28/04/2021
കൊച്ചു കൂട്ടുകാരുടെ കഥാകാരി *സുമംഗല* വിടപറഞ്ഞു
ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് (87)അന്തരിച്ചു. ഏറെ പ്രസിദ്ധമായ പഞ്ചതന്ത്രം കഥകൾ ഉൾപ്പെടെ ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും സുമംഗല രചിച്ചു.
സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്‌പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികൾ, മുത്തുസഞ്ചി,നടന്നു തീരാത്ത വഴികൾ, പച്ചമലയാളം നിഘണ്ടു(രണ്ട് ഭാഗങ്ങൾ), കടമകൾ, ചതുരംഗം, ത്രയ്യംബകം, അക്ഷഹൃദയം എന്നീ നോവലുകളും, നുണക്കുഴികൾ എന്ന ചെറുകഥാ സമാഹാരവും, കേരള കലാമണ്ഡലത്തിൻറെ ചരിത്രവും സുമംഗലയുടെ രചനകളാണ്. കേരളസർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ് (നെയ്‌പായസം), കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാർഡ് (മിഠായിപ്പൊതി), ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം – 2013, ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2017),പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. മാനസ സരസ് സുമംഗലയുടെ ജീവചരിത്രമാണ്.
കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിലെ ബാലസാഹിത്യ വിഭാഗത്തിൽ ഏറെ ജനപ്രീതിയുള്ള പുസ്തകങ്ങളാണ് സുമംഗലയുടേത്:
സുമംഗലയുടെ സ്മരണകൾക്കു മുന്നിൽ കണ്ണീർപ്പൂക്കൾ:
കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാല: