02/09/2026
മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് ഡി.സി.സി മുൻ പ്രസിഡന്റും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടിയുടെ വേർപാടിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി, കെ.എസ്.യുവിലൂടെ കോൺഗ്രസിന്റെ നേതൃനിരയിലേക്ക് വളർന്ന ജനകീയ നേതാവായിരുന്നു അദ്ദേഹം. മലബാറിൽ കോൺഗ്രസ് പ്രസ്ഥാനത്തെ കരുത്തുറ്റതാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ആദ്യ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. നിയമജ്ഞൻ, ഭരണാധികാരി, സംഘാടകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതുമണ്ഡലത്തിനും വലിയ നഷ്ടമാണ്.
പ്രിയ നേതാവിന്റെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും പ്രസ്ഥാനത്തിന്റെ സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.