23/01/2026
'എസ്ഡിപിഐ കേരള' ഫേസ്ബുക്ക് പേജ് വിലക്കിയ നടപടി ഭീരുത്വം : എംഎം താഹിർ
എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ പേരിലുള്ള ഔദ്യോഗിക ഫേസ്ബുക്ക് പേജ് തടസപ്പെടുത്തിയ നടപടി ഭീരുത്വവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സംസ്ഥാന സെക്രട്ടറി എംഎം താഹിർ പറഞ്ഞു.മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കിരാതമായ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു .
സോഷ്യൽ ഡെമോക്രസി എന്ന ആശയ അടിത്തറയിൽ നിന്നുകൊണ്ട് പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ പ്രഖ്യാപിച്ചിരുന്ന പേജ് തടസ്സപ്പെടുത്തിയതിന് പിന്നിൽ ഭരണകൂടത്തിന്റെ ഇടപെടലുകൾ ഉണ്ട് എന്നറിയാം . സത്യം പറയുന്ന നാവുകൾ എക്കാലവും പിഴുതെറിയപ്പെട്ടിട്ടുണ്ട് . എന്നാൽ സത്യത്തെ കുഴിച്ചുമൂടാൻ ഒരു ശക്തികൾക്കും സാധിച്ചിട്ടില്ല. ചങ്ങാത്ത മുതലാളിത്തം അന്താരാഷ്ട്ര തലത്തിൽ തന്നെ മാധ്യമ ലോകത്ത് പിടിമുറുക്കിയ കാലത്ത് സാമൂഹ്യ മാധ്യമങ്ങളാണ് സത്യത്തിന്റെ ജിഹ്വകളായി മാറിയിട്ടുള്ളത് . സാമ്രാജ്യത്വ സയണിസ്റ്റ് ഹിന്ദുത്വ അച്ചുതണ്ടിന്റെ ആക്രമണങ്ങളിൽ ഞെരിഞ്ഞമരുന്ന അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദം, കുഴിച്ചുമൂടിയ സത്യങ്ങൾ , കെട്ടിച്ചമക്കപ്പെട്ട പെരും നുണകൾ , ഇവകളെയെല്ലാം അതിജീവിച്ചത് സാമൂഹ്യ മാധ്യമങ്ങളുടെ വിപ്ലവമാണ് . എന്നാൽ , നിക്ഷിപ്ത താല്പര്യങ്ങൾക്ക് വഴങ്ങി ഇത്തരം നടപടികൾ സ്വീകരിക്കുന്നത് രാജ്യത്തെ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ താല്പര്യത്തിന് വേണ്ടിയാണെന്ന് അറിയാം . ഔദ്യോഗികവും അനൗദ്യോഗികമായ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ നടപടികളെ കണ്ടില്ലെന്ന് നടിക്കുന്ന മെറ്റ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ആശയപ്രചരണം നടത്തുന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്കെതിരെ നടത്തുന്ന ഈ നടപടി അപഹാസ്യവും വിവേചനപരവുമാണ് . എസ്ഡിപിഐയുടെ ആശയാദർശങ്ങൾ നവമാധ്യമങ്ങൾ വഴി ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിത് . സംഘപരിവാർ വിദ്വേഷ പ്രചാരണങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ തുറന്നുകാട്ടുന്നതും ഇത്തരമൊരു നടപടിക്ക് മെറ്റയെ നിർബന്ധിതരാക്കി എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത് . വിലക്കുകളും വിലങ്ങുകളും അതിജീവിച്ചുകൊണ്ട് സത്യത്തിന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ ഇനിയും മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.