02/11/2021
പാലോട്: വനം വകുപ്പിൽ വർഷങ്ങളായി ജോലി നോക്കി വരുന്ന തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
ജില്ലയിലെ മൂന്ന് ഡിവിഷനിൽ നിന്നും 75 തൊഴിലാളികൾ പങ്കെടുത്തു.നവംമ്പർ ഒന്നു മുതലാണ് പിരിച്ച് വിടൽ നടപടി ആരംഭിച്ചത്.പാലോട്,
പരുത്തിപ്പള്ളി, കുളത്തപ്പുഴ, അഗസ്ത്യാർ ബായോ പാർക്ക് എന്നീ ഡിവിഷനുകളിൽ പിരിച്ച് വിടപ്പെട്ടവരാണ് സമര രംഗത്തുവന്നത്. ഇവരിൽ 30 വർഷമായി ജോലി നോക്കുന്ന തൊഴിലാളികളുണ്ട്.
അവർക്ക് ഇനി മറ്റൊരു ജോലി നോക്കുക പ്രയാസമാണ്.
ഒരു മാസത്തിൽ 30 ദിവസം ജോലി നോക്കിയാലും 15, 16 ദിവസത്തെ വേതനമാണ് നൽകുന്നത്.
752 രൂപയാണ്ശമ്പളം.
സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ വലയുകയാണ്.
കേരളത്തിൽ ഏകദേശം 2,000 പേരാണ് പിരിച്ച് വിടലിന് വിധേയരാവുന്നത്.
ഈ നടപടി നിറുത്തിവയ്ക്കണം എന്നാണ് എ.ഐ.ടി.യു.സിയുടെ ആവശ്യം. വനം വകുപ്പിൽ താത്കാലിക തൊഴിലാളികളെ സംരക്ഷിക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രഖ്യാപനത്തിന് വിരുദ്ധമാണ് പുതിയ ഉത്തരവ്. വരുന്ന 7 ന് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും. മുന്നോടിയായി പാലോടു റെയിഞ്ച് ഒഫീസിന് മുമ്പിൽ നടന്ന ധർണ്ണ സി.പി.ഐ പാലോട് മണ്ഡലം സെക്രട്ടറി ഡി.എ രജിത് ലാൽ ഉദ്ഘാടനം ചെയ്തു. ഭുവനേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ കുഞ്ഞുമോൻ , എം.ജി ധനീഷ്, വേങ്കവിള സജി, നവോദയ മോഹനൻ നായർ , ബോബൻ കള്ളിപ്പറ, റീന, വന രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.