KPOA State Committee

KPOA State Committee Kerala Police Officers Association

15/03/2026
10/03/2026

പ്രിയപ്പെട്ടവരേ,

ബഹു കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ സുപ്രീംകോടതിയിൽ നിന്നും ശ്രദ്ധേയമായ വിധി ഉണ്ടായിരിക്കുന്നു.
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് പെരുമാറ്റ ചട്ടമുണ്ടാക്കണമെന്ന് കേരള ഹൈക്കോടതി അഭിഭാഷക സംഘടന നൽകിയ കത്തിൽ ബഹു കേരള ഹൈക്കോടതി WP(C)32952/2024 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന പോലീസ് മേധാവി മാത്രം എതിർകക്ഷിയായ കേസിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കക്ഷി ചേർന്നിരുന്നു. 2025 ഓഗസ്റ്റ് 19-ാം തീയതി ബഹു.കേരള ഹൈക്കോടതിയിൽ നിന്നിറങ്ങിയ ഇടക്കാല ഉത്തരവിനെതിരെയാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ബഹു. സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. SLP(C) No. 31008/2025 (Kerala Police Officers Association Vs State of Kerala) കേസിൽ ഉണ്ടായ വിധിയിൽ, കേസുമായി ബന്ധപ്പെട്ട് കോടതിയുടെ പരിസരത്ത് ആളുകളെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ബഹു കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ബഹു.സുപ്രീംകോടതി ഭേദഗതികൾ വരുത്തി.

ബഹു. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ കോടതി പരിസരത്ത് പോലീസ് അറസ്റ്റ് നടത്താൻ പാടില്ല എന്നത് ചൂണ്ടിക്കാണിച്ചിരുന്നു. പോലീസ് പ്രവർത്തനങ്ങളിൽ ഇതുണ്ടാക്കുന്ന ദോഷവശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബഹു സുപ്രീംകോടതിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വാദമുഖങ്ങൾ നടത്തിയത്. ഈ വാദങ്ങൾ ബഹു സുപ്രീം കോടതി അംഗീകരിച്ച് ഉത്തരവിൽ ഭേദഗതികൾ വരുത്തിയിരിക്കുന്നു. ബഹു. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ കോടതി പരിസരത്ത് പോലീസ് അറസ്റ്റ് ചെയ്യാനുള്ള അധികാരം ചില പ്രത്യേക സാഹചര്യങ്ങളിലേക്കു മാത്രം പരിമിതപ്പെടുത്തുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത് ക്രമസമാധാന പരിപാലന രംഗത്ത് പോലീസ് ഉദ്യോഗസ്ഥന്മാർക്ക് തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് മുൻകൂർ അനുമതി ഇല്ലാതെ തന്നെ ഗൗരവതരമായ സാഹചര്യങ്ങളിൽ പോലീസിന് അറസ്റ്റ് ചെയ്യാം എന്ന ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നു.

1️⃣ കോടതി പരിസരത്ത് ഒരു cognizable offence നടക്കുന്നത് തടയാൻ.
2️⃣ ഒരു കുറ്റം ചെയ്ത ഉടൻ തന്നെ പ്രതിയെയോ പ്രതിയെന്ന് സംശയിക്കുന്നവനെയോ സ്ഥലത്ത് വച്ചു തന്നെ പിടികൂടേണ്ട സാഹചര്യത്തിൽ.
3️⃣ ഒരു പ്രതിയോ സംശയകരമായി കാണുന്ന ഒരുവനോ കോടതി പരിസരത്ത് ഒളിച്ചിരിക്കാനുള്ള സാധ്യത ഉള്ളപ്പോൾ.

