15/03/2026
കേരളത്തിന്റെ തീരദേശ സംരക്ഷണത്തിനായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന 'കേരള സുസ്ഥിര തീരസംരക്ഷണ കാലാവസ്ഥാ അതിജീവന ആസൂത്രണ പദ്ധതി'ക്ക് അനുമതി നൽകി. ഏകദേശം 4,013 കോടി രൂപ (466.67 മില്യൺ യുഎസ് ഡോളർ) ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ 70 ശതമാനം എഡിബി വായ്പയും 30 ശതമാനം സംസ്ഥാന വിഹിതവുമാണ്. തീരശോഷണം രൂക്ഷമായ 90 കിലോമീറ്ററോളം വരുന്ന തീരപ്രദേശങ്ങളിൽ കടൽഭിത്തികളുടെ പുനരുദ്ധാരണം, ഓഫ്‌ഷോർ റീഫുകൾ, മണൽ സംരക്ഷണ സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സുസ്ഥിരമായ സുരക്ഷാ സംവിധാനങ്ങൾ ഇതിലൂടെ ഒരുക്കും.
സംസ്ഥാനത്തെ പത്ത് പ്രധാന ഹോട്ട്‌സ്‌പോട്ടുകളെ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം, വർക്കല, കൊല്ലത്തെ ആലപ്പാട്, ആലപ്പുഴയിലെ വലിയഴീക്കൽ-തൃക്കുന്നപ്പുഴ, എറണാകുളത്തെ വൈപ്പിൻ, തൃശൂരിലെ കൊടുങ്ങല്ലൂർ-കൈപ്പമംഗലം, മലപ്പുറത്തെ പൊന്നാനി, കോഴിക്കോട്ടെ കാപ്പാട്, കണ്ണൂരിലെ തലശ്ശേരി, കാസർകോട് ജില്ലയിലെ വലിയപറമ്പ എന്നിവിടങ്ങളിലാണ് ആധുനിക രീതിയിലുള്ള തീരസംരക്ഷണ പ്രവൃത്തികൾ നടത്തുക. ജലവിഭവ വകുപ്പിന് കീഴിലുള്ള മിഷൻ ഡയറക്ടറേറ്റ് നേതൃത്വം നൽകുന്ന ഈ പദ്ധതി, തീരദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്.