പന്തിയില്‍ നില്‍ക്കുന്നു ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ഫണ്ടുകള്‍ കൂടി ചേര്‍ത്തുകൊണ്ട് നിര്‍മ്മിക്കുന്ന അങ്കണവാടികള്‍ കൂടുതല്‍ സൌകര്യപ്രദവും ഡിജിറ്റല്‍ സംവിധാനങ്ങൾ
ഉൾകൊള്ളുന്നവയായും മാറിയിട്ടുണ്ട്.

MB Rajesh K.Radhakrishnan Ente Keralam Mission Director Mahatma Gandhi NREGA Kerala LSGD Rural Directorate Mgnrega Panjal Women and child development Office Thrissur

100 ദിന കര്‍മ്മ പരിപാടിയിൽ കുരുന്നുകൾക്കായി 53 അംഗന്‍വാടികളും--------------------------------------------------മഹാത്മാഗാ...
12/05/2023

100 ദിന കര്‍മ്മ പരിപാടിയിൽ കുരുന്നുകൾക്കായി 53 അംഗന്‍വാടികളും
--------------------------------------------------

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രധാന ലക്ഷ്യം ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു സാമ്പത്തികവര്‍ഷം 100 ദിവസത്തില്‍ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴില്‍ ഉറപ്പാക്കുകയും അതുവഴി നിഷ്കര്‍ഷിക്കപ്പെട്ട ഗുണമേന്മയുള്ളതും സ്ഥായിയായിട്ടുള്ളതുമായ ഉല്പാദനക്ഷമമായ ആസ്തികളുടെ നിര്‍മ്മാണവും എന്നതാണ്. 2014 ല്‍ പരിഷ്കരിച്ച തൊഴിലുറപ്പ് നിയമപ്രകാരം പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പൊതു പ്രവൃത്തികള്‍, സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള വ്യക്തിഗത ആസ്തികള്‍, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നിബന്ധനകള്‍ അനുസരിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ക്ക് പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ പ്രവൃത്തികള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈടുറ്റതും മികച്ചതുമായ നിരവധി ആസ്തികൾ പദ്ധതി മുഖേന നിർമിച്ചു വരുന്നു.

ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ അംഗൻവാടികളുടെ നിർമ്മാണം കേരളത്തില്‍ വലിയതോതില്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ സാധാരണക്കാരുടെ കുട്ടികൾക്കും ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങൾ ഉറപ്പു വരുത്തുന്ന അംഗൻവാടികള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയുടെ സംയോജന സാധ്യതകളെ പ്രയോജനപ്പെടുത്തികൊണ്ട് വനിതാ ശിശു വികസന വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ട് വിനിയോഗിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
കേരളത്തില്‍ ഇതിനകം ഇത്തരത്തിൽ 385 അംഗനവാടികൾ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു.

സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഗ്രാമീണ മേഖലയില്‍ 53 അംഗൻവാടികളുടെ നിർമാണം തൊഴിലുറപ്പ് പദ്ധതിയിലൂടെ പൂർത്തീകരിക്കുന്നതിനു ലക്ഷ്യമിട്ടിരുന്നു.ആയത് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കാനായി.നഗരപ്രദേശങ്ങളില്‍ 3 അംഗനവാടികൾ കൂടി ഈ കാലയളവിൽ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്.

പ്രസ്തുത പരിപാടിയുടെ പൂർത്തീകരണ ഉദ്ഘാടനം 2023 മേയ് 13 രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്തിലെ 23 നമ്പർ അംഗൻവാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവഹിക്കും. പ്രസ്തുത പരിപാടിയിൽ പട്ടികവർഗം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.

09/05/2023

അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി - ഒപ്പമുണ്ട് തൃശൂർ..

പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ചു പൊതു ജനങ്ങൾക്ക് പരാതി അറിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് സജ്ജമാക്കിയ ഓ...
03/05/2023

പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ചു പൊതു ജനങ്ങൾക്ക് പരാതി അറിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് സജ്ജമാക്കിയ ഓൺലൈൻ സംവിധാനത്തിന്റെ ലിങ്ക് -

https://warroom.lsgkerala.gov.in/garbage

പഴയന്നൂർ ബ്ലോക്ക് പരിധിയിൽ ഇനി വിശപ്പ് അലട്ടുന്നവരുണ്ടാകില്ല... പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത...
19/03/2023

പഴയന്നൂർ ബ്ലോക്ക് പരിധിയിൽ ഇനി വിശപ്പ് അലട്ടുന്നവരുണ്ടാകില്ല...

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പട്ടിണിക്കാർ ഇല്ലാത്ത പഴയന്നൂർ ബ്ലോക്ക് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് “വിശപ്പ് രഹിത ബ്ലോക്ക്.വിശപ്പ് എന്നത് പൊതുവെ ഭക്ഷണത്തോട് മനുഷ്യന്റെ ആഗ്രഹമോ ആർത്തിയോ കാണിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണെങ്കിലും ഒരു നേരത്തെ ഭക്ഷണം കിട്ടിക്കഴിഞ്ഞാൽ അടുത്ത നേരത്തെ ഭക്ഷണത്തിനു എന്ത് ചെയ്യും എന്ന ആശങ്ക അലട്ടുന്നരീതിയിൽ ഒരു പറ്റം സഹജീവികളും നമ്മുക്ക് ഒപ്പമുണ്ടാകും എന്ന തിരിച്ചറിവാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ നെ ഇത്തരമൊരു ചുവടുവയ്ക്കാൻ പ്രേരിപ്പിച്ചത്.

ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത്‌കളിൽ വിവിധ തരത്തിലുള്ള ജനങ്ങളുടെ പൊതുസ്ഥിതി പഠന വിധേയമാക്കിയപ്പോൾ,487 കിടപ്പുരോഗികളുള്ളതിൽ 183 പേർ വിവിധ കാരണങ്ങളാൽ വിശപ്പടക്കാൻ പാടുപെടുന്നവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകുകയെന്നതായിരുന്നു പദ്ധതിയുടെ ആരംഭഘട്ടത്തിലെ ഉദ്ദേശ ലക്ഷ്യം.അങ്കണവാടി പ്രവർത്തകരുടെയും കുടുംബശ്രീയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാകിയത്.
ബ്ലോക്ക് പഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് പ്രവർത്തകരും സെക്കണ്ടറി തല പാലിയേറ്റീവ് നഴ്സ്, ആശാ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിയോഗിക്കപ്പെട്ടത്. കൂടാതെ അങ്കണവാടി കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ തയ്യാറാക്കുന്നതിന് ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ, സൂപ്പർവൈസർ, അങ്കണവാടി വർക്കർമാർ അടക്കമുള്ളവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കുന്ന അരിയും, ചെറുപയറും അനുബന്ധ സാധനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നത്. 108 കുടുംബശ്രീ ഏരിയ ഡവലപ്മെമെന്റ് സൊസൈറ്റികളുടെ സഹകരണത്തോടെയാണ് വാർഡുകളിലേക്ക് ഭക്ഷണം എത്തിച്ചുകൊണ്ടിരുന്നത്. ബ്ലോക്ക് പഞ്ചായത്തിനെ പരിപൂർണമായും പട്ടിണി വിമുക്തമാക്കുന്ന മാതൃകാപരമായ ഈ പദ്ധതിയുടെ ആദ്യ ഘട്ടം കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കുക എന്നതായിരുന്നു.
പദ്ധതി 500 ദിവസം പൂർത്തീകരിച്ച വേളയിലാണ് കോവിഡ് മഹാമാരിയുടെ കടന്ന് വരവ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ സുരക്ഷയെ കരുതി ലോക്ക് ഡൌണ്‍ നടപ്പിലാക്കിയതോടെ പദ്ധതി ലക്ഷ്യത്തില്‍ നിന്നും ചെറിയതോതില്‍ മാറ്റം വരുത്തേണ്ടി വന്നു. സുരക്ഷയെ കരുതി കിടപ്പ് രോഗികളുടെ ഭവന സന്ദര്‍ശനം സാധ്യമാവത്തതും ഭക്ഷണം പാകം ചെയ്യുന്ന അങ്കണവാടികള്‍ പ്രവര്‍ത്തിക്കാത്തതുമായ സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച സാമൂഹിക അടുക്കളകളും ജനകീയ ഹോട്ടലുകളും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. പ്രസ്തുത സാമ്പത്തിക വര്‍ഷങ്ങളില്‍ വീടുകളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ സാഹചര്യമുള്ള ഗുണഭോക്താകള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം എന്ന രീതിയില്‍ പദ്ധതിയെ മാറ്റുകയാണ് പഴയന്നൂര്‍ ബ്ലോക്ക് ചെയ്തത്.