പോലീസും അഭിഭാഷകരും തമ്മിലുണ്ടാകുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിന് രൂപീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന പെർമനന്റ് കമ്മിറ്റിയിലും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വിയോജിപ്പുകൾ സുപ്രീം കോടതിക്ക് മുമ്പാകെ സമർപ്പിച്ചു. അഭിഭാഷക പ്രതിനിധികൾ മാത്രമുള്ള ഈ സമിതിയിൽ നിന്ന് നീതിപൂർവ്വമായ നിലപാടുകൾ ഉണ്ടാകില്ലെന്നും, വ്യവസ്ഥാപിതമായ നിയമങ്ങൾ പ്രകാരം എടുത്തിരിക്കുന്ന കേസുകൾ അവയുടെ അന്വേഷണങ്ങൾ എന്നിവയ്ക്ക് ഈ കമ്മിറ്റിയുടെ പ്രവർത്തനം കൊണ്ട് ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല എന്നും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ബഹു സുപ്രീം കോടതി മുമ്പാകെ ഉയർത്തിക്കൊണ്ടുവന്നു. ഈ വാദങ്ങളിലും ബഹുമാനപ്പെട്ട സുപ്രീംകോടതി അനുകൂലമായ നിലപാട് കൈ കൊണ്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ബഹു. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്ന പെർമനന്റ് കമ്മിറ്റിയിൽ ഒരു പോലീസ് ഓഫീസർ കൂടി അധികമായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നു. കൂടാതെ ഈ കമ്മിറ്റികൾ ക്രമസമാധാന പരിപാലന പ്രവർത്തനങ്ങളിൽ നിയമപരമായി പോലീസിന് നൽകിയ അധികാരങ്ങളിലോ, അന്വേഷണ നടപടികളിലോ ഇടപെടാൻ പാടില്ല എന്ന നിർദ്ദേശവും ഉണ്ടായിരിക്കുന്നു.

ബഹു സുപ്രീംകോടതിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ അപ്പീലിൽ പുറത്തുവന്നിരിക്കുന്ന വിധിയിലൂടെ പ്രധാനമായും താഴെപ്പറയുന്ന മൂന്ന് കാര്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞിരിക്കുന്നു.

1️⃣ കോടതിയുടെ മാന്യതയും പോലീസിന്റെ അധികാരവും തമ്മിൽ സമതുലിതാവസ്ഥ ഉറപ്പാക്കുന്നു.

2️⃣ കോടതി പരിസരം ഒരു സെൻസിറ്റീവ് മേഖലയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും, നിയമാനുസൃതമായ പോലീസ് നടപടികളെ അനാവശ്യമായി തടയാൻ പാടില്ല.

3️⃣ കോടതി പരിസരത്തിനുള്ളിൽ തൽക്ഷണം അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയതിലൂടെ പോലീസ് പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, കോടതി പരിസരത്ത് ജഡീഷ്യൽ ഓഫീസർമാർക്കും അഭിഭാഷകർക്കും പൊതുജനങ്ങൾക്കും നേരേ ഏതെങ്കിലും രൂപത്തിൽ ആക്രമണങ്ങൾ ഉണ്ടായാൽ അത്തരം ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ ഒരു തടസ്സവും ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ബഹു. സുപ്രീംകോടതിയിൽ കേരള പോലീസ് ഓഫീസർ അസോസിയേഷന് വേണ്ടി മുതിർന്ന അഭിഭാഷകൻ R. ബസന്തും അഡ്വ. അമിത് കൃഷ്ണനും ഹാജരായി.

CR. ബിജു
ജനറൽ സെക്രട്ടറി
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

27/02/2026

ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് എത്തിയ നഗരൂർ SHO യോട് കാണിച്ച ക്രൂരതയിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ജനാധിപത്യത്തിൽ പ്രതിഷേധങ്ങളും സമരങ്ങളും ഓരോ പൗരന്റേയും പ്രസ്ഥാനങ്ങളുടേയും അവകാശമാണ്. ഇത്തരം അവകാശ പോരാട്ടങ്ങൾക്കിടയിൽ ഉണ്ടാകുന്ന അതിക്രമങ്ങളിൽ പരാതികൾ ഉണ്ടായാൽ പോലീസ് കേസെടുക്കുക സ്വാഭാവികമാണ്. അങ്ങനെ എടുക്കുന്ന കേസുകളിൽ അന്വേഷണം നടത്തേണ്ടത് പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൻ്റെ ഭാഗവുമാണ്.

