15/05/2021
1996 മെയ് മാസം പതിനാലാം തീയതി, എന്റെ നാടിനെ ആകെ ദുഃഖത്തിലാഴ്ത്തിയ ആ ധാരുണ സംഭവത്തിന് ഇന്ന് 25 വയസ്സ്. മുപ്പത്തിയാറ് ജീവനുകൾ പൊലിഞ്ഞ ചേപ്പാട് ട്രെയിൻ ദുരന്തം. 96 ൽ ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വേനൽ അവധിക്കാലമായതിനാൽ അമ്മയോടൊപ്പം ഞാനും അനുജനും കൂടി കുറ്റിപ്പുറം തഴവായിൽ ഉള്ള അമ്മയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ റേഡിയോ ന്യൂസിൽ കേൾക്കുന്നു ആലപ്പുഴ ജില്ലയിലെ ചേപ്പാട് വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സും പുഷ്പുൾ ട്രെയിനും കൂട്ടിയിടിച്ച് അനേകർ മരിച്ചെന്ന്. അന്ന് ഇതുപോലെയുള്ള ചാനലുകളൊന്നും അത്ര പ്രചാരത്തിലില്ല. വാർത്തകളറിയാൻ പലരും ആശ്രയിച്ചിരുന്നത് റേഡിയോയാണ്. വാർത്ത കേട്ട ഉടനെ എങ്ങനെയെങ്കിലും വീട്ടിൽ എത്തിച്ചേരണം എന്നായി. പെട്ടെന്ന് ഇറങ്ങിയാൽ ഒരു മണിക്കൂർ എടുക്കും ബസ്സിൽ തഴവ യിൽ നിന്നും ചേപ്പാട് എത്താൻ .അപ്പോഴാണ് അമ്മയുടെ ആങ്ങള അദ്ദേഹം ജോലി ചെയ്യുന്ന മാവൂർ ഗോളിയോർ റയോൺസ് കമ്പനിയിൽ നിന്നും അവിടത്തെ സ്റ്റാഫിന്റെ മൃതദേഹവുമായി കമ്പനി ആംബുലൻസിൽ കൊല്ലത്ത് എത്തിയത്. ശേഷം തിരിച്ചു പോകുമ്പോൾ അവിചാരിതമായാണ് കുടുംബവീട്ടിൽ അദ്ദേഹം കയറുന്നത്. തിരിച്ചു പോകുന്നത് ദേശീയപാത വഴി അതായത് ചേപ്പാട് വഴി കോഴിക്കോട്ടേക്ക് പേടിയില്ലെങ്കിൽ ആംബുലൻസിൽ കയറിക്കോ ഞാൻ ചേപ്പാട്ട് ഇറക്കാമെന്ന് അങ്കിൾ പറഞ്ഞു. ഒരു എട്ടാം ക്ലാസ്സ് കാരന്റെ കൗതുകവും അപകടസ്ഥലത്ത് എത്രയും പെട്ടെന്ന് എത്തണം എന്നുള്ള ആഗ്രഹവും മൂലം പെട്ടെന്ന് ആംബുലൻസിൽ ചാടിക്കയറി. അതിവേഗം ആംബുലൻസ് ചേപ്പാട് എത്തി. ഏവൂർ ജംഗ്ഷൻ മുതൽ ദേശീയപാതയിൽ ആകെ ആൾക്കൂട്ടമാണ്. ചേപ്പാട് വലിയ പള്ളിയുടെ മുമ്പിൽ ആംബുലൻസ് നിർത്തുമ്പോൾ ആളുകളെല്ലാം ആംബുലൻസിന് ചുറ്റും ഓടിക്കൂടി.ഞാനും അമ്മയും അനുജനും അതിൽ നിന്നിറങ്ങുമ്പോൾ എല്ലാവരും വളരെ അമ്പരപ്പോടെ ഞങ്ങടെ മുഖത്തേക്ക് നോക്കി . കാര്യം വിശദീകരിച്ചപ്പോൾ അവർക്കും സമാധാനമായി. വീട്ടിലേക്ക് പോകാതെ നേരെ അപകട സ്ഥലത്തേക്ക് ഓടി. ഞാൻ ചെല്ലുമ്പോഴേക്കും മൃതദേഹങ്ങൾ എല്ലാം തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. ശേഷം അവിടെ കണ്ട കാഴ്ചകൾ പോലും ഒരു എട്ടാം ക്ലാസ്സുകാരന്റെ കണ്ണിനെയും ഹൃദയത്തെയും ഭയപ്പെടുത്തുന്നതും മുറിപ്പെടുത്തുന്നതുമാ
യിരുന്നു. രക്തം തളംകെട്ടി നിൽക്കുന്നത്, ചിതറിത്തെറിച്ച ശരീരഭാഗങ്ങളിൽ ചിലതൊക്കെ അവിടിവി ടെ കിടക്കുന്നു. തൊട്ടടുത്ത വീടിന്റെ ഭിത്തിയിലും മുറ്റത്തും ഒക്കെ ചോരച്ചാലുകൾ. പൊലിഞ്ഞുപോയ മുപ്പത്തിയാറ് ജീവിതങ്ങൾ. നൊമ്പരത്തോടെയും നല്ല ഭയത്തോടെയും വീട്ടിലേക്ക്. തുടർന്നുള്ള ദിവസത്തെ ഉറക്കങ്ങൾ പലതും ഈ കാഴ്ചകൾ മൂലം അസ്വസ്ഥമായിരുന്നു. അതിലേറെ വേദന പെടുത്തിയത് എന്നോടൊപ്പം പഠിച്ച പ്രിയ സ്നേഹിതനായ രാകേഷിനെ അച്ഛന്റെ മരണമായിരുന്നു അദ്ദേഹവും ഈ ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നു . ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.അങ്ങനെ വലിയൊരു സങ്കട കണ്ണീരിലായി എന്റെ നാട്. ഇന്നാ ദാരുണ ദുരന്തത്തിന് 25 വയസ്സ് പൂർത്തിയാകുന്നു. അന്നെന്ന പോലെ ആ കാഴ്ചകൾ എന്നും മനസ്സിൽ ഉണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ അഞ്ചു ചിത കൾക്ക് ഒരുമിച്ച് തീകൊളുത്തേണ്ടി വന്നവരുടെ ഹൃദയഭാരം. അങ്ങനെ പലതും എന്റെ നാടിനെയാകെ സങ്കടക്കടലിലാക്കി. ഇന്നും ആ ലെവൽക്രോസ് മുറിച്ചുകടക്കുമ്പോൾ ആ ഇടത്തേക്കൊന്നു നോക്കും ഒരു ഒരു നെടുവീർപ്പോടെ..... വിട പറഞ്ഞവർക്ക് ആദരാഞ്ജലികൾ....
കടപ്പാട്.
ഈശോ അച്ചൻ.