29/05/2026
വയനാട് ജില്ലയിലെ കൽപ്പറ്റയിൽ (വെള്ളാരംകുന്ന്) വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്നത് 9485.37 ക്യുബിക് മീറ്റർ മാലിന്യമാണ്. തൊട്ടടുത്തുള്ള വിദ്യാലയത്തിലെ കുട്ടികൾക്കും പ്രദേശവാസികൾക്കും ഈ മാലിന്യമല ഉണ്ടാക്കിയ ദുരിതങ്ങൾ ചെറുതല്ല. മഴക്കാലത്ത് ഈച്ച ശല്യം വർദ്ധിക്കുകയും പകർച്ചവ്യാധികൾ പടരുകയും ചെയ്തു. മലിനജലം ഭൂമിയിലേക്ക് ഊർന്നിറങ്ങി കിണറുകളിലെ കുടിവെള്ളം ഉപയോഗശൂന്യമായി. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ദുർഗന്ധം മൂലം ഇതുവഴി കടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ പ്രദേശവാസികളുടെ ഈ നീണ്ട കാത്തിരിപ്പിനും ദുരിതങ്ങൾക്കും ഇപ്പോൾ അറുതിയാവുകയാണ്.
കേരള സർക്കാരിന്റെ നേതൃത്വത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി ശാസ്ത്രീയമായ ബയോമൈനിങ് (Bio-mining) സാങ്കേതികവിദ്യ ഉപയോഗിച്ച് കൽപ്പറ്റയിലെ ഈ മാലിന്യമല നീക്കം ചെയ്യുന്ന പ്രവൃത്തി ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും അവരുടെ ആരോഗ്യകരവും സ്വസ്ഥവുമായ ജീവിതം തിരികെ ലഭിക്കും.
കൽപ്പറ്റ ഉൾപ്പെടെ സംസ്ഥാനത്തെ 21 നഗരങ്ങളിലെ മാലിന്യക്കൂനകളാണ് (ആകെ 6.50 ലക്ഷം ക്യുബിക് മീറ്റർ മാലിന്യം) KSWMP വഴി ഇപ്പോൾ നീക്കം ചെയ്യുന്നത്. ഇതിലൂടെ നഗരമധ്യത്തിലുള്ള 76.6 ഏക്കറിൽപ്പരം ഭൂമി വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്.
മാലിന്യക്കൂനകൾ മാറ്റും കേരളം മാറും, നമ്മളാണ് മാറ്റം!