16/08/2025
യുകെയിലുള്ള മലയാളികൾ നിർബന്ധമായും ഇത് വായിക്കുക അതുപോലെ മറ്റുള്ളവർക്കും ഷെയർ ചെയ്യുക. #യുകെ #ഇന്ത്യാ #മലയാളം #മലയാളി
നിങ്ങളിൽ ചിലരുടെ ഹീനകരമായ പ്രവർത്തികൾ നിങ്ങൾക്ക് മാത്രമല്ല കേരളത്തിലും ലോകത്തിലെമ്പാടുമുള്ള മലയാളികൾക്കും ആപത്ത് വരുത്തിവയ്ക്കുക മാത്രമല്ല അന്യ നാട്ടുകാരുടെ വെറുപ്പിനും അതു മൂലം നിസഹകരണത്തിനും കാരണമാകും...അയർലണ്ടിൽ ഈ ദിവസങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, നിയമത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സമാന്തരമായി എന്റെ പിഴ ചൊല്ലി നാം തിരുത്തേണ്ട ചില മേഖലകളുണ്ട് . അവ നാം ഇനിയെങ്കിലും തിരിച്ചറിയാതെ പോയാൽ പോംവഴികൾ ഇല്ലാത്തവണ്ണം കാര്യങ്ങൾ ഇനിയും വഷളാകാൻ ഇടയുണ്ട്. ഇപ്പോൾ അയർലണ്ടിൽ നടക്കുന്ന കാര്യങ്ങൾ യുകെയിലേക്കെത്താൻ അധികം താമസമില്ല, യുകെയിൽ മൈഗ്രന്റ്സിന് എതിരെയുള്ള പ്രശങ്ങൾ കഴിഞ്ഞ വർഷത്തേക്കാളും വലുതാകുമെന്ന് അറിഞ്ഞതിനാലാണ് നിലവിൽ ഗവൺമെന്റ് പല കാര്യങ്ങളും ചെയ്യുന്നത്. ഒരു കാര്യം ഓർക്കുക നമ്മുടെ കുഞ്ഞളുടെ സ്കൂൾ തുറക്കാൻ അധികം ദിവസമില്ല. നമ്മൾ ചെയ്യുന്ന തോന്നിവാസത്തിന് പലപ്പോഴും സ്കൂളുകളിൽ ബുള്ളിയിഗ് ഇരയാകുന്നത് നമ്മുടെ കുട്ടികളാണ്.
ആദ്യം തിരിച്ചറിയേണ്ടത് നിങ്ങൾ പ്രവാസികളാണെന്ന യാഥാർഥ്യമാണ് . ഇവിടെ നമ്മൾ വീട്ടുകാരല്ല വിരുന്നുകാരാണ്. ബ്രിട്ടീഷ് പാസ്സ്പോർട്ടും പെർമനന്റ് റെസിഡെൻസിയും ഒരു ഔപചാരികത മാത്രം എന്നത് സ്വയം തിരിച്ചറിയേണ്ടതുണ്ട്. അല്ലെങ്കിൽ അപമാനവും അവഹേളനവും അപകടവും ദൂരത്തല്ല. കലാകാലങ്ങളായി ഈ ജനത അവരുടെ ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്ന ഒരു ഉന്നത നിലവാരമുണ്ട്. വൃത്തിയുടെ കാര്യത്തിൽ, ഡ്രൈവിങ്ങിന്റെ കാര്യത്തിൽ, മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുന്ന കാര്യത്തിൽ, ഭക്ഷണരീതികളുടെ കാര്യത്തിൽ, പൊതുസ്ഥലത്തെ പെരുമാറ്റത്തിന്റെ കാര്യത്തിൽ, വരി നിൽക്കുന്ന കാര്യത്തിൽ..അങ്ങനെയെന്തെല്ലാം. നമ്മൾ മൂലം അത് ഒന്നൊന്നായി ഇല്ലാതാകുമ്പോൾ അവരുടെ അഭിമാനവും സ്വസ്ഥതയും വ്രണപ്പെടുമെന്നത് സ്വഭാവികമായ ഒരു വസ്തുത മാത്രം.
