22/07/2026
പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും രാഷ്ട്രീയ ചായ്‌വുകളും അഭിപ്രായങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. പണം മുടക്കുന്നവരുടെ രാഷ്ട്രീയവും അവരുടെ വാണിജ്യ താല്പര്യങ്ങളും വാര്‍ത്തകളിലും ചാനല്‍ പരിപാടികളിലും പ്രതിഫലിക്കുന്നു. ഭരണകൂട രാഷ്ട്രീയ നേതൃത്വത്തെ പ്രീണിപ്പിക്കാനും ജയജയ പാടാനും ചില മാധ്യമങ്ങള്‍ കാണിക്കുന്ന താല്പര്യം ഇന്ന് ചര്‍ച്ചാവിഷയമാണ്. മാധ്യമങ്ങള്‍ സ്വതന്ത്രമാണെന്ന ധാരണ ഇന്നത്തെ ലോകത്ത് മാറുന്നതായാണ് നാം കാണുന്നത്. ഇന്ത്യയിലും നമ്മുടെ സംസ്ഥാനത്തും അത് പ്രകടവുമാണ്. കോര്‍പറേറ്റ് ഭീമന്മാരാണ് ഇന്നത്തെ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളെ കയ്യടക്കിയിരിക്കുന്നത്. അവരുടെ വാണിജ്യ താല്പര്യം അനുസരിച്ച് ഭരണകൂടത്തെ സൃഷ്ടിക്കാനും ഇല്ലാതാക്കാനും നുണപ്രചരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ സജീമാണ്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ തമസ്കരിക്കുക, സംരക്ഷകര്‍ക്ക് അനുകൂല വാര്‍ത്തകള്‍ സൃഷ്ടിക്കുക, വളച്ചൊടിക്കുക ഇതൊക്കെയാണ് മാധ്യമലോകത്ത് കാണുന്നത്.
മാധ്യമരംഗത്തിന്റെ പ്രാധാന്യം മനസിലാക്കി ലോകത്ത് എല്ലായിടത്തും കോര്‍പറേറ്റ് ഭീമന്മാര്‍ ഈ മേഖലകളില്‍ ശക്തിയായി രംഗത്തുണ്ട്. ഇന്ത്യയിലെ മാധ്യമരംഗം വന്‍കിടക്കാരായ കോര്‍പറേറ്റുകളുടെ കയ്യിലാണ്. ബിസിനസ് ഗ്രൂപ്പുകളും കള്ളപ്പണക്കാരും വിവിധ താല്പര്യക്കാരും ഈ മേഖലയില്‍ കടന്നുവരുന്നത് നിക്ഷിപ്ത താല്പര്യത്തിനുവേണ്ടിയാണ്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കാന്‍ ഇത്തരം ശക്തികള്‍ ശ്രമിക്കുന്നു. ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുവാന്‍ ഇതിലൂടെ കഴിയുന്നു.
ലോകത്തിലെതന്നെ വന്‍കിട കോര്‍പറേറ്റായ മുകേഷ് അംബാനിയാണ് നെറ്റ്‌വര്‍ക്ക് 18, സിഎന്‍എന്‍, ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, സിഎന്‍ബിസി, ടിവി 18 എന്നീ ദേശീയ ചാനലുകളും കൂടാതെ നിരവധി പ്രാദേശിക ചാനലുകളും നിയന്ത്രിക്കുന്നത്. ഗൗതം അഡാനിയും ഈ മേഖലയില്‍ സജീവമാണ്. എന്‍ഡിടിവി ഉള്‍പ്പെടെ അഡാനിയുടെ കയ്യിലാണിപ്പോള്‍. സാഗുജയിന്‍ എന്ന വന്‍കിട മുതലാളിയുടെ കുടുംബമാണ് ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കണോമിക് ടൈംസ്, നവഭാരത് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥര്‍. മറ്റൊരു വന്‍കിടക്കാരനായ സുബാഷ് ചന്ദ്രയുടെ കുടുംബം സി എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസ്, സി മീഡിയാ കോര്‍പറേഷന്‍ എന്നിവ നിയന്ത്രിക്കുന്നു. ഇന്ത്യയിലെ സ്വകാര്യ സാറ്റ്‌ലൈയിറ്റ് ടെലിവിഷന്‍ തുടക്കമിട്ടത് സുബാഷ് ചന്ദ്രയാണ്. അരുണ്‍ പുരിയുടെ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഡിജിറ്റല്‍ മീഡിയയിലൂടെ ടെലിവിഷന്‍ രംഗത്തും സജീവമായി രംഗത്തുണ്ട്. വന്‍കിട വ്യവസായി ശോഭന ഭാരതി എന്‍ ടി മീഡിയയുമായി രംഗത്ത് സജീവമാണ്.
