14/12/2021
രാമരായർ ലാംപ്
---------------------------
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തെ(1886-1924) തിരുവിതാംകൂറിന്റെ ദിവാൻപേഷ്കാർ ആയിരുന്നു T.രാമറാവു.ഒട്ടേറെ വികസനപ്രവർത്തനങ്ങളും നിയമനിർമ്മാണങ്ങളും രാമറാവു കൊണ്ടുവന്നിട്ടുണ്ട്.
1887മുതൽ 1892വരെയായിരുന്നു അദ്ദേഹം തിരുവിതാംകൂർ ദിവാനായി സേവനമനുഷ്ഠിച്ചിരുന്നത്.
1888-ലെ തിരുവുതാംകൂറിലെ പ്രഥമ നിയമനിർമ്മാണസഭ സമ്മേളിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു, രാജാവിന്റെ വിശ്വസ്ഥരിൽ ഒരാളായി അദ്ദേഹം മാറി.
T.രാമറാവുവിന്റെ സ്മരണ നിലനിർത്താനാണ് ഈ ലാംപ് സ്ഥാപിച്ചത്, ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തു തിരുവിതാംകൂർ ഉദയഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ മകൻ ഉദാരശിരോമണി പദ്മനാഭറാവുവാണ് ഈ വഴിവിളക്ക് സ്ഥാപിച്ചത്.
പൂർണ്ണമായും വെങ്കലനിർമ്മിതമാണ് ഇതിന്റെ സ്തൂപം, അതിനു മുകളിലായി മൂന്നു വിളക്കുകൾ
ഇപ്പിഴത്തെ നഗരസഭാ കാര്യാലയത്തിനും,CSI പള്ളിയ്ക്കും മദ്ധ്യേ LMS ജങ്ഷനിലാണ് "രാമരായർ ലാമ്പ്" കാലത്തെ അതിജീവിച്ചു ഇപ്പോഴും നിലനിൽക്കുന്നത്. ഒരുകാലത്തു മറ്റുള്ളവർക്ക് വെളിച്ചമേകി നിന്ന ഈ വിളക്ക് ഇപ്പോൾ പ്രകാശിക്കുന്നില്ല. പണ്ടുകാലത്ത് ഇതിനു വെളിച്ചം നൽകാൻ ഉപയോഗിച്ചിരുന്നത് മണ്ണെണ്ണ ആയിരുന്നു, അതിനായി അനേകം ജോലിക്കാരെ അന്ന് നിയമിച്ചിരുന്നു, വൈകുന്നേരങ്ങളിൽ നഗരത്തിൽ "മണ്ണെണ്ണ വാസന " നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു,ഇതേ ആകൃതിയിൽ ഏതാണ്ട് സമാനമായ വഴിവിളക്കുകൾ പാളയത്ത് അന്നുണ്ടായിരുന്നു,
1929 ഫെബ്രുവരിയിൽ പഴവങ്ങാടിക്ക്സമീപം "powerhouse" പ്രവർത്തനം ആരംഭിക്കുന്നത് വരെ മണ്ണെണ്ണ തന്നെയായിരുന്നു വെളിച്ചം പകരാൻ ഈ വിളക്കുകളിൽ ഉപയോഗിച്ചിരുന്നത്, പവർഹൌസ് പ്രവർത്തനം ആരംഭിച്ചതിനു ശേഷം മണ്ണെണ്ണ ഒഴിവാക്കി, ഈ വിളക്കുകൾ എല്ലാം വൈദ്യുതീകരിക്കുകയുണ്ടായി. അതുവരെ വർഷം തോറും തെരുവ്വിളക്കുകൾ തെളിയിക്കുന്നതിലേക്കായി 40457ഗ്യാലൻ മണ്ണെണ്ണയാണ് ഉപയോഗിച്ചിരുന്നത് എന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു.
പാളയം മുതൽ കവടിയാർ വരെ റോഡിനു ഇരുവശവും തിരുശേഷിപ്പുമായി ഏകദേശം മുപ്പതോളം വഴിവിളക്കുകളുടെ സ്തംഭം ഇന്നും നിലനിൽക്കുന്നു, രാജവാഴ്ച അവസാനിച്ചതോടുകൂടി,
വിളക്കുകൾ പലതും മോഷണം പോവുകയും നശിപ്പിക്കുകയും ചെയ്തു. പലതും റോഡിന്റെ വശത്ത് ചാഞ്ഞു നില്കുന്നു,പലതും ബാനറുകളുംഇതിന്റെ ചരിത്രപ്രാധാന്യം കേട്ടുകേഴ്‌വി പോലുമില്ലാത്ത പുതുതലമുറ ഇത്തരം സ്തംഭങ്ങൾ പരസ്യബോർഡുകളും,ഫ്ലെക്സുകളും വലിച്ചു കെട്ടാനായി ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ മകൻ ഉദാരശിരോമണി പദ്മനാഭറാവുവിന്റെ സ്മരണാർത്ഥം, വെള്ളയമ്പലം(PHQ)നു സമീപം ഒരു ലാമ്പ് സ്ഥാപിച്ചിരുന്നെങ്കിലും, കാലാന്തരം തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ വികൃതമായിമാറിക്കഴിഞ്ഞിരിക്കുന്നു ആ ലാമ്പ്, ഇന്നുനിലനിൽക്കുന്നുണ്ടോ എന്നുപോലും അറിയില്ല.
ചരിത്രപ്രാധാന്യമുള്ള ഇത്തരം നിർമ്മിതികൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്, കാരണം പുതുതലമുറയ്ക്കും വരും തലമുറകൾക്കും കൂടി മനസ്സിലാക്കട്ടെ എന്തായിരുന്നു നമ്മുടെ ചരിത്രമെന്നും, എന്തായിരുന്നു നമ്മുടെ പ്രാധാന്യമെന്നും....
Pic credit -© Subhash Krishnan