ഇത്തരത്തിൽ ഉണ്ടായ ഒരു പരാതിയിൽ തിരുവനന്തപുരം റൂറൽ ജില്ലയിലെ നഗരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായി രേഖപെടുത്തിയിട്ടുള്ളവരെ തിരിച്ചറിയുന്നതിനും നോട്ടീസ് നൽകുന്നതിനുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അസഭ്യവർഷം നടത്തിയും ഭീഷണിപ്പെടുത്തിയും നടത്തിയ പേക്കൂത്ത് അത്യന്തം ഖേദകരമാണ്.

ഈ വിഷയത്തിൽ രജിസ്റ്റർ ചെയ്‌ത കേസിൽ ശക്തമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് അഭ്യർത്ഥിക്കുന്നു.

കേരളത്തിലെ പൊതുസമൂഹത്തെ പോലെ തന്നെ ഉയർന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർ. അതുകൊണ്ട് തന്നെ ജനാധിപത്യ സമൂഹത്തിലെ ജനകീയ പ്രതിഷേധങ്ങളെ സമചിത്തതയോടെയാണ് നമ്മുടെ പോലീസ് കൈകാര്യം ചെയ്തു വരുന്നത്. എന്നാൽ അത്യപൂർവ്വം ചിലർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പോർവിളികൾ നടത്തുന്ന രീതി ഒരിക്കലും നീതീകരിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുക തന്നെ വേണം.

വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് കേരള പോലീസ് എന്ന ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർ വിഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് വിനയപൂർവ്വം ഓർമ്മിപ്പിച്ചു കൊള്ളട്ടെ. കേട്ടാൽ അറക്കുന്ന പദപ്രയോഗങ്ങൾ നടത്തുന്നവർക്ക് പൊതുപ്രവർത്തകനാകാനുള്ള യോഗ്യതയുണ്ടോ എന്ന് പ്രബുദ്ധ കേരളം വിലയിരുത്തട്ടെ.

ഇത്തരം അത്യന്തം മോശമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തികളെ തങ്ങളുടെ പാർട്ടി സംഘടനകളിൽ നിന്ന് മാറ്റി നിർത്താൻ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകേണ്ടതാണ്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ പ്രബുദ്ധ കേരളമാകെ ഒപ്പമുണ്ടാകണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു

CR ബിജു
ജനറൽ സെക്രട്ടറി
KPOA

കരുതലിൻ്റെ കാക്കി സ്പർശം ഇന്നലെ ( 21/ 02/ 2026 ) കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ  നേതൃത്വത്തിന് ദുഖവും സന്തോഷവും സംതൃപ്ത...
22/02/2026

കരുതലിൻ്റെ കാക്കി സ്പർശം

ഇന്നലെ ( 21/ 02/ 2026 ) കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിന് ദുഖവും സന്തോഷവും സംതൃപ്തിയും ഒത്തൊരുമിച്ച അത്യപൂർവ്വ ദിനമായിരുന്നു.

ഏറെ റിസ്‌ക്കേറിയ തൊഴിലിടമായ പോലീസിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ നഷ്‌ടപ്പെടുന്നവരുടെ കുടുംബത്തിനായി പൊതുമേഖലാ ബാങ്കുകളുമായി നടത്തിയ വലിയ ഒരു പോരാട്ടത്തിലൂടെ നേടിയെടുത്ത ഒരു കോടി രൂപയുടെ അപകട ഇൻഷ്വറൻസ് ആനുകൂല്യം കാസർഗോഡ് ജില്ലയിലെ ഏറെ പ്രിയപ്പെട്ടവൻ സജീഷിൻ്റെ കുടുംബത്തിന് ബഹു. DGP യും വിജിലൻസ് ഡയറക്ടറുമായ ശ്രീ.മനോജ് എബ്രഹാം IPS അവർകൾ കൈമാറിയ ദിനം.