നമ്മുടെ സംസ്കാരത്തെ പൂർണമായും ഉപേക്ഷിക്കുക എന്നത് ചിന്തിക്കാനാവില്ല. എങ്കിലും പ്രവാസത്തെ പുണർന്നവർ എന്ന നിലയിൽ നമ്മുടെ ചില രീതികളെ പൂർണമായോ ഭാഗികമായെങ്കിലുമോ ഉപേക്ഷിക്കാതെ, ഞാൻ ഇങ്ങനെയേ ജീവിക്കൂ എന്നു വാശിപിടിച്ചാൽ ഫലം അനുഭവിക്കേണ്ടി വരുന്നത് മര്യാദക്കു ജീവിക്കുന്ന നിരപരാധികൾ കൂടിയായിരിക്കും. അതിലുപരി നമ്മുടെ കുഞ്ഞുങ്ങൾ കൂടിയാവും. അന്യസംസ്ഥാന തൊഴിലാളികളോട് നമ്മൾ പെരുമാറുന്നതിലും എത്രെയോ നന്നായി ആണിവർ നമ്മളോട് പെരുമാറുന്നത് അത് നമുക്ക് ഇല്ലാതാക്കണോ?,
ഒരു വ്യക്തി ചെയ്യുന്ന മോശമായ പ്രവർത്തികൾ മൂലം ഒരു സമൂഹം മൊത്തമായും നാണം കെടുകയാണ് എന്ന് മറക്കരുത്.
1,ജോലിസ്ഥലത്ത് മീൻ വറുത്തതും സാമ്പാറും കൂട്ടിക്കുഴച്ച് കൈകൊണ്ടു വാരി കഴിക്കുന്നത് കണ്ടാൽ നമുക്ക് നാവിൽ വെള്ളമൂറും. എന്നാൽ അവിടുത്തുകാരിൽ അതുണ്ടാക്കുന്നത് ഓക്കാനവും കലിയുമാണെന്നത് ഓർത്താൽ നമുക്ക് നന്ന്. ബ്രേക്ക് റൂമിലെ മൈക്രോവേവിൽ മീൻകറിയും പന്നികറിയും ചൂടാക്കി കഴയുമ്പോളുള്ള മണം നമ്മൾക്ക് ഇഷമായിരിക്കാം അത് മറ്റുള്ളവർക്ക് വെറുപ്പാണ്.
2,യുകെയിൽ വന്നു ഒരാഴ്ച കഴിയുമ്പോൾ ഡ്രൈവിങ്ങിന്റെ സാമാന്യ നിയമങ്ങൾ പോലും മനസ്സിലാക്കാതെ വണ്ടിയുമെടുത്ത് റോഡിലേക്കിറങ്ങുന്ന നമ്മൾ ഓർക്കുക, മുഴുവൻ മലയാളി സമൂഹത്തെയുമാണ് നിങ്ങൾ വിലകുറഞ്ഞവരാക്കുന്നത്. സീബ്രാ ലൈനുകളെയും കാൽനടക്കാരെയും അല്പം പോലും മാനിക്കാത്ത ഡ്രൈവിംഗ് സംസ്കാരം നമുക്ക് ഉപേക്ഷിക്കാം. പ്രത്യേകിച്ച് കാത്തുനിൽക്കാൻ അല്പം പോലും ക്ഷമയില്ലാത്ത ഒരു ഡ്രൈവിംഗ് സംസ്കാരം നമ്മുടെ രക്തത്തിൽ ഉണ്ട്. അതുപോലെ കുഞ്ഞുങ്ങളെ മടിയിൽ ഇരുത്തി യാത്ര ചെയ്യുക, പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലത്തു തന്നെ പാർക്ക് ചെയ്യുക തുടങ്ങിയ കലാപരിപാടികൾ നമുക്കിടയിൽ സർവ്വ സദ്ധാരണമാവുകയാണ്. അവിടെയുള്ളവർ ഡ്രൈവിങ്ങിൽ കാണിക്കുന്ന മാന്യതയും മര്യാദയും അവർ തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട്. അത് കാണിക്കുക. നമ്മുടെ നാട്ടിൽ ഹോൺ അടിച്ചില്ലേൽ എന്തോ കുറച്ചിലാണ് എന്നാൽ ഇവിടെ ആരെങ്കിലും നമ്മളെ നോക്കി ഹോൺ അടിച്ചാൽ പരിചയം പുതുക്കൽ അല്ല മറിച്ച് നമ്മൾ എന്തോ തെറ്റ് കാണിച്ചത് കൊണ്ടാണ് എന്നറിയുക
3, കൂട്ടം കൂടി സംസാരിച്ച് നടന്നു പോകുന്ന ഒരുകൂട്ടം മലയാളികൾ . എതിരെ വരുന്ന ഒരു പ്രായമായ സ്ത്രീയെ പരിഗണിക്കുകപോലും ചെയ്യാതെ നടപ്പു തുടരുകയാണ്. അരികിലേക്ക് മാറി ഒതുങ്ങി നിൽക്കേണ്ടി വരുന്ന ആ സ്ത്രീയുടെയുടെയുള്ളിൽ നുരഞ്ഞുപൊന്തുന്ന വിപരീത വികാരം സ്ഫോടനാത്മകമാണെന്ന് മറക്കാതിരിക്കുക. നമ്മുടെ എതിരെ വരുന്നവർക്ക് സൈഡ് കൊടുക്കുക നമ്മളുടെ പുറകിൽ വരുന്നവർക്ക് കൂടി വാതിൽ തുറന്നു പിടിച്ചു കൊടുക്കുക എന്നതൊക്കെ ഇവിടുത്തെ സംസ്കാരത്തിന്റെ ഭാഗമാണ്. നന്ദി പറയുന്നതിലും സോറി പറയുന്നതിലും ഒരു മടിയും കാണിക്കാതിരിക്കുക.
4,പൊതു ഇടങ്ങളിൽ പ്രത്യേകിച്ച് ബസുകൾ ,ബസ്സ് സ്റ്റോപ്പുകൾ,ജോലി സ്ഥലങ്ങൾ,ഷോപ്പിംഗ് സെന്റർ തിയേറ്റർ എന്നിവിടങ്ങളിൽ നാട്ടിലേക്ക് വീഡിയോ കോൾ വിളിച്ച് ഉച്ചത്തിൽ മലയാളം പറയുന്നവരേ, വേണമെങ്കിൽ നിങ്ങൾക്ക് പറയാം അതെന്റെ സ്വതന്ത്ര്യമാണെന്ന്. മനസ്സിലാക്കുക, അപമര്യാദയാണ് ഒരു പൊതു സ്ഥലത്ത് പാലിക്കേണ്ട മരിയാദ നിങ്ങൾ മറക്കുന്നു.
5, വർദ്ധിച്ചു വരുന്ന ആഘോഷങ്ങളാണ് മറ്റൊന്ന്. മലയാളി മഹാ സംഗമങ്ങൾ സൃഷ്ടിക്കുന്ന ഗതാഗത കുരുക്കിലും കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളിലും പെട്ടു പോകുന്ന ഓരോ സ്വദേശിയുടെ ഉള്ളിലും വിപരീത വികാരത്തിന്റെ ഒരു കടൽ ഇരമ്പുന്നുണ്ട്. നമ്മൾ പോലും അറിയാതെ നമ്മളെ ആളുകൾ വെറുക്കുന്നതിന്റെ കാരണങ്ങൾ ഇതൊക്കെയാണ്.
6, റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്ന ഒരാൾക്കായി വണ്ടി നിർത്തിക്കൊടുത്തു. നന്ദി സൂചകമായി ഒന്നു നോക്കുകയോ കൈ വീശി കാണിക്കാതെയോ ആ വ്യക്തി റോഡ് മുറിച്ചു കടന്നു പോയാൽ മിക്കവാറും ഉറപ്പിച്ചോളൂ അതൊരു മലയാളി ആണ് അല്ലെങ്കിൽ ഒരു ഇന്ത്യക്കാരനെന്ന് അത് കാണുന്ന മലയാളിയായ എനിക്ക് ദേഷ്യം തോന്നുന്നുവെങ്കിൽ ഇവിടത്തുകാർക്ക് ദേഷ്യം എത്രത്തോളമെന്ന് ഊഹിക്കുക.
7,കുട്ടികൾ സ്വൈര വിഹാരം നടത്തിക്കൊണ്ടിരുന്ന ചിൽഡ്രൻസ് പാർക്കുകളിൽ നമ്മുടെ കുട്ടികളും ഇപ്പോൾ ധാരാളമായി കളിക്കുന്നുണ്ട്. ഊഴം കാത്തുനിന്ന് ഓരോ റൈഡിലും കയറുക എന്ന സാമാന്യ മര്യാദ നമ്മുടെ കുട്ടികൾ കാണിക്കുന്നുണ്ടെന്ന് പ്രിയ മാതാപിതാക്കളേ നിങ്ങൾ ശ്രദ്ധിക്കണം. പല കളിസ്ഥലങ്ങളിലും ഇന്ന് സർവസാധാരണമായി കാണുന്ന ഒരു മര്യാദലംഘനമാണിത്. മറ്റുള്ളവരെയും പരിഗണിക്കാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കുക.
8,നിയമങ്ങൾ പാലിക്കാതെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കി പൊതു ഇടങ്ങളിൽ ഭക്ഷണം വിതരണം ചെയ്യപ്പെടുകയും അത് പിടിക്കപ്പെടുകയും ചെയ്യുമ്പോൾ അതിൽ പാരവയ്പ്പ് എന്ന്പറഞ്ഞ് കലഹിക്കുന്നതിലുപരി ഒരു നിയമലംഘനം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. എന്ത് കാര്യം ചെയ്യുന്നുവേങ്കിലും അത് നിയമപ്രകാരം മാത്രം ചെയ്യുക. എനിക്കറിയില്ലായിരുന്നു എന്ന സ്ഥിരം പല്ലവി ഈ രാജ്യത്തു വിലപ്പോവില്ല.
9, മുത്തുക്കുടകളും പട്ടുസാരിയും വെള്ളമുണ്ടും ഉണ്ടെങ്കിലേ നമ്മുടെ ആഘോഷങ്ങൾ പൂർണമാകൂ എന്ന ചിന്തയും ഉപേക്ഷിക്കേണ്ടതാണ്. ആത്മീയതയും വിശ്വാസവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഇത്തരം ബാഹ്യ പ്രകടനങ്ങൾ മറ്റുള്ളവർക്ക് അല്പം പോലും ദഹിക്കുന്നില്ല എന്നു മാത്രമല്ല അവിടെയൊരു അസഹിഷ്ണുത വളരുന്നുമുണ്ട് എന്ന് തിരിച്ചറിയാതെ പോയാൽ അവിടെയും നാം ഒറ്റപ്പെടും. സംശയമില്ല. പിന്നെ ഇത്തരം കാര്യങ്ങൾ കാണുന്നവർ അവരുടെ സ്വതവേയുള്ള ശീലം കൊണ്ട്, മനോഹരം അവിശ്വസനീയം എന്നൊക്കെ പറയുമെന്നു മാത്രം. മുത്തുക്കുടകളും പട്ടുചേലയും ആളുകൾ നടുറോഡിൽ നടത്താതെ ഹാളുകൾ എടുത്ത് തൽക്കാലത്തേക്കെങ്കിലും ഒതുക്കണം. ഇവിടെ വന്ന വിദേശികളെല്ലാം ബോട്ട് കേറി വന്നവരാണ് എന്ന് വിശാസിക്കുന്ന കുറേപ്പേരുണ്ട് ഇവിടെ അത് മറക്കരുത്.