നവ ഉദാരീകരണ നയം നടപ്പിലാക്കിയത് മുതല്‍ പ്രധാനപ്പെട്ട കോര്‍പറേറ്റ് മുതലാളിമാര്‍ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമരംഗത്ത് നേതൃത്വം നല്‍കുന്നു. അവരില്‍ പലരുടെയും ലക്ഷ്യം യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കലല്ല, അറിയേണ്ട പല വാര്‍ത്തകളും മറച്ചുവയ്ക്കലാണ്. ഭരണകൂട താല്പര്യം മുന്നില്‍ കണ്ട് വാര്‍ത്തകള്‍ നല്‍കാനാണ് മിക്കവര്‍ക്കും താല്പര്യം. സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനം വെല്ലുവിളികളെ നേരിടുന്നു. സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരില്‍ നിരവധിപേര്‍ ജയിലുകളില്‍ കഴിയേണ്ട സാഹചര്യമാണ് ലോകത്തും നമ്മുടെ രാജ്യത്തും ഉള്ളത്. യഥാര്‍ത്ഥ വാര്‍ത്തകള്‍ തമസ്ക്കരിക്കുകയും താല്പര്യങ്ങള്‍ക്കനുസൃത വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. വാര്‍ത്തകള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പത്തില്‍ ആക്കുകയാണ്. മാധ്യമങ്ങളുടെ പേരില്‍ ഇതൊക്കെയാണ് ചിലര്‍ ചെയ്യുന്നത് എന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്.
സമീപകാലത്ത് നിരവധി ചാനലുകള്‍ കേരളത്തില്‍ സജീവമാണ്. സംസ്ഥാനത്ത് തുടങ്ങിയ റിപ്പോര്‍ട്ടര്‍, ദീര്‍ഘകാല അനുഭവസമ്പത്തുള്ള ഏഷ്യാനെറ്റ് ഉള്‍പ്പെടെ ചാനലുകളും സജീവമാണ്. ആടിനെ പട്ടിയാക്കുന്ന തരത്തിലാണ് ചിലര്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. സ്വന്തം താല്പര്യത്തിനായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലൂടെ യഥാര്‍ത്ഥ സംഭവങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയാതെവരുന്നു. രാഷ്ട്രീയ, സാമ്പത്തിക താല്പര്യങ്ങള്‍ക്കാണ് ചില ചാനലുകള്‍ മുന്‍തൂക്കം നല്‍കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കലല്ല മാധ്യമ പ്രവര്‍ത്തനം. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യലാണ്. അതില്‍ നിന്നും ചില മാധ്യമങ്ങള്‍ പിറകോട്ടുപോകുന്നതാണ് നാം കാണുന്നത്.