ബ്ലോക്ക് പരിധിയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഗ്രാമ പഞ്ചായത്തുകള്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കുകയും ഫണ്ട് കണ്ടെത്തുന്നതിനുള്ള കാലതാമസം നേരിട്ട വേളയില്‍ ബ്ലോക്കിന്റെ പദ്ധതിയെ ഉപയോഗപ്പെടുത്തികൊണ്ട് ബ്ലോക്ക് പരിധിയിലെ 6 ഗ്രാമ പഞ്ചായത്തുകളിലായി ഭക്ഷണം ആവശ്യമുള്ള ഗുണഭോക്താകള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി കൊണ്ടാണ് പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ രീതിയില്‍ തുടരുന്ന പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പഴയരീതിയില്‍ മാറ്റുന്നതിനാണ് ഉദ്ദേശിക്കുന്നത്.

പദ്ധതി ആരംഭിച്ചിട്ട് വിവിധ സാമ്പത്തിക വര്‍ഷങ്ങളിലായി ഗുണഭോക്താകളുടെ പട്ടിക പരിഷ്കരിക്കുകയും നാളിതുവരെ 17 ലക്ഷം രൂപ വികസന ഫണ്ടില്‍ നിന്നും വകയിരുത്തികൊണ്ടാണ് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കി വരുന്നത്. നിലവില്‍ 120 ഭൂണഭോക്താകളാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്.
വിശപ്പിനെ നിയന്ത്രിക്കണമെങ്കില്‍ ഫലപ്രദമായ സാമൂഹിക സുരക്ഷാ പദ്ധതികൾ ഏറ്റെടുത്തു അടിത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം.വീടുകളില്‍ ഭക്ഷ്യവസ്തുകളുടെ ആധിക്യം അനുഭവിക്കുന്ന നമ്മളോ നമ്മുടെ കുടുംബമോ വിശപ്പ് എന്താണെന്ന് അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മനസിലാക്കാത്തവരാണ്.വിശപ്പ് എന്നത് വേദനാജനകവും ഒരാളെ അശക്തനാക്കുന്നതിന്റെ തുടക്കവുമാണ്. സഹജീവികളുടെ ദയനീയവസ്ഥ തിരിച്ചറിഞ്ഞു അനുകമ്പാർദ്രമായ സമീപനങ്ങളുടെ പ്രതിഫലനമായ ഇത്തരം പദ്ധതികൾ ഏറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ അഭിനന്ദനമർഹിക്കുന്നു.

ഭിന്നശേഷിക്കാര്‍ക്ക് ഫിസിയോ ഈസിയാക്കി പഴയന്നൂര്‍ ബ്ലോക്ക്*********************************** കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥ...
12/03/2023