പോലീസ് ഉദ്യോഗസ്ഥന്മാരുടെ സാലറി അക്കൗണ്ട് ബഹുഭൂരിപക്ഷവും SBI യിൽ ആയിരുന്നു. എന്നാൽ പോലീസ് സാലറി പാക്കേജിൽ കേവലം 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് ആനുകൂല്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് പരിഷ്‌ക്കരിക്കാൻ 2022 ലാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ബാങ്ക് അധികാരികളുമായി ചർച്ച തുടങ്ങുന്നത്. കേരളത്തിലെ എല്ലാ പൊതുമേഖലാ ബാങ്കുകളുമായും സംഘടന ചർച്ച നടത്തി. ഈ ചർച്ചയിൽ അപകട ഇൻഷ്വറൻസ് ആനുകൂല്യം ഒരു കോടി രൂപയാക്കിയും, സാധാരണ മരണങ്ങൾക്ക് 10 ലക്ഷം രൂപയും, അംഗം, പങ്കാളി, മക്കൾ എന്നിവർക്ക് പ്രതിവർഷം വെറും 1999/-രൂപയ്ക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന ചികിത്സകൾക്ക് 30 ലക്ഷം രൂപ വരെയുള്ള ക്യാഷ് ലെസ് ചികിത്സാ ആനുകൂല്യവുമാണ് ബാങ്ക് ബറോഡ പ്രഖ്യാപിച്ചത്. അതിന് പിന്നാലെ SBI യും അപകട ഇൻഷ്വറൻസ് ആനുകൂല്യം 10 ലക്ഷത്തിൽ നിന്ന് ഒരു കോടിയായി ഉയർത്തി.

പോലീസ് സംഘടനകൾ നടത്തിയ ഇടപെടലിൻ്റെ ഭാഗമായി നേടിയെടുക്കാൻ കഴിഞ്ഞ ഈ അനുകൂല്യത്തിന് ഇന്നലെ ഒരു സഹോദരിയും രണ്ട് പിഞ്ചുമക്കളും ഗുണഭോക്താക്കളായി മാറുന്ന അനുഭവം കണ്ടപ്പോൾ പ്രിയപ്പെട്ട സജീഷിൻ്റെ വേർപാടിലുള്ള ദുഖവും ആ കുടുംബത്തിന് ആശ്വാസം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും സംതൃപ്തിയും മുഴുവൻ പോലീസ് ഉദ്യോഗസ്ഥരിലും ഒരേ സമയം സംഗമിച്ചു.

കൂടാതെ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ വായ്പയായി ബാക്കിയുണ്ടായിരുന്ന 24 ലക്ഷത്തിലേറെ രൂപ സംഘം ഏറ്റെടുത്തു. സംഘത്തിൻ്റെ അപകട ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള 25 ലക്ഷം രൂപയും, CPAS പദ്ധതി പ്രകാരമുള്ള 10 ലക്ഷം രൂപയും ഉൾപ്പെടെ 59 ലക്ഷം രൂപയുടെ സഹായം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ നിന്ന് മാത്രം ആ കുടുംബത്തിന് സഹായമായി നൽകാൻ കഴിഞ്ഞു. പോലീസ് സംഘടനകൾ സർവ്വീസിൽ ഇരിക്കെ മരണപ്പെടുന്ന സഹപ്രവർത്തകരെ സഹായിക്കാൻ നൽകി വരുന്ന കുടുംബ സഹായനിധി തുകയും വൈകാതെ സജീഷിൻ്റെ കുടുംബത്തിന് ലഭ്യമാകും.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ മരണപ്പെടുന്ന സർക്കാർ ഉദ്യോഗന്മാർക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾക്കപ്പുറം പോലീസ് ഉദ്യോഗസ്ഥന്മാർക്ക് പോലീസ് സംഘടനകളുടെ പ്രവർത്തനഫലമായും കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നൽകി വരുന്ന കരുതലിൻ്റെ തണലിലും ഒന്നേ മുക്കാൽ കോടി രൂപയുടെ സഹായം ആ കുടുംബത്തിന് നൽകാൻ കഴിഞ്ഞിരിക്കുന്നു.

നഷ്‌ടപ്പെട്ട സജീഷിനെ തിരികെ നൽകാൻ കഴിയില്ലെങ്കിലും ആ കുടുംബത്തിന് താങ്ങും തണലുമേകി കരുതലിൻ്റെ കാക്കി സ്പർശമേകാൻ നമുക്കായിരിക്കുന്നു.

