04/02/2014
ആം ആദ്മി പാർടി (AAP) യെ ആർക്കാണ് ഇത്ര പേടി...? (മുഴുവനും വായിക്കുക അഭിപ്രായം പങ്കുവെയ്ക്കുക) ജന്മമെടുത്തു കേവലം ഒരു വർഷം മാത്രം പ്രായമായതും, ഡല്‍ഹി തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് മോഹിച്ച വമ്പൻ പാർട്ടികളായ കോണ്ഗ്രസ്സിനെയും ബി ജെ പി യെയും ഞെട്ടിച്ചു (ദേശീയ കുത്തക മാധ്യമങ്ങളെയും) 28 സീറ്റ് നേടി, ജനാധിപത്യ രീതിയിൽ ഭരണം ഏറ്റെടുത്തു ഒരു മാസം തികച്ചിട്ടുള്ള AAP യെ ഇത്രമേൽ കൂട്ടായി എല്ലാ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ആക്രമിക്കുന്നതിന്റെയും വിമര്ശിക്കുന്നതിന്റെയും പിന്നിലെ ചെതോവികാരമെന്ത്? ഡൽഹിയിൽ ഏറ്റവും വലിയ ആഘാതം ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ ബി ജെ പിക്കായിരുന്നു AAP യിൽ നിന്നും അരവിന്ദ് കേജ്രിവാൾ എന്ന നേതാവിൽ നിന്നും ഏറ്റത്. ഡല്‍ഹി വഴി രാജ്യഭരണം ഏറ്റെടുക്കാനുള്ള അവരുടെ മോഹം പൊലിഞ്ഞു എന്ന് മാത്രമല്ല, AAP ഉയർത്തിയ മുദ്രാവാക്യങ്ങൾ മുന്നോട്ടുള്ള ഗതിയിൽ വലിയ തടസ്സമാണെന്നും അവർ തിരിച്ചറിഞ്ഞു. കോണ്ഗ്രസ്സും, മറ്റു ദേശീയ പാർട്ടികളും, പ്രാദേശിക പാർട്ടികളും, കുത്തക മാധ്യമങ്ങളും, നാളിതുവരെ ഭരണം നിയന്ത്രിച്ചിരുന്ന കോര്‍പറേറ്റ് ഭീമന്മാരും, ആര് ഭരിച്ചാലും ഞങ്ങളാണ് തീരുമാനങ്ങൾ എടുത്തു കൊണ്ടിരിക്കുന്നത് എന്ന ധാർഷ്ട്യത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥ പ്രമുഘരും ആദ്യത്തെ നടുക്കത്തിൽ നിന്നും ഉണർന്നതോടെ, രാജ്യമെങ്ങും അലയടിക്കുന്ന AAP, അരവിന്ദ് കേജ്രിവാൾ തരംഗത്തിന്‍റെ അനുരണങ്ങൾ തിരിച്ചറിയുകയും, ഇനിയൊരു ചെറു വിരലനക്കാൻ സമ്മതിക്കാത്ത തരത്തിൽ AAP യെ ഇല്ലാതാക്കാൻ കൂട്ടായി ശ്രമിക്കണമെന്ന തീരുമാനം എടുത്തതിന്‍റെ ഫലമാണ് ഇന്ന് കാണുന്ന ഈ അസഹിഷ്ണുതയുടെയും ആക്രമണത്തിന്റെയും പിന്നിൽ. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന കക്ഷികളെ ആദ്യത്തെ 100 ദിവസം "മധുവിധു കാലം" എന്ന ഓമനപ്പേരിട്ട് വിളിച്ചു കാര്യമായ പ്രതിഷേധങ്ങളോ, സമരങ്ങളോ വിമർശനങ്ങളോ ഇല്ലാതെ സാകൂതം വീക്ഷിച്ചു അവരെ ഭരിക്കാൻ അനുവദിക്കുന്ന രീതിയാണ് സാധാരണയായി സംസ്ഥാന ദേശീയ രാഷ്ട്രീയത്തിൽ കണ്ടു വരുന്നത്. എന്നാൽ ഇവിടെ AAP ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ ഒന്നൊന്നായി അവർ നടപ്പിൽ വരുത്താൻ തുടങ്ങിയാൽ, ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഉണ്ടായതിനേക്കാൾ വലിയ ആഘാതം ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഉണ്ടാവും എന്ന് മനസ്സിലാക്കിയ രാഷ്ട്രീയ കക്ഷികളും, മാധ്യമങ്ങളും കുത്തകകളും ഒന്നിച്ചു ഉണര്‍ന്നു ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന്‍റെ ഫലമാണ് ഇന്ന് ഡൽഹിയിൽ കാണുന്ന AAP ക്കും അരവിന്ദ് കേജ്രിവാളിനും അതുപോലെ AAP യുടെ മറ്റു നേതാക്കൾക്കെതിരെയും ഉള്ള ആരോപണങ്ങളും വിമർശനങ്ങളും. സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം നേതാക്കന്മാരും അവരുടെ പാർട്ടികളും നല്കിയിട്ടുള്ള പൊള്ളയായ വാഗ്ദാനങ്ങളും, സാദാരണക്കാരായ ആം ആദ്മികളെ അധികാരി വർഗത്തിന് പുച്ഛമാണെന്നുള്ള തിരിച്ചറിവ് ദേശ ഭാഷ ജാതി മത വർഗ വിത്യാസമന്ന്യെ ജനങ്ങള് തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഡൽഹിയിൽ സംഭവിച്ചത്. അത് രാജ്യം മുഴുവൻ അലയടിക്കാതിരിക്കണമെങ്കിൽ AAP നേതാക്കന്മാരും അരവിന്ദ് കേജ്രിവാളും ഡൽഹിക്ക് പുറത്തേക്കു ഇറങ്ങരുത് എന്ന ഉന്നത തല ഗൂഡാലോചനയുടെ പരിണിതഫലമാണ് ഡല്‍ഹിയിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും അരങ്ങേറുന്ന AAP വിരുദ്ധ അരവിന്ദ് കേജ്രിവാൾ വിരുദ്ധ വിമർശനങ്ങളുടെ ഉള്ളു കള്ളി. അരവിന്ദ് കേജ്രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിൽ വരുന്നതിനെ മോഡി ഭയപ്പെടുന്നു, അമേത്തിയിൽ വരുന്നത് രാഹുലിന് ഭയം. ഉത്തർപ്രദേശിൽ അച്ഛനും മകനും ഭയം. തമിഴ്നാട്ടിൽ എന്തിനു ഇങ്ങു കേരളത്തില പോലും സി പി എമും കോണ്ഗ്രസ്സും ഭയന്നു തുടങ്ങിയിരിക്കുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് കാലത്ത് AAP യെ ആരും ഗൌരവമായി എടുത്തിരുന്നില്ല. വെറുതെ കുറെ ആൾക്കാർ കെട്ടിവച്ച കാശ് കളയാനായി ചൂലും തൊപ്പിയുമായി വെയില് കൊള്ളുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കഥ മാറി. സാധാരണയായി ഇത്തരം മാറ്റങ്ങളെ പ്രോൽസാഹിപ്പിക്കാറുള്ള, വേറിട്ട് നിൽക്കുന്നു എന്നവകാശപ്പെടുന്ന ചുരുക്കം ചില മാധ്യമങ്ങൾ പോലും ഇത്തവണ AAP കൊണ്ട് വരുന്ന മാറ്റത്തെ ഉൾകൊള്ളാൻ തയ്യാറല്ല, കാരണം വാണിജ്യപരമായ അവരുടെ താല്പര്യങ്ങൾ AAP എതിർക്കുന്നു. എന്നിരുന്നാലും രാജ്യത്തങ്ങോളം ഇങ്ങോളമുള്ള AAP അനുകരണങ്ങളെ എല്ലാവരും ഭയക്കുന്നു. രാജ്യമൊട്ടുക്കും സാധാരണക്കാരും, യുവാക്കളും ഒരു മാറ്റം ആഗ്രഹിക്കുകയും, നിശബ്ദ വിപ്ലവങ്ങൾ ഫെസ്ബൂക്കും റ്റ്വിട്ടെരും പോലുള്ള ഓണ്ലൈൻ മാധ്യമങ്ങളിലൂടെ ഒരു കനലായി പുകഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. അത് ഒരു തീയായി ഇന്ന് കാണുന്ന വ്യവസ്ഥിതിക്ക് എതിരായി ആളിക്കത്തും എന്ന ഭീതി തന്നെയാണ് AAP യെയും അരവിന്ദ് കേജ്രിവാളിനെയും ഇത്രമേൽ അധിക്ഷേപിക്കുന്നതും അതിലെ നേതാക്കളുടെ പൂർവകാല ചെയ്തികളെ പർവതീകരിച്ച് പ്രചരിപ്പിക്കുന്നതിലൂടെയും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും വ്യവസായ വമ്പന്മാരും ഉദ്യോഗസ്ഥ പ്രമുഘരും ചേർന്ന് ലക്ഷ്യമിടുന്നത്.