25/09/2024
“അവർ ഞങ്ങളെ കുഴിച്ചുമൂടാൻ ശ്രമിച്ചു.അവർക്കറിയില്ലായിരുന്നു, ഞങ്ങൾ വിത്തുകൾ ആയിരുന്നുവെന്ന് “. ശ്രീലങ്കയെ ചുവപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവ് അനുരകുമാര ദിസനായകെയുടെ വരികളാണ് മുകളിൽ കൊടുത്തത്. അഞ്ചുവർഷം മുമ്പ് പാർലമെൻറിൽ വെറും മൂന്ന് സീറ്റും മൂന്ന് ശതമാനം വോട്ടും മാത്രമുണ്ടായിരുന്ന പാർട്ടിയാണ് അഞ്ചു വർഷത്തിനിപ്പുറം 42 ശതമാനം വോട്ട് നേടി പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനുരകുമാര ദിസനായകെ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ജനതാ വിമുക്തി പെരമുനയുടെ(ജനകീയ വിമോചന മുന്നണി) നേതാവായി ഉയർന്നത്. നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ ശ്രീലങ്കയെ തകർത്തെറിഞ്ഞപ്പോൾ അതിനെതിരായ പോരാട്ടങ്ങളുടെ മുൻപന്തിയിൽ ജനതാ വിമുക്തി പെരമുനയും സമരനായകരിൽ പ്രമുഖനായി ദിസനായകെയും ഉണ്ടായിരുന്നു. ശ്രീലങ്കൻ ജനതയുടെ കൊടിയ ജീവിത ദുരിതങ്ങളുടെ നാളുകളിൽ അതിനെതിരായി പോരാട്ടം നയിച്ച കമ്മ്യൂണിസ്റ്റുകാർക്കൊപ്പം ജനങ്ങളാകെ അണിനിരന്നതാണ് ഈ ചരിത്ര വിജയത്തിന് കാരണം. പ്രതിസന്ധികളിൽ വിശ്വസിക്കാവുന്ന പ്രസ്ഥാനം ഏതാണെന്നും വഴി കാണിക്കുന്ന പ്രത്യയശാസ്ത്രം ഏതാണെന്നും ലോകം ഒരിക്കൽ കൂടി ശ്രീലങ്കയിലൂടെ തിരിച്ചറിയുകയാണ്.
ലാറ്റിനമേരിക്കയിലും യൂറോപ്പിലുമെല്ലാം നവ ഉദാരവൽക്കരണം സൃഷ്ടിച്ച സാമ്പത്തിക കെടുതികൾക്കെതിരായ പോരാട്ടങ്ങൾക്കൊടുവിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇടതുപക്ഷം ജയിച്ചതും ഓർക്കാവുന്നതാണ്. ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വിജയവും ഉദാരവൽക്കരണം സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിക്കെതിരായ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ്. മുതലാളിത്തം സൃഷ്ടിക്കുന്ന ജീവിത ദുരിതങ്ങൾക്കെതിരായ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും വഴി മാർക്സിസമാണെന്ന് അടിവരയിടുന്നതാണ് ശ്രീലങ്കയിലെ ഇടതുപക്ഷ വിജയം. നേപ്പാളിന് ഒപ്പം ശ്രീലങ്ക കൂടി ഇടത്തേക്ക് തിരിയുമ്പോൾ അത് ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ അനുരണനങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും.
ശ്രീലങ്കയുടെ ചരിത്രത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടിന് ലാൽ സലാം. സിപിഐഎം സംഘടിപ്പിച്ച, ദക്ഷിണേഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ദിസനായകെ കൊച്ചിയിൽ എത്തിയിരുന്നു. അന്ന് സീതാറാം യെച്ചൂക്കൊപ്പം എടുത്ത ഫോട്ടോയാണ് ഇതോടൊപ്പം ചേർക്കുന്നത്.