05/09/2026
നന്മയുടെ വെളിച്ചം മാഞ്ഞു; ഓർമകളിൽ എം. മുഹമ്മദ് ഹാജി
താമരശ്ശേരിയുടെ പൊതു-സാമൂഹിക രംഗത്ത് നിർണായക സാന്നിധ്യമായിരുന്ന താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം. മുഹമ്മദ് ഹാജിയുടെ അനുസ്മരണ പരിപാടി സി. മോയിൻകുട്ടി ഹാളിൽ നടന്നു.
മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വിശ്വസ്തതയോടെയും അർപ്പണബോധത്തോടെയും ഉറച്ചുനിന്ന അദ്ദേഹം, സംഘടനയേൽപ്പിച്ച ചുമതലകളെല്ലാം അതീവ ഉത്തരവാദിത്തത്തോടെയാണ് നിറവേറ്റിയത്. പ്രാദേശികമായ വിഷമതകളിലും ജനകീയ വിഷയങ്ങളിലും എന്നും മുൻപന്തിയിലുണ്ടായിരുന്ന മുഹമ്മദ് ഹാജി, എളിയവർക്ക് എന്നും താങ്ങും തണലുമായിരുന്നു.
താമരശ്ശേരി പഞ്ചായത്തിലെ പാർട്ടിയുടെ കെട്ടുറപ്പിനും വികസന മുന്നേറ്റങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ വരുംതലമുറയ്ക്ക് എന്നും പ്രചോദനമാണ്. മത, മഹല്ല്, പള്ളി, മദ്രസ്സ പ്രവർത്തന രംഗങ്ങളിലും മറ്റു
സാമൂഹിക, കാരുണ്യ പ്രവർത്തനങ്ങളിലും കാണിച്ച ആത്മാർത്ഥത അദ്ദേഹത്തെ രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരുടെയും പ്രിയങ്കരനാക്കി മാറ്റി. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ പ്രസ്ഥാനത്തിന് നഷ്ടമായത് പക്വതയാർന്ന ഒരു നേതാവിനെയും ജനങ്ങൾക്ക് ഒരു നല്ല പൊതുപ്രവർത്തകനെയുമാണ്.
പാരത്രിക ജീവിതത്തിൽ സർവശക്തൻ അദ്ദേഹത്തിന് ഉന്നതമായ പദവികൾ നൽകി അനുഗ്രഹിക്കട്ടെ.
പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടി പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ കെ കൗസർ സ്വാഗതം പറഞ്ഞു. സെക്രട്ടറി സുബൈർ വെഴുപ്പൂർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു...