22/04/2026
തിരുവല്ലയുടെ സ്വപ്ന പദ്ധതി ആയിരുന്നു തിരുവല്ല ബൈപാസ്, പക്ഷേ പണിത് വന്നപ്പോൾ 2.4 കിലോമീറ്ററിന് 6 ട്രാഫിക് സിഗ്നൽ, ഇതാണ്
തിരുവല്ല ബൈപാസിന്റെ ഇപ്പോഴത്തെ അവസ്ഥ
തിരുവല്ല: 1,2,3,4,5..6 വെറുതേ എണ്ണിക്കളയുന്നതല്ല ഇത്. 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ. ഇവ കടക്കാൻ വാഹനങ്ങൾ കാത്തുനിൽക്കേണ്ടതുകൊണ്ടുതന്നെ വേഗത്തിലുള്ള യാത്രകൾക്കു സഡൻ ബ്രേക്കിടുകയാണു തിരുവല്ല ബൈപാസ്. ബൈപാസിന്റെ ആകെ ദൂരം 2.4 കിലോമീറ്റർ. ഇതു പിന്നിടാൻ 6 സിഗ്നലുകൾ മറികടക്കണം. കുറഞ്ഞ സമയം 10 മിനിറ്റ്. തിരക്കേറുന്ന സന്ദർഭങ്ങളിൽ ഇതു പിന്നെയും വർധിക്കും. എംസി റോഡ് കടക്കാൻ ഇത്രയും പ്രയാസമില്ലെന്നു സ്‌ഥിരം യാത്രക്കാർ പറയുന്നു. ചെങ്ങന്നൂരിൽ നിന്നു വരുന്ന വാഹനങ്ങൾ എംസി റോഡിൽ മഴുവങ്ങാട് ചിറയിലെത്തിയ ശേഷമാണു രണ്ടായി തിരിയുന്നത്. നേരെ ബൈപാസ് വഴിയും, ഇടത് തിരിഞ്ഞു എംസി റോഡ് വഴി തിരുവല്ല ടൗൺ കടന്നും ചങ്ങനാശേരിയിലേക്കു പോകാം. നിലവിൽ എംസി റോഡ് വഴി വരുന്ന വാഹനങ്ങൾക്കു ബൈപാസ് അവസാനിക്കുന്ന രാമൻചിറയ്ക്ക് മുൻപായി ആകെ കടക്കേണ്ടത് എസ്‌സിഎസ് ജംക്‌ഷനിലെ ഏക സിഗ്നൽ. 6 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കാം.
തിരുവല്ല ബൈപാസിലെ സിഗ്നലുകൾ സമയ നഷ്‌മുണ്ടാക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. തിരക്ക് ഒഴിവാക്കി വേഗത്തിലുള്ള യാത്ര ബൈപാസ് വന്നിട്ടും തിരുവല്ലയ്ക്ക് കിട്ടുന്നില്ല. പ്രധാന പരിപാടികളും, രാഷ്ട്രീയ പാർട്ടി യോഗങ്ങളും അടക്കം നടത്തുമ്പോൾ ബൈപാസിലെ ഗതാഗതക്കുരുക്ക് ഏറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കഴിഞ്ഞ മാസം തിരുവല്ലയിൽ നടന്ന എംജി സർവകലാശാല കലോത്സവത്തിന്റെ പ്രധാന വേദികൾ ബൈപാസ് റോഡിന് സമീപമായിരുന്നു. അന്ന് ബൈപാസ് കടക്കാൻ വാഹനങ്ങൾ 15 മുതൽ 25 മിനിറ്റ് വരെ സമയമെടുത്തു.
നിലവിൽ പ്രദേശവാസികളിൽ ഭൂരിഭാഗവും പഴയ എംസി റോഡിനെ തന്നെയാണ് ആശ്രയിക്കുന്നത്. ദൂരെ സ്‌ഥലങ്ങളിൽ നിന്നു ഗൂഗിൾ മാപ്പിട്ടു വരുന്ന വാഹനങ്ങളാണ് അധികവും ബൈപാസ് കയറിയിറങ്ങുന്നത്. ഇതിനു പുറമേ ബൈപാസിലെ അപകടങ്ങളും, അനധികൃത മാലിന്യം തള്ളലും മറ്റൊരു പ്രശ്‌നമാണ്. മാലിന്യം തള്ളുന്നത് തടയാൻ സോളർ ക്യാമറ സ്‌ഥാപിക്കുമെന്നാണ് നഗരസഭ പറയുന്നത്
നിങ്ങളുടെ അഭിപ്രായം എന്താണ്?
തിരുവല്ല ബൈപാസ് — പരിഷ്കരിക്കണോ, ഇല്ലെങ്കിൽ പഴയ വഴികൾ മതി എന്നോ?