ഭിന്നശേഷിക്കാര്‍ക്ക് ഫിസിയോ ഈസിയാക്കി പഴയന്നൂര്‍ ബ്ലോക്ക്
***********************************
കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പരിണമിക്കാൻ തയ്യാറെടുക്കുന്ന ഈ കാലയളവിൽ, ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക്, വളര്‍ച്ചയ്ക്കും വികസനത്തിനും മറ്റുള്ളവർക്ക് ലഭിക്കും വിധം തന്നെ തുല്യ അവസരങ്ങള്‍ ലഭ്യമാക്കി സുരക്ഷിതവും അന്തസ്സുറ്റതുമായ ജീവിതത്തിനു പ്രാപ്തരാക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് തുല്യതയോടെയുള്ള സമീപനമാണു വേണ്ടതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഓരോ വിഭാഗക്കാരുടെയും പ്രയാസങ്ങളുടെ തോതനുസരിച്ച് ആവശ്യമായ പരിഗണന നൽകി സമൂഹത്തിൽ സാധാരണക്കാരെ പോലെ എല്ലാ മേഖലകളിലും പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുക എന്നത് ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും ധര്‍മ്മികമായ ചുമതലയായി കണക്കാക്കാം. ഇതേ ലക്ഷ്യത്തോടെ,കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ചികിത്സാ ലഭ്യമാക്കുന്നതിന് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ഫിസിയോതെറാപ്പി കേന്ദ്രത്തിന്റെ ഉത്ഘാടനം ബഹു. പട്ടികജാതി-പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ വികസനവും, ദേവസ്വവും, പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ഇന്ന് ഫിസിയോതെറാപ്പി മാറി കഴിഞ്ഞു. ഭൗതിക സ്രോതസുകളും വ്യായാമരീതികളും ചികിത്സാ സമ്പ്രദായങ്ങളും യോജിച്ച് ഫിസിക്കല്‍ ഡയഗനോസിസ് എന്ന രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന ശാസ്ത്രശാഖയാണ് ഫിസിയോതെറാപ്പി. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നല്‍കാതെ പൂര്‍ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേദമാക്കുകയാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത. വേദനസംഹാരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ആമാശയത്തിലെ അള്‍സര്‍ (മരുന്ന് അലര്‍ജി) ഉള്ള രോഗികള്‍ക്ക് ഫിസിയോതെറാപ്പി ഏറെ ഫലപ്രദമാണ്. സ്‌ട്രോക്ക്, പാര്‍ക്കിന്‍സണ്‍സ്, സ്‌പ്രെയിന്‍, സ്‌ട്രെയിന്‍, ഫ്രാക്ച്ചര്‍ കഴിഞ്ഞുള്ള പുനരധിവാസം, സന്ധിവാതം, ടെന്നീസ് എല്‍ബോ, സ്ഥാനഭ്രംശം (ഡിസ്‌ലോക്കേഷന്‍), നട്ടെല്ലിലെ ഡിസ്‌കിന്റെ അകല്‍ച്ച, ക്ഷതം, കഴുത്ത്-നട്ടെല്ലിന്റെ തേയ്മാനം (സ്‌പൊണ്‍ടിലോസിസ്), ശാസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദനകള്‍, ഗര്‍ഭകാല വ്യായാമങ്ങള്‍, ഒബീസിറ്റി (അമിതവണ്ണം) കുട്ടികളിലെ വളര്‍ച്ചക്കുറവ്, ചലനശേഷിക്കുറവ്, സെറിബ്രല്‍ പാള്‍സി, ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞുള്ള പുനരധിവാസം, കായിക താരങ്ങള്‍ക്ക് പറ്റുന്ന പരുക്കുകള്‍ മുതലായവ ഫിസിയോതെറാപ്പി മൂലം ചികിത്സിച്ച് ഭേദമാക്കാം.

പഴയന്നൂര്‍ ബ്ലോക്ക് പരിധിയില്‍ ഫിസിയോതെറാപ്പി സൌകര്യം നല്‍കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. പാവപ്പെട്ടവരായ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന തരത്തില്‍ ഒരു സ്ഥാപനം ബ്ലോക്ക് പരിധിയില്‍ ഉണ്ടാവുക എന്ന ആശയത്തിലാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്ക് വികസന ഫണ്ട് 5 ലക്ഷം രൂപ വകയിരുത്തികൊണ്ട് പദ്ധതി രൂപീകരിക്കുകയും ആധുനിക തരത്തിലുള്ള ഉപകരണങ്ങള്‍ വാങ്ങികൊണ്ട് പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിക്കുകയും ചെയ്തത്. ഫിസിയോതെറാപ്പി കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് ചേലക്കര ഗ്രാമ പഞ്ചായത്തിലെ ശിവശങ്കരൻ സ്മാരക മന്ദിരത്തെ ഉപയോഗപ്പെടുത്തുകയും ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ബ്ലോക്ക് പരിധിയില്‍ നിന്നും 15 ഗുണഭോക്താക്കൾ ആകും ഫിസിയോതെറാപ്പി കേന്ദ്രത്തിന്റെ സൌകര്യം ഉപയോഗപ്പെടുത്തുക.