കേരളത്തില്‍ സമീപകാലത്ത് രംഗത്തുവന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പലപ്പോഴും ശ്രമിക്കുന്നതായി മനസിലാക്കാം. സിപിഐയെ പരിഹസിക്കുന്നതിനും പാര്‍ട്ടിയുടെ പ്രസ്താവനകള്‍വരെ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ആ ചാനല്‍ കാണിക്കുന്ന മിടുക്ക് ഏറെ പ്രകടമാണ്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാന ഉടമകളില്‍ ഒരാളായ ആന്റോ അഗസ്റ്റിന് സിപിഐ എന്ന് കേള്‍ക്കുമ്പോള്‍തന്നെ ക്ഷോഭമാണ്. എന്താണ് കാരണം? പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ വക്രീകരിച്ച് അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സിപിഐയെ പരിഹസിക്കാനും ആക്ഷേപങ്ങള്‍ ഉന്നയിക്കുവാനും തയ്യാറാകുന്നത് ആരെ പ്രീണിപ്പിക്കാനാണ്? ഏറെക്കാലത്തെ അനുഭവസമ്പത്തുള്ള ഏഷ്യാനെറ്റും വാര്‍ത്തകള്‍ വക്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതായി കാണാം. സിപിഐ സംസ്ഥാന സെക്രട്ടറി നിലപാട് മാറ്റി, പ്രതിപക്ഷ ഉപനേതാവ് എന്ന ആവശ്യത്തില്‍ നിന്നും പിറകോട്ടുപോയി എന്നൊക്കെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിപക്ഷ ഉപനേതാവ് എന്നൊരാവശ്യം മുന്നോട്ടുവച്ചതിനെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് സിപിഐ പിന്‍മാറുകയാണോ എന്ന ചോദ്യത്തോടെയാണ്. ചീറ്റ പുലിയെപ്പോലെ നിന്ന ബിനോയ് വിശ്വം കിങ്ങിണി പൂച്ചയെപ്പോലെയായി എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. രാഷ്ട്രീയത്തില്‍ യുടേണ്‍ ആവശ്യമാണ് എന്നും കമന്റ് ചെയ്തു. യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കാതെ വരികള്‍ക്കിടയിലൂടെ വായിച്ച് വ്യാഖ്യാനം നല്‍കല്‍ മാത്രമാണിത്. സിപിഐക്ക് പിടിവാശി ഇല്ല. നിലപാടുണ്ട് എന്നുപറഞ്ഞാല്‍ പിന്‍വാങ്ങലായി റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ത് മാധ്യമ ധര്‍മ്മമാണ്. മാധ്യമങ്ങളും ചാനലുകളും വക്രീകരിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് ഏറ്റുപിടിക്കുന്ന ചിലരെയും കാണുന്നുണ്ട്.
പ്രതിപക്ഷ ഉപലീഡര്‍ പദവി സിപിഐ മുന്നോട്ടുവച്ച നിര്‍ദേശമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൂട്ടായ നേതൃത്വമാണ് ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയ കാരണങ്ങളില്‍ ഒന്ന് കൂട്ടായ നേതൃത്വം ഇല്ലാത്തതാണ്. പ്രതിപക്ഷ ഉപനേതാവിനെ തെരഞ്ഞെടുക്കേണ്ട സമയത്താണ് അക്കാര്യം ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത്. അതാണ് സിപിഐ ഇപ്പോള്‍ ചെയ്യുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടതുപാര്‍ട്ടികളും ജനാധിപത്യ പാര്‍ട്ടികളും ഇടത് ജനാധിപത്യ ചിന്താഗതി ഉള്ളവരുമായ ജനവിഭാഗത്തെ ഉള്‍ക്കൊള്ളുന്ന, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. മുന്നണി ശക്തിപ്പെടേണ്ടതും പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്‍ഡിഎഫ് രാഷ്ട്രീയം രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി പദം ഉള്‍പ്പെടെ അധികാരസ്ഥാനങ്ങള്‍ വലിച്ചെറിഞ്ഞ സിപിഐക്ക് മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കവാന്‍ ഉത്തരവാദിത്തമുണ്ട്. അതാണ് സിപിഐ നിര്‍വഹിക്കുന്നത്. മുന്നണിയെ ശക്തിപ്പെടുത്താന്‍ ഗൗരവമായ രാഷ്ട്രീയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ കീഴ്‌വഴക്കങ്ങള്‍ ഇല്ല എന്ന വാദഗതി ശരിയായ സമീപനമല്ല. മന്ത്രിമാരുടെ വകുപ്പുകള്‍ കീഴ്‌വഴക്കങ്ങള്‍ പാലിക്കാതെ മാറ്റിയിട്ടുണ്ട്. ഇടത് ജനാധിപത്യ മുന്നണി രാഷ്ട്രീയത്തെ ശരിയായ കാഴ്ചപ്പാടോടെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സിപിഐ അതിന്റെ കടമകള്‍ നിര്‍വഹിക്കും. പറഞ്ഞതുതന്നെ പറയുന്നത് അതുകൊണ്ടാണ്. മുന്നണി രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശമാണ് സിപിഐ മുന്നോട്ടുവച്ചത്.