10, അല്പമെങ്കിലും പിന്തുണ കിട്ടാൻ സാധ്യതയുണ്ടായിരുന്ന ദേവാലയങ്ങളിൽ നിന്നും നമ്മൾ പൂർണമായും അകലുകയാണ്. വിചിന്തനം നല്ലതായിരിക്കും. മലയാളി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ആരാധനാലയങ്ങളിൽ നിന്നും മാറി,നമുക്ക് നമ്മുടെ രീതികൾ മാത്രം മതി എന്ന മട്ടിൽ ചിന്തിക്കുന്നതിന്റെ പോരായ്മകൾ നാം മനസിലാക്കി വരുമ്പോഴേക്കും സമയം ഒരുപാട് കടന്നു പോയിരിക്കും. നമ്മൾ ഉപയോഗിക്കുന്ന ഇവരുടെ പള്ളികളും ഹാളുകളും നമുക്ക് കിട്ടാതുകുന്ന കാലം വിദൂരമല്ല. ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തീയ വിശ്വാസികൾ ഉണ്ടായിരുന്ന രാജ്യം ആയിരിന്നിട്ടുപോലും എന്തുകൊണ്ടാണ് ഇവിടെയുള്ള പള്ളികൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നത് മനസിലാക്കുന്നത് നന്നായിരിക്കും.
11, പകർച്ച വ്യാധി പോലെ പടരുന്ന റീൽസ് സംസ്കാരമാണ് മറ്റൊരു ഭീഷണി. ജോലി സ്ഥലത്തും നടുറോഡിലും നഗരമധ്യത്തിലും പാർക്കിലും എന്നുവേണ്ട സകലയിടത്തും അന്യന്റെ സൗകര്യത്തെയും പ്രൈവസിയെയും അല്പം പോലും മാനിക്കാതെ മലയാളം പാട്ടും വച്ച് ഇന്ത്യൻ വസ്ത്രങ്ങളും അണിഞ്ഞ് ആടിപ്പാടുന്ന റീൽസ് നിർമ്മാതാക്കളേ……പ്ലീസ് . ലീഡിലിലും ടെസ്കോയിലും കയറി, ഓരോന്നു വാങ്ങി അത് ഉയർത്തിപ്പിടിച്ച് ആരെയും ഗൗനിക്കാതെ ഹലോ ഗെയ്സ് ഞാൻ നാളത്തെ ബ്രേക്ക് ഫാസ്റ്റിന് ഇതാണ് വാങ്ങാൻ പോകുന്നത് ട്ടോ. നല്ലതാണ് ട്ടോ എന്ന രീതിയിൽ ചെയ്യപ്പെടുന്ന റീൽസ് കാണുന്നവർക്കും ആ കടയിലുള്ളവർക്കും ഉണ്ടാക്കുന്ന ഇഷ്ടക്കേട് പ്രിയപ്പെട്ട റീൽസ് മലയാളികളേ നമ്മൾ തിരിച്ചറിയുകതന്നെ വേണം. ജോലി സ്ഥലത്തെ ഫോട്ടോയും യൂണിഫോർമിലുള്ള ഫോട്ടോയും ഇട്ട് സോഷ്യൽ മീഡിയ നറക്കുന്നവർ ഓർക്കുക നിങ്ങളുടെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സോഷ്യൽ മീഡിയ പോളിസിക്കും കോൺഫിഡൻഷ്യാലിറ്റി പോളിസിക്കും എതിരാണ് നിങ്ങൾ ചെയ്യുന്ന പലതും എന്ന്.നേഴ്സുമാരെപ്പോലെയുള്ളവരുടെ പ്രൊഫഷണൽ കോഡ് ഓഫ് കണ്ടക്ട് എന്താണെന്ന് കൂടി മനസിലാക്കുക.
