27/06/2024
പകൽക്കുറി മോഹൻജി അന്തരിച്ചു..
എണ്പതുകളുടെ തുടക്കം.. ഏറ്റവും പ്രക്ഷുബ്ധമായ സംഘടനാ പ്രവർത്തനത്തിന്റെ കാലഘട്ടത്തിൽ കിളിമാനൂർ താലൂക്കിൽ സംഘത്തിന്റെ നട്ടെല്ലായി നിന്ന തലമുറയിൽ ഒരു കൂട്ടം വീരന്മാരുണ്ടായിരുന്നു. ചങ്കെടുത്തു കയ്യിൽ പിടിച്ചു നടക്കുന്നവർ. അന്നത്തെ തിരുവനന്തപുരം സംഘ ജില്ല അഞ്ചു താലൂക്കുകളാണ്.. നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങൽ, കിളിമാനൂർ എന്നിങ്ങനെ വിശാലമായ പ്രദേശം. യാത്ര ചെയ്യാൻ പരിമിതമായ സൗകര്യങ്ങൾ.. വിവരങ്ങൾ കൈമാറാനും പരിമിതികൾ.. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതിക്രമങ്ങൾ മറ്റൊരു ഭാഗത്ത്..
1981ലാണ് ദുർഗാദാസേട്ടൻ ഈ കിളിമാനൂരിൽ പ്രചാരകായി എത്തുന്നത്. മമ്പാട് എംഇഎസ് കോളജില്‍നിന്ന് വിദ്യാർത്ഥി പരിഷത്തിന്റെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്സിലർ ആയിരുന്നു ദുർഗേട്ടൻ. അവിടുന്നാണ് അടിയന്തരാവസ്ഥയിൽ പ്രവർത്തിക്കുന്നതും ജയിലിൽ ആകുന്നതും. സംഘപ്രചാരകനായ അദ്ദേഹം 1981ലെ ജൂണ് വരെ തിരുവനന്തപുരം താലൂക്ക് പ്രചാരക് ആയി പ്രവർത്തിച്ചു. അടുത്ത സംഘവർഷത്തിൽ അദ്ദേഹത്തിന് നിയോഗം കിളിമാനൂർ താലൂക്കിലാണ്. അന്നുള്ള കിളിമാനൂർ താലൂക്ക് വിശാലമായ ഭൂമിയാണ്. ഒരറ്റത്ത് നിലമേലും മറ്റെയറ്റത്ത് വെഞ്ഞാറമൂടുമൊക്കെയാണ്..
കൊലിയക്കോട് വന്നു എല്ലാവരോടും യാത്രയൊക്കെ പറഞ്ഞു തിരിച്ചു പോയി കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് കേരളത്തെ ആകെ പിടിച്ചു കുലുക്കിയ ആ കൊലപാതകം ഉണ്ടാകുന്നത്.
തുമ്പോടും മാടൻ നടയിലുമൊക്കെ ശാഖയിൽ പങ്കെടുത്ത് തൊട്ടടുത്ത ദിവസം തിരിച്ചു നിലമേലേയ്ക്ക് പോകുന്ന വഴി ആരുടെയോ കയ്യിൽ ബാഗും കൊടുത്തിട്ടാണ് അദ്ദേഹം നിലമേൽ കോളേജിൽ പോകുന്നത്. ഒരു വിദ്യാർത്ഥിയുടെ അഡ്മിഷൻ കാര്യം സംസാരിക്കാനായി കോളേജ് പ്രിൻസിപ്പലിനെ കണ്ടു തിരിച്ചു വരുമ്പോൾ ആണ് എസ്എഫ്ഐ ക്രിമിനലുകൾ അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തുന്നത്. അന്ന്, അവിടെ വിദ്യാർത്ഥിയും ABVP കാര്യകർത്താവുമായിരുന്ന ആളാണ് പകൽക്കുറി മോഹൻജി.
ദുർഗാദാസേട്ടന്റെ വിയോഗം നിരവധി സമർപ്പിതരായ കാര്യകർത്താക്കളെ സൃഷ്ടിച്ചു. മോഹൻജി അടുത്ത കൊല്ലം സംഘത്തിന്റെ പ്രചാരക് ആയി. 1983ലാണ് തിരുവനന്തപുരം റവന്യൂ ജില്ല വിഭജിച്ച് ആറ്റിങ്ങൽ സംഘജില്ല ഉണ്ടാകുന്നത്. അങ്ങനെ ഉണ്ടായ വർക്കല താലൂക്കിൽ ആദ്യത്തെ പ്രചാരക് മോഹൻജി ആയിരുന്നു. അടുത്ത കൊല്ലം വെഞ്ഞാറമൂട് താലൂക്കിന്റെ പ്രചാരക് ആയിരുന്നു അദ്ദേഹം..
അന്ന് വെഞ്ഞാറമൂട് കാര്യാലയമില്ല. കോലിയക്കോട് മോഹൻജിയുടെ വീട്ടിലാണ് അദ്ദേഹം അന്ന് താമസിച്ചു പ്രവർത്തിച്ചിരുന്നത്. ഓലമേഞ്ഞ ചാണകം മെഴുകിയ ആ ചെറിയ വീടായിരുന്നു കാര്യാലയം. അവിടെ തന്നെയാണ് ദുർഗ്ഗാദാസേട്ടനും പല രാത്രികളിൽ മുണ്ടു മുറുക്കിയുടുത്ത് താമസിച്ചിരുന്നത്. കോലിയക്കോട് ശാഖയിലെ സംഘപ്രവർത്തകരുമായി അടുത്ത ഹൃദയബന്ധം അദ്ദേഹത്തിന് അവസാന കാലം വരെയും ഉണ്ടായിരുന്നു
അതിനു ശേഷം ഒറ്റപ്പാലത്ത് പ്രചാരകായി പ്രവർത്തിക്കുകയും ശേഷം പ്രചാരകവൃത്തിയിൽ നിന്നും പിൻവാങ്ങി നാട്ടിലെത്തി. തുടർന്ന് കിളിമാനൂർ താലൂക്കിന്റെ കാര്യവഹ് ആയി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. ജീവിതവൃത്തിക്കായി പ്രവാസിയായി. കിളിമാനൂരിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ സംഘപ്രവർത്തനം വ്യാപിക്കുന്നതിൽ അദേഹത്തിന്റേതുൾപ്പെടയുള്ള കാര്യകർത്താക്കളുടെ ചോരയും വിയർപ്പും ഒരുപാടുണ്ട്. പള്ളിക്കലിലും മടവൂരും നിരവധി ചെറുപ്പക്കാരെ അദ്ദേഹം സംഘപ്രവർത്തനത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ഇന്നും സംഘത്തിന്റെയും വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെയും പ്രവർത്തനത്തിൽ കാര്യനിരതരാണ്.
നിരവധി വർഷങ്ങൾ മോഹൻജിയെ പോലെ ഉള്ളവർ ജീവിച്ചതൊക്കെ സംഘത്തിന്റെ അതിജീവനത്തിന്റെ കൂടി ചരിത്രമാണ്. ആ ഓർമകൾക്ക് മുന്നിൽ മനസുകൊണ്ട് ശ്രദ്ധാഞ്ജലി..