ഭിന്നശേഷിക്കാരുടെ മസിലുകളുടെ ചലന ശക്തി പരിശോധിച്ച് അവയെ ബലപ്പെടുത്തിന് വേണ്ടിയുള്ള ചികിത്സാ രീതിയാണ് സെന്ററിൽ നടക്കുന്നത്. ഫിസിയോതെറാപ്പിക്ക് പുറമേ മാനസിക സ്വഭാവ വൈകാരിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൈക്കോതെറാപ്പി/ബിഹേവിയര്‍ തെറാപ്പി, സെന്‍സറി ഇംപ്രൂവ്‌മെന്റ്, ഭാവനാശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി വെര്‍ച്വല്‍ തെറാപ്പി, ഒരു വ്യക്തിയുടെ ശാരീരിക കുറവ് കണ്ടെത്തി ആ പ്രത്യേക ഭാഗത്തെ ഉത്തേജിപ്പിച്ച് കുറവ് പരിഹരിക്കുന്നതിനുള്ള ഒക്കുപേഷണല്‍ തെറാപ്പി, സംസാരത്തില്‍ കുറവുകള്‍ വന്ന കുട്ടികള്‍ക്ക് അവരുടെ ന്യൂനതകള്‍ ശാസ്ത്രീയമായി കണ്ടെത്തി വാക്കുകള്‍ ശരിയായി ഉച്ചരിക്കുവാന്‍ പരിശീലനം നല്‍കുന്നതിനുവേണ്ടി സ്പീച്ച് ആന്റ് ഓഡിയോ തെറാപ്പി, സെന്‍സറി ഓര്‍ഗന്‍സിനെ ഉത്തേജിപ്പിച്ച് കുറവുകള്‍ മാറ്റിയെടുക്കുന്നതിനുവേണ്ടി സെന്‍സറി തെറാപ്പി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ സേവനങ്ങളും ഭിന്നശേഷിക്കാർക്ക് സൗജന്യമായാണ് ലഭ്യാമാക്കുന്നു. വരും സാമ്പത്തിക വര്‍ഷങ്ങളില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് തുക മാറ്റിവയ്ക്കുന്നതിനും കൂടുതല്‍ സൌകര്യപ്രദമായ കേന്ദ്രം നിര്‍മ്മിക്കുന്നതിനും പഴയന്നൂര്‍ ബ്ലോക്ക് പദ്ധതികള്‍ തയ്യാറാക്കിയിടുണ്ട്.

ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസം നേടുന്നതിനും ജോലി സമ്പാദിക്കുന്നതിനും പ്രായോഗികമായി പ്രതിബന്ധങ്ങൾ ഏറെയാണ്. ഭിന്നശേഷിക്കാര്‍ക്ക് അവരുടെ പരിമിതികള്‍ മറികടക്കുന്നതിനും അവകാശ സംരക്ഷണവും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പുവരുത്തി രാഷ്ട്രനിര്‍മ്മാണത്തിന് പ്രാപ്തരാക്കുന്നതിന്, അവര്‍ക്ക് തടസ്സമാകുന്ന കാര്യങ്ങൾ മറികടക്കാന്‍ ഉതകുന്ന നൂതന സാങ്കേതിക ഉപകരണങ്ങള്‍ നല്‍കുകയും, അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും സാമൂഹ്യനീതി വകുപ്പ് അടക്കമുള്ള വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നൽകുന്ന സേവനങ്ങൾ ശ്ലാഘനീയമാണ്. ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിനു മുതൽക്കൂട്ടാകട്ടെ ഇത്തരം പ്രവർത്തനങ്ങൾ.