12, പത്തോ ഇരുപതോ അടി അകലെ മാറി റോഡ് ക്രോസിംഗ് ഉണ്ടെന്നിരിക്കെ വണ്ടിയുടെ ഒഴിവു നോക്കി , അതും ഹെഡ് ഫോണും വച്ച് അരുതാത്ത സ്ഥലത്തു കൂടി റോഡ് മുറിച്ചു കടക്കുന്ന മലയാളി യുവതീയുവാക്കളെക്കൊണ്ട് റോഡുകൾ നിറഞ്ഞിരിക്കുന്നു. ഇതു കാണുന്ന സ്വദേശികൾ നമ്മളെ വെറുക്കും.
13, സമയ നിഷ്ഠയാണ് മറ്റൊന്ന്. പിറന്നാളുകൾ അഹോഷങ്ങൾ തുടങ്ങിയ പരിപാടികൾക്ക് ഹാളുകൾ ബുക്ക് ചെയ്ത സമയം കഴിഞ്ഞും സോറി എന്ന് പറഞ്ഞ് സമയം വീണ്ടും വീണ്ടും നീട്ടുകയും വേസ്റ്റ് അവിടെത്തന്നെ തള്ളി പോവുകയും ചെയ്തു ചെയ്ത് മലയാളി എന്ന് കേട്ടാൽ എല്ലാ ഹാളുകളുടെയും വാതിൽ അടഞ്ഞു തുടങ്ങിയിട്ട് നാളുകൾ ഏറെയായി.എന്തിന് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പോലും നമ്മൾ കൃത്യ സമയത്ത് എത്താറുണ്ടോ. നമ്മളറിയാതെ നമ്മളുടെ കൂടെ വർക്ക് ചെയ്യുന്ന നമ്മളെ വെറുക്കാനുള്ള ഒരു പ്രധാന കാരണമിതാണ്.
14, കാർ ബൂട്ട് ബാറുകളാണ് മലയാളികളെ മുഴുവനും നാണം കെടുത്തുന്ന മറ്റൊരു കാര്യം. ഏതൊരു ആഘോഷം അല്ലെങ്കിൽ പൊതു പരിപാടി നടന്നാലും ജീവിതത്തിൽ ഒരിക്കലും മദ്യം കാണാത്തത്ര ആവേശത്തോടെ കാറിന്റെ ഡിക്കി തുറന്നു വച്ച് നടത്തുന്ന മദ്യശാലകൾ മലയാളികളെ എത്രമാത്രം അപമാനിതരാക്കിയിട്ടുണ്ടെന്നത് വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും. നമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കിട്ടിക്കൊണ്ടിരുന്ന എത്രയോ ഹാളുകൾ ഈ ഒരൊറ്റ കാരണത്താൽ നമുക്ക് കിട്ടാതായി. അവിടെ മലയാളികൾ വലിച്ചെറിയുന്ന ഭക്ഷണ അവിശിഷ്ടങ്ങൾ വളർത്തു മൃഗങ്ങൾ കഴിച്ചാലുണ്ടാകുന്ന അവസ്ഥ നിങ്ങൾക്കറിയാമോ.
15. ജോലി സ്ഥലത്ത് ആരെങ്കിലും നമ്മളോട് കുറച്ച് അടുപ്പം കാട്ടിയാൽ പിന്നെ അവരാണ് നമ്മളുടെ എല്ലാം എന്ന രീതിയിൽ പെരുമാറാതിരിക്കുക അവരുടെ പ്രൈവസി അവക്ക് കൊടുക്കുക. അവരോട് വേണ്ട ചോദ്യങ്ങൾ മാത്രം ചോദിക്കുക. ശമ്പളം വിവാഹം കുട്ടികൾ വീട് അതൊക്കെ അവരുടെ സ്വകരിതയാണ്. ആൺകുട്ടികളോട് ജോലി സ്ഥലത്തെ ഒരു പെൺകുട്ടി ചിരിച്ചു കാണിച്ചാലോ അല്ലെങ്കിൽ സ്നേഹ സൂചകമായി ഒരു ഹഗ് തന്നാലോ അവൾക്ക് പ്രണയമാണ് അല്ലെങ്കിൽ നിങ്ങളുടെ സൗന്ദര്യത്തിൽ വീണു എന്ന് വിചാരിക്കരുത്. വേറൊരാളുടെ ശരീരത്തിൽ അവരുടെ പൂർണസമ്മതം ഇല്ലാതെ തൊട്ടാൽ അകത്ത് പോകും എന്ന് മനസിലാക്കുക. അനുവാദമില്ലാതെ മറ്റുള്ളവരുടെ ശരീരത്തിൽ തൊടാതിരിക്കുക.