തുടരും ഈ കരുതൽ
തുടരണം ഈ കരുതൽ

" ഞങ്ങൾ പറയുന്നു ;നാളെയുടെ കേരള പോലീസ് ഇങ്ങനെയാവണം" കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 2025 ഒക്ടോബർ 1 മുതൽ ആരംഭിച്ച “നമുക്ക...
31/01/2026

" ഞങ്ങൾ പറയുന്നു ;
നാളെയുടെ കേരള പോലീസ് ഇങ്ങനെയാവണം"

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 2025 ഒക്ടോബർ 1 മുതൽ ആരംഭിച്ച “നമുക്ക് പറയാം“ പരിപാടിയിലൂടെ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾക്കും ബഹു. സംസ്ഥാന പോലീസ് മേധാവി ശ്രീ. റവാഡാ ആസാദ് ചന്ദ്രശേഖർIPS അവർകൾക്കും കൈമാറി.

കേരള പോലീസിൻ്റെ ആധുനികവൽക്കരണത്തിനും കൂടുതൽ മികച്ച പോലീസ് സേവനം പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിനും പോലീസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ പരിഹരിച്ച് സംതൃപ്തമായ ഒരു സംവിധാനമായി കേരള പോലീസിനെ മാറ്റിയെടുക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ എന്ത് എന്നാണ് " നമുക്ക് പറയാം " പരിപാടിയിലൂടെ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പരിശോധിച്ചത്. 2025 ഒക്ടോബർ 1 മുതൽ കേരളത്തിലെ എല്ലാ പോലീസ് യൂണിറ്റുകളിലും സംഘടനാ നേതൃത്വം നേരിട്ടെത്തി പോലീസ് ഓഫീസേഴ്സിനെ നേരിട്ട് കേട്ട് അഭിപ്രായങ്ങൾ സമാഹരിച്ചു. തുടർന്ന് ഓരോ യൂണിറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും ഏകദിന ശില്പശാല " നമുക്ക് പറയാം " എന്ന പേരിൽ തന്നെ സംഘടിപ്പിച്ചു. തുടർന്ന് ജില്ലാതല ശില്പശാലകളിൽ ഉയർന്നുവന്ന ആശയങ്ങൾ ക്രോഡീകരിച്ച് 2026 ജനുവരി 2, 3 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് രണ്ട് ദിവസം നീണ്ടുനിന്ന സംസ്ഥാനതല ശില്പശാലയും " നമുക്ക് പറയാം " എന്ന പേരിൽ സംഘടിപ്പിച്ചു.

ഇങ്ങനെ " നമുക്ക് പറയാം " എന്ന പേരിൽ മുഴുവൻ സംഘടനാംഗങ്ങളോടും സംവദിച്ച്, അവരുടെ പ്രവർത്തനാനുഭവങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പോലീസ് പരിഷ്‌ക്കരണത്തിനുള്ള നിർദ്ദേശങ്ങളാണ്
" ഞങ്ങൾ പറയുന്നു ;
നാളെയുടെ കേരള പോലീസ് ഇങ്ങനെയാവണം " എന്ന പേരിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തയ്യാറാക്കി ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾക്കും ബഹു. സംസ്ഥാന പോലീസ് മേധാവി ശ്രീ. റവാഡാ ആസാദ് ചന്ദ്രശേഖർIPS അവർകൾക്കും കൈമാറിയത്.

C.R. ബിജു
ജനറൽ സെക്രട്ടറി

  36-ാം സംസ്ഥാന സമ്മേളനം:@ കാഞ്ഞങ്ങാട് - കാസറഗോഡ് ജില്ല
20/01/2026

36-ാം സംസ്ഥാന സമ്മേളനം:
@ കാഞ്ഞങ്ങാട് - കാസറഗോഡ് ജില്ല

04/12/2025

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിവസം അഞ്ചായി കുറയ്ക്കുന്നത് സംബന്ധിച്ച് നാളെ ( 5/ 12 / 2025 ) നടക്കുന്ന ചർച്ചയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും പങ്കെടുക്കുന്നുണ്ട്. ചർച്ചയ്ക്ക് മുന്നോടിയായി സംഘടനകളുടെ നിലപാട് രേഖാമൂലം അറിയിക്കണം എന്ന് ആവശ്യപ്പെ ട്ടതനുസരിച്ച് ഇന്ന് നൽകിയ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ നിലപാട് ചുവടെ ചേർക്കുന്നു.