തൃശ്ശൂരിന് വീണ്ടുമൊരു സ്വരാജ് ട്രോഫി കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ വക....2021-22 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനത്തെ ഏറ്റവു...
05/03/2023

തൃശ്ശൂരിന് വീണ്ടുമൊരു സ്വരാജ് ട്രോഫി കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ വക....

2021-22 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ബ്ലോക്ക്‌ പഞ്ചായത്തിനുള്ള പുരസ്കാരം നേടി കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌. പഞ്ചായത്തീ രാജ് സംവിധാനത്തിന്റെ പിതാവായ ബല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ന്, പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയില്‍ നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷവേളയിൽ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയിൽ നിന്നും ബ്ലോക്ക്‌ പഞ്ചായത്ത്‌ അവാർഡ് ഏറ്റുവാങ്ങി.

മികവിന്റെ സൂചികയിൽ പൊൻതിളക്കമാർന്ന നിരവധി പ്രവർത്തനങ്ങളുടെ നിർവഹണമാണ് കൊടകര ബ്ലോക്ക്‌ പഞ്ചായത്തിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ഭൂപ്രദേശത്തിന്റെയും അധിവസിക്കുന്ന ജനതയുടെയും മാറിമാറി വരുന്ന അഭിരുചിക്കും ആവശ്യങ്ങൾക്കുമനുസൃതമായി, ബ്ലോക്ക്‌ പരിധിയിൽ ഉൾപ്പെട്ട 7 ഗ്രാമപഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ പദ്ധതികൾ രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ നിതാന്ത ജാഗ്രത പുലർത്തുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥായിയായ വരുമാനം ലഭ്യമാകത്തക്ക രീതിയിൽ, തൊഴിലധിഷ്ഠിതമായ പദ്ധതികൾ രൂപം കൊടുത്തു നടപ്പിലാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പം നിന്ന്, കൊടകര ബ്ലോക്ക് വിഭാവനം ചെയ്ത "ഷീ വർക് സ്പേസ്" ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. വനിതകൾക്ക് 24 മണിക്കൂറും സുരക്ഷിതവും സൗകര്യപ്രദവുമായി ജോലിചെയ്യാനുള്ള ഒരിടം എന്നതിനപ്പുറം പ്രാദേശിക സാമ്പത്തിക വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും വഴിതെളിക്കുന്നതാണ്. ബ്ലോക്ക് പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമി ഉപയോഗപ്പെടുത്തി 28.9 അഞ്ച് കോടിരൂപ മുതൽമുടക്കിലാണ് പദ്ധതി പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