16, ജോലി സ്ഥലത്തെ മലയാളം സംസാരമാണ് മറ്റൊന്ന്.ഇന്ന് യുകെയിലെ പല സ്ഥാപനങ്ങളും മലയാളികളെ ഇനി ജോലിക്കു വേണ്ട എന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു അതിൽ പ്രദാന കാരണം മലയാളം ഭാഷയുടെ ഉപയോഗവും ജോലിസ്ഥലത്തു മലയാളികൾ തമ്മിലുള്ള തമ്മിത്തല്ലുമാണ് എന്ന് മനസിലാക്കുക. പണ്ടൊക്കെ നമ്മളൊക്കെ ഏഷ്യൻസ് ആയിരുന്നു എന്നാൽ ഇവർക്കറിയാം നമ്മൾ കേരളയാണോ അതോ വേറെ നാട്ടിൽ നിന്നോ എന്ന്.
ഇതുപോലെ ഇനിയും എത്രയോ കാര്യങ്ങൾ…..പ്രിയപ്പെട്ടവരേ നമ്മുടെ സംസ്കാരത്തിന്റെ നല്ല വശങ്ങളെയോർത്ത് നമുക്ക് അഭിമാനിക്കാം. പക്ഷേ ആ സംസ്കാരവുമായി തികച്ചും വ്യത്യസ്തമായ ഒരു ഇടത്തിലാണ് നാം ഉള്ളത്. ഏതൊരാൾക്കും സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കാൻ തക്ക ഒരു സാംസ്കാരിക വ്യവസ്ഥിതി ഉള്ള ഒരു രാജ്യത്തു തന്നെയാണ് നാം ജീവിക്കുന്നത്. അല്പം കൂടി ആ രീതികളെ മനസിലാക്കാനും ജീവിക്കാനും നമുക്ക് ശ്രമിക്കാം. നമ്മൾ മാത്രമാണോ കുഴപ്പക്കാരൻ എന്ന് ചിന്തിക്കുന്നവരോട് നമ്മൾ നന്നായാൽ നമ്മുടെ സമൂഹവും നന്നാവും. യുകെയിലെ നിരവധി മേഖലകളിൽ നമ്മുടെ മലയാളികൾ മുൻനിരയിലുണ്ട് അതൊക്കെ സാധ്യമായത് നമ്മുടെ കഴിവ് കൊണ്ട് മാത്രമല്ല അവരുടെ സപ്പോർട്ടും പരിഗണനയും കൊണ്ടാണ് അത് നമ്മൾ ഇല്ലാതാക്കരുത്. ഒരു കാര്യം ഓർക്കുക സാങ്കേതിക വിദ്യ വികസിക്കുകയാണ് നമ്മൾ പറയുന്നതും എഴുതുന്നതും വായിക്കുന്നതും എന്തിനേറെ ഈ എഴുതിയതും ആർക്കും ഏത് ഭാഷയിലും വായിക്കാനും കേൾക്കാനും സാധിക്കും. അതുകൊണ്ട് തന്നെ എല്ലാവരും എല്ലാം അറിയുന്നുണ്ട്. ഇത് വായിക്കുന്ന ഒരാളെങ്കിലും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും എന്ന പ്രതീക്ഷയോടെ - ഫെബിൻ സിറിയക്ക്.