20/05/2026
കഴിഞ്ഞ ദിവസം NSS കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മന്നം ബാലസമാജം കുട്ടികൾ മുൻകൂട്ടി അനുവാദം വാങ്ങി, പ്രവേശന ഫീസും നൽകി കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസ് സന്ദർശിക്കാൻ എത്തിയപ്പോൾ അവിടുത്തെ സ്റ്റുഡന്റ്സ് കൗൺസിൽ തടഞ്ഞ സംഭവത്തിന്റെ വാർത്തയുടെ കമന്റിൽ, സ്ഥാപനം ഇരിക്കുന്ന ഭൂമി NSS സൗജന്യമായാണ് നൽകിയത് എന്ന് പറയുന്നവരോട് തെളിവുണ്ടോ എന്ന് പലരും ചോദിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു...
വിശദാംശങ്ങൾ അറിയില്ലെങ്കിൽ അത് കണ്ടെത്താൻ ശ്രമിക്കുക എന്നെ അത്തരക്കാരോട് പറയാനുള്ളു.. അതല്ലാതെ ഭൂമി കൈമാറ്റത്തിന് തെളിവുണ്ടോ എന്ന് ചോദിച്ചു ആരും വരരുത്.. കാരണം, ഈ ഭൂമി കൈമാറ്റത്തിന് കൃത്യമായ ഔദ്യോഗികവും ചരിത്രപരവുമായ രേഖകളും തെളിവുകളുമുണ്ട്....
അന്തരിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ സ്മരണാർത്ഥം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ എ.കെ. ആന്റണി സർക്കാർ തീരുമാനിച്ചപ്പോൾ, തെക്കും തലയിലുണ്ടായിരുന്ന മന്നം ഐ.ടി.സി വക ഭൂമിയാണ് NSS സർക്കാരിന് വിട്ടുനൽകിയത്. പിന്നീട് 2016 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്...
ഭൂമി കൈമാറ്റ ആധാര പ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി Nair Service Society തങ്ങളുടെ ഉടമസ്ഥതയിലായിരുന്ന ഭൂമി സൗജന്യമായി കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് എഴുതി നൽകുകയായിരുന്നു എന്ന് സർക്കാരിന്റെ റവന്യൂ-ഉന്നതവിദ്യാഭ്യാസ വകുപ്പുകളുടെ രേഖകളിൽ നോക്കിയാൽ കാണാൻ സാധിക്കും.. അതിൽ ഈ ഭൂമിയുടെ മുൻ ഉടമസ്ഥർ എൻ.എസ്.എസ് ആണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മന്നത്ത് പത്മനാഭന്റെ കാലഘട്ടം മുതൽക്കേ എൻ.എസ്.എസിന്റെ കീഴിൽ തെക്കുംതലയിൽ പ്രവർത്തിച്ചിരുന്ന മന്നം ഐടിസി ഇരുന്ന ഭൂമിയാണിത്.
ഇതൊന്നും കൂടാതെ 2016 ജനുവരി 11ന് അന്നത്തെ ഇന്ത്യൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിലും, അതിനു മുമ്പ് സ്ഥാപനത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഈ ഭൂമി സൗജന്യമായി നൽകിയതിന് എൻ.എസ്.എസ് നേതൃത്വത്തോട് പരസ്യമായി നന്ദി അറിയിച്ചിട്ടുള്ളത് സഭാരേഖകളിലും മാധ്യമ വാർത്തകളിലും ലഭ്യമാണ്...
സഭരേഖകൾ തന്നെ കാണണം എന്നുള്ളവർക്ക് ഡീറ്റെയിൽസ് തരാം.. സ്വയം തിരഞ്ഞ് കണ്ടെത്താവുന്നതാണ്.
2011 ജൂലൈ 18-ന് നടന്ന പന്ത്രണ്ടാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചോദ്യോത്തരങ്ങൾ സഭാരേഖകളിൽ വരുന്നത്.. അന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. അബ്ദുറബ്ബ് സഭയിൽ നൽകിയ മറുപടിയിലാണ് ഈ ഭൂമി കൈമാറ്റത്തെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടുള്ളത്.
നിയമസഭാ ചോദ്യം: 1610
സർക്കാർ മറുപടി:
"കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിൽ തെക്കുംതലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി നായർ സർവീസ് സൊസൈറ്റി സൗജന്യമായി നൽകിയ 10 ഏക്കർ 58 സെന്റ് ഭൂമി ഗവൺമെന്റ് ഏറ്റെടുത്തിട്ടുണ്ട്. ഈ ഭൂമിയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു"
അതായത് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇരിക്കുന്ന കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിൽപ്പെട്ട തെക്കുംതലയിലെ 11 ഏക്കറോളം വരുന്ന ഭൂമി സർക്കാരിലേക്ക് കരയോഗം സൗജന്യമായി കൈമാറിയതാണ് എന്ന്.. വ്യക്തം... കൃത്യം...
ഇനി ഇതൊന്നും തിരയാൻ സമയം ഇല്ലേൽ കഴിഞ്ഞ ദിവസം കരയോഗത്തിലെ കുട്ടികളെ ഇൻസ്റ്റിറ്റ്യൂട്ടിലെ ചില സംഘടനകൾ തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോൾ ഡയറക്ടർ സണ്ണി ജോസഫ് അടിവരയിട്ട് പറഞ്ഞത്.. "ഇൻസ്റ്റിറ്റ്യൂട്ട് ഇരിക്കുന്ന ഭൂമി NSS സൗജന്യമായി നൽകിയതാണെന്നും, അതുകൊണ്ടുതന്നെ അവിടുത്തെ കരയോഗം ഭാരവാഹികളോടും കുട്ടികളോടും ഇത്തരം ഒരു സമീപനം ഉണ്ടായതിൽ ഖേദിക്കുന്നു" എന്നുമാണ്..
അതോണ്ട് സമുദായ സംഘടനകൾ ഇനിയെങ്കിലും സർക്കാരിന് ഇങ്ങനെ ഭൂമി വിട്ട് നൽകുന്ന പരിപാടി അവസാനിപ്പിക്കണം... സംഘടനകളുടെ കൈവശം ഭൂമികൾ ഉണ്ടേൽ അത് സമാജത്തിന് വേണ്ടി മാത്രം ഉപയോഗിച്ചാൽ ഇത്തരം അപമാനം നേരിടേണ്ടി വരില്ല എന്നെ ആവർത്തിച്ച് പറയാനുള്ളു.. ഇങ്ങനെ ക്യാമ്പസ് ഉണ്ടാക്കാൻ ഒകെ ഇനി മതേതര വിപ്ലവ പാർട്ടികൾ ഭൂമി നൽകട്ടന്നെ..