21/04/2025
പെരുമാതുറയുടെ ഹൃദയത്തിൽ നിന്ന് ഒരു സന്ദേശം…
മുതലപ്പൊഴിയിൽ നടക്കുന്നത് ഒരു പ്രാദേശിക പ്രശ്നമല്ല.
ഇത് ഏറെ കാലമായി അവഗണിക്കപ്പെടുന്ന ഒരു ജനതയുടെ നിലനിൽപ്പിന്റെ സമരമാണ്.
പ്രതിദിനം ജീവൻ പണയപ്പെടുത്തി കടലിൽ ഇറങ്ങുന്ന നമ്മുടെ മത്സ്യത്തൊഴിലാളികൾ ദിനംപ്രതി അപകടങ്ങൾ നേരിടുകയാണ് നഷ്ടങ്ങൾ സഹിക്കുകയാണ്.
വാഗ്ദാനങ്ങൾ പലതും ലഭിച്ചു. എന്നാൽ പരിഹാരമില്ല. എന്നും ഇവിടെ ജീവനുകൾ നഷ്ടപ്പെടുകയാണ്.
ഇനിയും എത്ര ബോട്ടുകളും വള്ളങ്ങളും മുങ്ങണം, പാറകളിൽ ഇടിച്ചു തകരണം??
ഇനിയും എത്ര കുടുംബങ്ങൾക്ക് അവരുടെ പ്രിയപെട്ടവരെ നഷ്ടപ്പെടണം??
ഇനിയും എന്തൊക്കെ നഷ്ടപെട്ടാലാണ് അധികാരികൾ കണ്ണ് തുറക്കുന്നത്?
പഴയ പ്രസ്താവനകളും താത്കാലിക പരിഹാരങ്ങളും വേണ്ട. സ്ഥിരമായ, ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത സുരക്ഷ വേണം.
ഈ വിഷയത്തിന്റെ ഗൗരവം നാട്ടുകാരായ മത്സ്യത്തൊഴിലാളികളെക്കാൾ നന്നായി ആരും മനസ്സിലാക്കിട്ടില്ല—അത് അതുമായി ബന്ധപ്പെട്ട വകുപ്പ് ആയാലും മന്ത്രി ആയാലും.
കാലങ്ങളായി വ്യത്യസ്ത സർക്കാരുകൾ പലതരത്തിൽ നമുക്ക് നീതി നിഷേധിച്ചിട്ടുള്ളത് നമുക്ക് പരിചിതമാണ്. ഒരു ദേശം തന്നെയായിട്ടും മൂന്ന് പഞ്ചായത്തുകളായി വിഭജിച്ച ഭരണകൂടവും, ഒരേ പഞ്ചായത്ത് എന്ന സ്വപ്നം തുടർച്ചയായി തല്ലിക്കെടുത്തി കൊണ്ടിരിക്കുന്നവരും നാടിന്റെ ഭാവി ഇല്ലാതാക്കാൻ ശ്രമിച്ചവരാണ്.
പക്ഷേ, ഇപ്പോൾ നമുക്ക് കൈകോർത്ത് നടക്കാനുള്ള സമയമാകുന്നു. ഈ നിലപാട് ഒരു തുടക്കമാണ്. നാം ഒരുമിച്ചു നിലകൊള്ളുമ്പോൾ അതിലേറെ നമുക്ക് സാധ്യമാകുമെന്നും അതിനായി പ്രതീക്ഷയോടെ മുന്നോട്ടുപോകണമെന്ന് ഈ നാട് ഉറച്ചു വിശ്വസിക്കുന്നു.
കേരളമേ, കൂടെ നിൽക്കൂ.
ഇത് ഒരു സ്ഥലത്തിന്റെ പോരാട്ടമല്ല — ജീവന്റെ പോരാട്ടമാണ്.
മാധ്യമങ്ങളേ, കാഴ്ച്ച കാണാതെ പോകരുത്, മറ്റു ബ്രേക്കിങ് ന്യൂസുകളിൽ നിങ്ങളും ഞങ്ങളെ മുക്കി കളയരുത്.
നാളെ നിങ്ങൾക്കും വേണ്ടിവരാം ഈ സമരം.
നാം ഒരുമിച്ചാൽ മാത്രമാണ് മാറ്റം സംഭവിക്കുക.
ഇപ്പൊഴാണ് ഉറച്ച നിലപാട് വേണ്ടത്.