കാർഷിക മേഖലയിലും ഗ്രാമീണ ജനതക്ക് വരുമാനദായക പ്രവർത്തന മേഖലകൾ സൃഷ്ടിക്കുന്നതിലും കൊടകര ബ്ലോക്ക്‌ നിരവധി ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. വാഴകൃഷിയുടെ ഹബ് എന്നു വിശേഷിപ്പിക്കാവുന്ന കൊടകര ബ്ലോക്ക് പഞ്ചായത്തിൽ "പാഡി അഗ്രോ" എന്ന മൂല്യവര്ധിത യൂണിറ്റിന്റെ ആരംഭത്തോടെ, സാധാരണ വിപണികൾക്കപ്പുറം മികച്ച മറ്റുമേഖലകളിലും ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകര്‍ക്ക് സാധ്യമായി. ബ്രിട്ടനിലേയ്ക്കടക്കം കായയും അതിന്റെ മറ്റുൽപ്പന്നങ്ങളും കയറ്റി അയച്ചു ഈ ഗ്രൂപ്പ്‌ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഈ ഗ്രൂപ്പിന് റിവോൾവിങ് ഫണ്ട്‌ ആയി കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ നൽകിയ അഞ്ചു ലക്ഷം രൂപയാണ് ഇവരുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയായത്.
ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, സ്ത്രീ സൗഹൃദ കൂട്ടായ്മയിലുള്ള ഗ്രൂപ്പിന് പാലുൽപ്പാദനത്തിനും വിപണനത്തിനും ധനസഹായമായി 12 ലക്ഷം രൂപ നൽകി. ശുദ്ധവും ഗുണമായ നിറഞ്ഞതുമായ പാൽ ഹരിത ഫ്രഷ് മിൽക്ക്" എന്ന ബ്രാൻഡില്‍ വിതരണം ചെയ്തു ഈ സഹോദരിമാർ സാമൂഹ്യ ശ്രദ്ധ ആകര്‍ഷിച്ചു, ഇതോടൊപ്പം തന്നെ ഫ്‌ളവർ, ഓയിൽ മില്ലുകൾ, ടൈലറിങ് യുണിറ്റുകൾ ഇവയ്ക്ക് ധന സഹായം,മഞ്ഞൾ കൃഷിക്ക് ധനസഹായം, മത്സ്യകൃഷിക്ക് ധനസഹായം, കോവിഡ് സമയത്ത് മടങ്ങി വന്ന പ്രവാസികൾക്ക് ജീവനോപാധി നൽകൽ എന്നിങ്ങനെ പരിശോധിക്കുമ്പോൾ കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഏറ്റെടുക്കാത്ത മേഖലകൾ തുലോം കുറവാണെന്നു കാണാം.

ഇനി ആരോഗ്യ മേഖലയിലേക്ക് നോക്കിയാല്‍ ജില്ലയിൽ ആദ്യമായി മേജർ പദ്ധതിയായി ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നത് കൊടകര ബ്ലോക്ക്‌ പരിധിയിലെ പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ്. സംസ്ഥാനത്ത് ആദ്യമായി കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ ആണ് ഇതിനാവശ്യമായ സാങ്കേതിക സൗകര്യം ഒരുക്കുന്നതിന് ബ്ലോക്ക് വിഹിതം വകയിരുത്തിയിട്ടുള്ളത്. 24.60 ലക്ഷം രൂപ വകയിരുത്തികൊണ്ട് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി കമ്പ്യൂട്ടർ സൗകര്യം ഒരുക്കുന്നതിനു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രത്യേക ശ്രദ്ധ നല്‍കി. ഈ കാലയളവിൽ തന്നെ സാധാരണക്കാർക്ക് ആശ്വാസമാകുന്നതിനായി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു. താരതമ്യേന ഉൾപ്രദേശമായ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ സാധാരണക്കാരുടെയും ട്രൈബൽ വിഭാഗത്തിന്റെയും ഏക ആശ്രയമായ മറ്റത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലൻസ് സ്പോൺസർഷിപ്പ് വഴി നൽകാൻ കഴിഞ്ഞു എന്നത് എടുത്ത് പറയേണ്ട നേട്ടമാണ്. വനമേഖലയിൽ വിഷജന്തുക്കളുടെയും വന്യജീവികളുടെയും ശല്യം രൂക്ഷമായതിനാൽ ആദിവാസി മേഖലയിലുള്ള ജനങ്ങൾക്ക് ഏറ്റവും ആശ്വാസകരം ആയിരുന്നു ഈ ആംബുലൻസ് സേവനം. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ വരുന്ന മറ്റത്തൂർ പുതുക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ അധിക ഡോക്ടർമാരെ നിയമിച്ചുകൊണ്ട് 24 മണിക്കൂറും ഒ. പി ഐ. പി ഉറപ്പുവരുത്താനും ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞു. ഇതോടൊപ്പം തന്നെ ആശുപത്രികളിൽ നടത്തിയ അടിസ്ഥാന സൗകര്യ വികസന, പരിപാലന പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.