To
ദി ചീഫ് സെക്രട്ടറി
കേരളം

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിവസം അഞ്ചായി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായങ്ങൾ സർവീസ് സംഘടനകളോട് ആരാഞ്ഞിരുന്നു. പോലീസ് ഡിപ്പാർട്ട്മെൻ്റിലെ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാർക്ക് എല്ലാ ദിവസവും തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതര സർക്കാർ ജീവനക്കാർക്ക് നിലവിൽ ആഴ്ചയിൽ 6 ദിവസം പ്രവർത്തി ദിവസവും ഞായറാഴ്ച മാത്രം അവധിയും ആയിരുന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് ആഴ്ചയിൽ ഒരു ദിവസത്തെ വീക്കിലി ഓഫ് ആണ് അനുവദിച്ചു വന്നിരുന്നത്. ഏതെങ്കിലും അടിയന്തര ഡ്യൂട്ടി സാഹചര്യത്തിൽ ഈ ഓഫ് നിഷേധിക്കപ്പെട്ടാൽ, നിഷേധിക്കപ്പെടുന്ന ഓരോ ഓഫിനും പകരം അലവൻസും പ്രതിമാസ ശമ്പളത്തോടൊപ്പം കാലങ്ങളായി അനുവദിച്ചും വരുന്നു. സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം ആഴ്ചയിൽ അഞ്ചായി ചുരുക്കുമ്പോൾ ജീവനക്കാർക്ക് അഞ്ചുദിവസം ഡ്യൂട്ടി ചെയ്താൽ രണ്ടുദിവസം തുടർച്ചയായ അവധിയാണ് ലഭിക്കുന്നത്. ഈ അഞ്ചു ദിവസവും നിശ്ചിത സമയത്ത് ജോലിക്ക് എത്തി നിശ്ചിത സമയത്ത് തിരികെ പോകാനുള്ള അവസരവും ഈ ജീവനക്കാർക്ക് ഉണ്ടാകും. എന്നാൽ സാധാരണ ദിവസങ്ങളിൽ പോലും രാവിലെ എട്ടുമണിക്ക് മുമ്പ് പോലീസ് ഓഫീസുകളിൽ എത്തി രാത്രി ഏറെ വൈകി ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുന്നവരാണ് പോലീസ് ഉദ്യോഗസ്ഥന്മാർ. പലപ്പോഴും അതിരാവിലെ ഡ്യൂട്ടിക്ക് എത്തി രാത്രി ഏറെ വൈകി തിരിച്ചു പോകേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. ചിലപ്പോഴെങ്കിലും ഒന്നിലേറെ ദിവസങ്ങൾ തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യം അനുഭവിക്കുന്ന വിഭാഗമാണ് കേരളത്തിലെ പോലീസ് സേന.

സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ചുദിവസത്തെ പ്രവർത്തി ദിനവും രണ്ടുദിവസം അവധിയുമായി പരിഷ്കരിക്കുമ്പോൾ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് ആഴ്ചയിൽ രണ്ടുദിവസം വീക്കിലി ഓഫ് അനുവദിക്കുന്നതിനുള്ള തീരുമാനം കൂടി അതിനൊപ്പം ഉണ്ടാകണം. നിലവിൽ അടിയന്തര ജോലി സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ വീക്കിലി ഓഫ് നിഷേധിക്കപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിച്ചാൽ നഷ്ടപ്പെട്ട ഓഫിന് പകരം അലവൻസ് അനുവദിക്കുന്നതുപോലെ ജോലിയുടെ ആധിക്യത്താൽ വീക്കിലി ഓഫുകൾ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ പകരം അലവൻസ് അനുവദിക്കാനും തീരുമാനം ഉണ്ടാകണം എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ഇങ്ങനെ അനുവദിക്കുന്ന ഓഫ് അലവൻസ് ഓരോ ഉദ്യോഗസ്ഥന്റെയും ഒരു ദിവസത്തെ വേതനത്തിന് തുല്യമായ തുക അനുവദിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

സവിനയം

സി.ആർ.ബിജു
ജനറൽ സെക്രട്ടറി
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
9447050211

Address

Thiruvananthapuram
695014

Website

Alerts

Be the first to know and let us send you an email when KPOA State Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KPOA State Committee:

Share