07/04/2026
ആദരാഞ്ജലികൾ ....🌹
കലയന്താനി / ഇളംദേശം :- കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത നാടക, ചലച്ചിത്ര, സീരിയൽ നടൻ ജോസ്താന ( 73 ) യുടെ മൃത സംസ്കാരം, ഏപ്രിൽ 10 വെള്ളിയാഴ്ച നടക്കും.
രാവിലെ പത്തരയ്ക്ക് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് കലയന്താനി സെന്റ്മേരിസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വെളുപ്പിന് അഞ്ചരക്ക് ആയിരുന്നു അന്ത്യം.
തൊടുപുഴ, ഇളംദേശം താനപ്പനാൽ വീട്ടിൽ പരേതനായ തോമസിന്റെ മകനാണ്.
ഭാര്യ: ജെസി ( വെള്ളിയാമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ) കുറവിലങ്ങാട് പാറ്റാനി കുടുംബാംഗമാണ്.
രണ്ട് മക്കൾ.
സച്ചിൻ (കാനഡ )
കെവിൻ ( യു എസ് എ )
സ്കൂളിലെയും കോളജിലെയും ഏകാങ്ക നാടകങ്ങളിൽ തിളങ്ങിയ ജോസ്
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് 1975 ൽ പ്രൊഫഷണൽ നാടകരംഗത്തേക്ക് തിരിയുകയായിരുന്നു. കാലടി ഗോപിയുടെ സമിതിയായ പെരുമ്പാവൂർ നാടകശാലയിലാണ് ആദ്യമായി പ്രൊഫഷണൽ നാടക നടന്റെ വേഷം ഇട്ടത്. തുടർന്ന് ചങ്ങനാശേരി ഗീഥയിൽ ദീർഘകാലം നടനായിരുന്നു. തുടർന്ന് അതിന്റെ മുഖ്യ നടത്തിപ്പുകാരനുമായി.
പിന്നീട്, 1978 ൽ ചങ്ങനാശ്ശേരി അണിയറയിൽ പ്രവർത്തിച്ചു.
ചങ്ങനാശ്ശേരി തരംഗം, വൈക്കം മാളവിക, കോട്ടയം ഉജ്ജയിനി തുടങ്ങിയ സമിതികളിലും മുഖ്യ നടനായിരുന്നു.
നാടകരംഗത്ത് നിരവധി പുരസ്കാരങ്ങളും താനയെ തേടിയെത്തി. കെസിബിസി അഖിലകേരള അടിസ്ഥാനത്തിൽ നടത്തിയ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടനും മികച്ച സംവിധായകനുമായി. അഭിമന്യു എന്ന നാടകം സംവിധാനം ചെയ്തതിന് മികച്ച സംവിധായകനുള്ള നാന ഗ്യാലപ് പോൾ അവാർഡ് ലഭിച്ചു.
തൊടുപുഴ ന്യൂമാൻ കോളേജിലെ പഠനകാലത്ത് പിക്നിക് എന്ന മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയതാണ് അഭിനയരംഗത്ത് ചുവട് ഉറപ്പിക്കാൻ പ്രചോദനമായത്.
ഒട്ടേറെ മലയാള സിനിമകളിലും സീരിയലുകളിലും ടെലിഫിലിമുകളിലും വേഷമിട്ടു.