പാർശ്വവർക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി 2021-22 വർഷത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. 70 പട്ടികജാതി കോളനികളും 11 പട്ടികവർഗ കോളനികളുമാണ് ബ്ലോക്ക്‌ പരിധിയിലുള്ളത്. മൂന്ന് SC കോളനിയിലേക്ക് സഞ്ചാരം സുഖമമാക്കുന്നതിനായി റോഡ് നിർമാണം, സാംസ്‌കാരിക നിലയം ഡിജിറ്റലൈസ് ചെയ്തു സ്മാർട്ട്‌ ആക്കുന്നതിനുള്ള പ്രവർത്തനം, പഠനമുറി, സ്ക്കോളർഷിപ് എന്നിവയടക്കം വികസന ഫണ്ട്‌ ഉപയോഗിചുള്ള പ്രവർത്തനങ്ങളും വകുപ്പ്തല പദ്ധതികളും കൃത്യമായി നടപ്പിലാക്കി.

മാലിന്യ സംസ്‍കരണം, ശുചിത്വ പരിപാലനം എന്നിവയിലും കൃത്യമായ ആസൂത്രണത്തോടെയാണ് ബ്ലോക്ക്‌ പഞ്ചായത്തും പരിധിയിലെ 7 ഗ്രാമ പഞ്ചായത്തുകളും പ്രവർത്തിക്കുന്നത്. മാലിന്യ നിർമാർജനം ഹരിതകർമസേനയുടെ സഹായത്തോടെ നിർവഹിക്കുകയും RRF പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചു ആധുനിക അറവുശാലയും സ്ഥാപിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും വാസ ഗൃഹങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ plan@earth, ക്ലീന്‍ കേരള എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്കരിക്കുന്നു. കൊടകര ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ 1000 സ്ക്വയര്‍ ഫീറ്റ് വരുന്ന RRF പ്രവർത്തിച്ചു വരുന്നുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങളും തുടർവർഷങ്ങളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ തയ്യാറാക്കി വരുന്നു.
ഇത്തരത്തിൽ കൊടകര ബ്ലോക്ക്‌ പഞ്ചായത്തിന്റെ പ്രവർത്തന നേട്ടങ്ങൾ ഓരോ മേഖലയിലും പട്ടികപ്പെടുത്താനാകും. വയോജനങ്ങൾക്കുള്ള പ്രത്യേക പദ്ധതികൾ, ഭിന്നശേഷിയുള്ളവർക്കുള്ള ഉന്നമനപ്രവർത്തനങ്ങൾ, ജൻഡർ ബജറ്റിന് അനുസൃതമായ വികസനപ്രവർത്തനങ്ങൾ, സാന്ത്വന ചികിത്സ, കുടിവെള്ളം ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക പദ്ധതികൾ എന്നിങ്ങനെ നിരവധി മേഖലകളിലെ ചിട്ടയായതും കാര്യക്ഷമവും ഫലപ്രാപ്തി നേടിയതുമായ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ സ്വരാജ് ട്രോഫി നൽകി അംഗീകരിച്ചത്.

കേരളം പിന്തുടരുന്ന വികേന്ദ്രീകൃത ആസൂത്രണ പരിപാടികൾ സമാനതകൾ ഇല്ലാത്തതാണ്.ഓരോ പ്രദേശത്തിന്റെയും വികസന രീതി അവിടെയുള്ള ജനങ്ങളുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുകൂലമായി വിന്യസിച്ചുള്ള പ്രവർത്തനങ്ങളിൽ,ത്രിതല പഞ്ചായത്ത്‌കളുടെ ഇടത്തട്ടു സംവിധാനമായ ബ്ലോക്ക്‌ പഞ്ചായത്ത്‌കളുടെ ഭാഗം അരക്കിട്ടുറപ്പിക്കുന്നതാണ് കൊടകര ബ്ലോക്കിനു ലഭിച്ച അംഗീകാരം. ഇതിനായി യത്നിച്ച കൊടകര ബ്ലോക്ക്‌ പഞ്ചായത്തിലെയും ഗ്രാമ പഞ്ചായത്ത്‌ ലെയും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ.

Address

Panjal
Thrissur

Website

Alerts

Be the first to know and let us send you an email when Thaddesham Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thaddesham Thrissur:

Share