04/09/2026
കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കാനിടയായ സംഭവം അത്യന്തം വേദനാജനകവും പ്രതിഷേധാർഹവുമാണ്. അദ്ധ്വാനിച്ച് ജീവിച്ച ഒരു സാധാരണ തൊഴിലാളിയെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാസ്ഥയും ഉപദ്രവങ്ങളുമാണ് മരണത്തിലേക്ക് തള്ളിവിട്ടത്.
നിയമവിരുദ്ധ മോഡിഫിക്കേഷന് പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും സർക്കാരാണ്. ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ മാസങ്ങളോളം ഷൗക്കത്ത് ഓഫീസുകൾ കയറിയിറങ്ങി. ഏജന്റുമാരില്ലാതെ നേരിട്ടെത്തി അപേക്ഷ നൽകിയ വ്യക്തിയോട് ചില ഉദ്യോഗസ്ഥർ കാണിച്ച വൈരാഗ്യബുദ്ധിയും അനാവശ്യ തടസ്സങ്ങളുമാണ് ഈ വലിയ ദുരന്തത്തിന് വഴിവെച്ചത്.
മാസങ്ങളോളം വാഹനം ഓടിക്കാൻ കഴിയാതെ വന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ബാങ്ക് തിരിച്ചടവുകൾ മുടങ്ങി കടുത്ത മാനസിക വിഷമത്തിലാവുകയും ചെയ്തു. സർക്കാറിന്റെയും ഭരണസംവിധാനത്തിന്റെയും തണലിൽ മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും നടത്തുന്ന കൊള്ളയാണ് ഷൗക്കത്തിന്റെ ജീവനെടുത്തത്.ഇതിന് കാരണക്കാരായ കുറ്റകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഓട്ടോ-ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ CITU പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 സെപ്തംബർ 8 ന് രാവിലെ 10 മണിക്ക് അഞ്ച് വിളക്ക് പരിസരത്ത് നിന്ന് RTO ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു. മുഴുവൻ തൊഴിലാളികളും പ്രസ്തുത മാർച്ചിൽ അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു