10/08/2020
കഥ- #പിഴച്ചവൾ....
________________
' #അഹങ്കാരിയാണവൾ'
പതിഞ്ഞ സ്വരത്തിലാണെങ്കിലും
പലരും എന്നെക്കുറിച്ച്
ഇങ്ങനെ പറയുന്നത് പലവുരു
ഞാൻ കേട്ടിട്ടുണ്ട്....
സ്വന്തം കാലിൽ നിൽക്കാൻ
കെൽപ്പുള്ളതോണ്ട്
എനിക്കാരോടും പരാതിയില്ല,
അത്യാവശ്യത്തിന് അഴകും
ആരോഗ്യവും എനിക്കുണ്ട്..,
പോരാത്തതിന് പേരും പെരുമയുമുള്ള ഒരു തറവാട്ടിലാണ് ഞാൻ പിറന്നത് ...
പിന്നെ പ്രായം തോന്നാതിരിക്കാനുള്ള
അൽപ്പം മിനുക്ക് പണികളൊക്കെ
ഇടക്കിടെ ചെയ്യും...
മുഖത്തെ ചുളിവുകളൊക്കെ മായ്ക്കും
അത് ഇനി എത്ര വില കൂടിയ
'കോസ്മറ്റികസ്' വരുത്തിച്ചിട്ടായാലും ശരി ,
എല്ലാവരും ചെയ്യുന്നില്ലേ ...?!
'ഞാനായിട്ടെന്തിനാ കുറയ്ക്കുന്നത് ...?
എന്നെക്കണ്ടാൽ ....
ആരുമൊന്ന് വണ്ടി നിർത്തും,
ഇങ്ങിനെ ചെത്തി മിനുങ്ങി നിൽക്കുന്നത് കൊണ്ടാണോ ആവോ...?!
അധിരാവിലെത്തന്നെ കുറേ പിള്ളേർ വരും
അവരുടെ കശപിശകൾ കേൾക്കാൻ
നല്ല ഹരമാണ്....,
വിദ്യാലയങ്ങളിലേക്കുള്ള അവരുടെ പോക്കും
മടക്കവും എന്റെ ചാരത്തു കൂടിയാണ്...
കുഞ്ഞു കൈകൾക്കൊണ്ട്
ചിലരെന്നെ പിച്ചുകയും ,
തോണ്ടുകയുമൊക്കെ ചെയ്യും...
ഞാനൊന്നും പറയില്ല ...
കാരണം അതൊരു സുഖവുമാണ്.
ഇടക്കിടെ ചില മുടിയൻമാർ
വന്ന് സെൽഫിയെടുക്കും ....
മുഖം മറ്റേ മോഡലിൽ കോട്ടി ഞാൻ
നിന്ന് കൊടുക്കും..
അവർക്കന്നേക്ക് അത് മതി,
ഞാനും 'ഹാപ്പി'
അവരും 'ഹാപ്പി'
അവർ പോയിക്കഴിഞ്ഞാൽ
ഞാനിരുന്ന് ചിരിക്കും.....
കാരണം അവരെക്കാണാൻ വലിയ ലുക്കൊന്നുമുണ്ടാവില്ല .....
പക്ഷേ പിണക്കരുതല്ലോ ...?
'ഫ്രീക്കൻമാർക്കൊക്കെ എന്നെ വലിയ ഇഷ്ടമാണ്,
എനിക്കവരോടും ....
മുടിയും ,താടിയും നീട്ടി നടക്കുന്നത്
കണ്ടാൽ എതോ....
ഭീകര വാദികളാണെന്നൊക്കെ
തോന്നിപ്പോകും
എങ്കിലും..
അവർ വളരെ 'സാധുക്കളാണ് ....
അവർക്ക് മുടി മാത്രമേയുള്ളു...
തലക്കനമുണ്ടാവില്ല..
ആരോടും പകയും ,വിദ്വേഷവും,
മറ്റു വർഗ്ഗീയതയും
അതേ കുറിച്ചൊന്നും
അവർ ചിന്തിക്കാറേയില്ല.
നാട്ടിൽ വല്ല അത്യാഹിതങ്ങളും
സംഭവിക്കണം ......
അവരുടെ 'ഉള്ളറിയണമെങ്കിൽ..,
"സേവന മനസ്സും, അർപ്പണ ബോധവും നിഷ്കളങ്കതയും''
അൽപ്പം മുടിയിലാണവർ സന്തോഷം
കണ്ടെത്തുന്നതെങ്കിൽ,
നമുക്കവരെ വെറുതെ വിടാം....
ഇനിയുള്ള കുറഞ്ഞ കാലം അവരും
'ഹാപ്പിയായി ജീവിക്കട്ടെ..
എന്റെ ഉമ്മറത്തൊരു കരിങ്കൽ ഭിത്തിയുണ്ട്,
'മുത്തച്ചൻമാർ പണിതതാ..
പലരും അതിൽ വന്നിരിക്കും
എന്നിട്ടെന്റെ കണ്ണിലേക്ക് നോക്കി
അവരുടെ ദുഃഖത്തിന്റെ
ഭാണ്ഡമഴിക്കും
ഞാൻ മൂളിക്കേട്ടിരുന്നാൽ മാത്രം മതി...
പരിഹാരം പറയണമെന്നില്ല ,
ഞാനാരോടും മുടക്കം പറയാറില്ല..
അൽപ നേരമിരുന്ന് വന്നവർ
ആശ്വാസത്തോടെ മടങ്ങിപ്പോകും ...
ഞാനും 'ഹാപ്പി '
അവരും 'ഹാപ്പി' എന്താ ലേ ...?
ഒരു ചെലവുമില്ല ... ഹേയ്
'ഇനിയാണ് യാഥാർത്ഥ കഥ...!!
'നേരമിരുട്ടിത്തുടങ്ങിയാൽ
അയൽ ദേശത്ത് നിന്നും
പലരും വരും...,
അതിൽ കറുത്തവരും വെളുത്തവരും മെലിഞ്ഞുണങ്ങിയവരും,
തടി തൊട്ടപ്പൻമാരും
ഉന്നതരും, രാഷ്ട്രീയ നേതാക്കളും
ചെറുപ്പക്കാരും
പ്രായമായവരും എല്ലാമുണ്ട്
അതിനങ്ങിനത്തെ കണക്കൊന്നുമില്ലല്ലോ ?
എന്തായാലും ഞാൻ പേരുകൾ വെളിപ്പെടുത്തുന്നില്ല
കാരണം അവർക്കുമുണ്ട്
കുടുംബവും മക്കളുമൊക്കെ
വന്നപാടെ പിറു പിറുത്തോണ്ട്
തിരിച്ചു പോകുന്ന ചിലരുണ്ട്,
വേറെ ചിലർ
അരികിലേക്ക് ചാരി നിന്ന്
മണിക്കൂറുകൾ ചെലവിടും..
ചിലർ
തിരിച്ച് പോകുമ്പഴേക്കും
നേരം പുലർന്നിട്ടുണ്ടാകും,
കിട്ടേണ്ടത് കിട്ടിയാലേ മടങ്ങൂ ...
അവർക്ക് സമയത്തിന്റെ പ്രശ്നമില്ല
'ഓരോരോ മനുഷ്യക്കോലങ്ങൾ....!?
'ഉം ,
അത് പോട്ടെ....,
ചില മുരഡൻമാരുണ്ട് ...,
ഇവിടെ മാത്രമല്ല
എല്ലായിടത്തും കാണും ...
എന്റെ ചാരിത്ര്യം പരിശോധിക്കലാണ് അവരുടെ 'ജോലി...
ഇതൊക്കെ ഒളിഞ്ഞ് നിന്ന് കണ്ട്
അവർ പറയാ . ...
ഞാൻ "പിഴച്ചവളാണെന്ന് "
എനിക്കതിൽ പ്രശ്നമില്ല ....,
കാരണം എന്റെ തൊട്ടു തഴെ എന്റെ പ്രാണനായ 'പുഴ'യുണ്ട്
എന്റെ എല്ലാ രഹസ്യങ്ങളും
അവനറിയാം ...
ഞാൻ പറഞ്ഞില്ലെങ്കിലും എന്നെങ്കിലും
അവനത് മാലോകരോട് വിളിച്ച് പറയും.... തീർച്ച !
അവൻ പണ്ടേ അങ്ങിനെയാണ്...
''ദുഷ്ടൻ...,
എന്റെ സുരക്ഷയോർത്ത്
അവനെ പിണക്കാതെ
കൊണ്ടു നടക്കാൻ ഞാൻ
പരമാവധി ശ്രമിക്കാറുണ്ട്.
ഇരുട്ടിന്റെ മറവിൽ വരുന്നവർ എന്റെ അടുത്തേക്കല്ല
പുഴയിൽ 'ചൂണ്ട' ഇടാൻ വരുന്നവാരാണ്
അവർക്ക് വേണ്ടതൊക്കെ പിടിച്ച്
അവർ തിരിച്ച് പോകും...
അതിന് പകലെന്നോ, രാത്രിയെന്നോ, കണക്കില്ലല്ലോ ...??
അതിൽ തീരെ മീൻ കിട്ടാത്തവരുമുണ്ടാകും
'പക്ഷേ... ഒളിഞ്ഞു നോക്കി
സമയം കളയുന്ന
മുരഡപ്പൊണ്ണൻമാരെ തിരുത്താൻ
ഞാനിതുവരെ പോയിട്ടില്ല,
അവരുടെ ചിന്തയിലുള്ളത്
വേറെയാണ്... അത് ഞാൻ
പറയേണ്ടല്ലോ ...?!
അവർക്കതിൽ 'മനസ്സുഖം'
കിട്ടുന്നുണ്ടെങ്കിൽ
അതങ്ങിനെത്തന്നെയിരിക്കട്ടെ...
ആയുസ്സ് വർദ്ധിച്ചു കിട്ടും..
ഇനിയും ഒരുപാട് ജീവിക്കട്ടെ....
ആ പാവങ്ങൾ'
വർഷങ്ങളായി ഞാനും പുഴയും
'പ്രണയത്തിലാണ്....,
സാധാരണ പ്രണയമല്ല
''യാഥാർത്ഥ പ്രണയം.🥰...!!
പണ്ടേ അതിൽ കുശുമ്പുള്ള തോണിക്കാരുണ്ടായിരുന്നു..
ഇപ്പോഴതും തീർന്നു
ഞങ്ങളെന്തോ ആയിക്കോട്ടെ....
'എന്ന മട്ടിലായി എല്ലാവരും
"ദൈവ കൃപ"
അത് തന്നെയാണല്ലോ അതിന്റെ ശരി,
ഇടക്ക് വേറൊരു കാര്യം..,
'തിരക്കുള്ളവർ എന്റെ
കഥയും കേട്ടിരിക്കണ്ട....
വാട്സാപ്പ് തുറന്ന് നോക്കൂ
പുതിയ വല്ല ട്രോളും
ഇറങ്ങിയിട്ടുണ്ടാകും ഒറ്റെക്കിരുന്ന് ചിരിക്കാം,
അല്ലെങ്കിൽ
വല്ല ഓൺലൈൻ ബിസ്നസും ചെയ്ത്
പത്ത് കാശുണ്ടാക്കാൻ നോക്ക്
ഇപ്പോൾ അതാണല്ലോ ? "ട്രെന്റ് !!
ഇത് തീരില്ല...,
ഇതെന്റെ
'ജീവിത കഥയാണ്'
നിങ്ങളുദ്ദേശിക്കുന്നത് ഇവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല
ഞാനത്തരക്കാരിയല്ല
"പ്ഫൂം.... 🥶!!
"പിഴച്ചവൾ" പോലും ?!
ഇനി 'പുഴയുടെ' കാര്യം,
അതെ, എന്റെ ജീവിത 'പങ്കാളി'
വർഷങ്ങളായി ഞങ്ങൾ
ഒരുമിച്ചുള്ള ജീവിത യാത്ര തുടങ്ങിയിട്ട്
കൃത്യമായ ഓർമ്മയില്ല..
കളിച്ചും, ചിരിച്ചും ആർത്തുല്ലസിച്ചും
വാരിപ്പുണർന്നുമുള്ള
സന്തോഷ ജീവിതത്തിനിടയിൽ
രാപ്പകലുകളും, വർഷങ്ങളും,
മിന്നി മറയുന്നത്
ഞങ്ങളറിഞ്ഞിരുന്നില്ല....
മരണം വരെ പിരിയാതിരിക്കാനായിരുന്നു മോഹം - പിരിയാൻ പാടില്ലല്ലോ,
പക്ഷേ ......
കാലം സമ്മതിക്കുന്നില്ല
പണ്ടൊക്കെ അവന് നല്ല
ചിട്ടകളായിരുന്നു....,
മെലിഞ്ഞ വടിവൊത്ത ശരീരം
അഴകുള്ള നീല കണ്ണുകൾ
കുലീനതയുള്ള 'ശാന്തസ്വഭാവക്കാരൻ'
ആരുമൊന്ന് നോക്കിപ്പോകും
അവൻ താഴെ മദ്യപിക്കുന്നതും,
ആടുന്നതും, പാടുന്നതും
ആരുമറിയില്ലായിരുന്നു...
അവനെക്കൊണ്ട് ആർക്കുമൊരു ശല്യവുമില്ലായിരുന്നു ,
ദുഷടനെന്ന് അവനെപ്പറ്റി
ആരും പറയുന്നത് കേട്ടിട്ടില്ല
കുട്ടിക്കാലെത്തെന്നോ ഞാനൊരു തവണ
പറഞ്ഞിട്ടുണ്ട്
അതിന് കാരണവുമുണ്ടായിരുന്നു ...
അത് വിടാം
ഇന്നവൻ ആദ്യത്തേക്കാൾ വളർന്നു വലുതായിരിക്കുന്നു
ദേഹമാകെ ചേറും ചളിയും പുരണ്ടിരിക്കുന്നു....
നിര തെറ്റി പല്ലുകൾ
പുറത്തേക്കുന്തിയിരിക്കുന്നു...
എന്തോ ഒരു മഞ്ഞളിപ്പും ദുർഗന്ധവും
എന്തു പറ്റി എന്റെ പുഴച്ചേട്ടന് ...?
അവനോടൊന്നും ചോദിക്കാൻ വയ്യ
ആർത്തട്ടഹസിക്കുകയാണ്.
ഏതോ , ഹിംസ്ര ജന്തുക്കൾ അവർ
തിന്നതിന്റെ ഭാക്കിയും
അവരുടെ മാത്രം സുഖ ലോലുഭതക്ക് വേണ്ടിയുള്ള എന്തോ
നിർമ്മാണ ശാലകളിലെ
ചവറുകൾ അവന്റെ വായിലേക്ക്
കൊട്ടിയെന്ന്
മുമ്പെന്നോ അവൻ പറഞ്ഞത് ഞാനോർക്കുന്നു....
'നീണ്ട #തേറ്റകളുള്ള സ്വാർത്ഥരായ
കാട്ടാളന്മാർ...!!
ഈ പ്രകൃതിയെ ഒന്നടങ്കം ഇല്ലാതാക്കാൻ പോന്ന മണ്ണിലും വെള്ളത്തിലും ലയിക്കാത്ത #വിഷങ്ങളുണ്ടവരുടെ കയ്യിൽ...
അതിലേതോ എന്റെ പുഴയുടെ
രക്തത്തിലും കലർന്നു കാണും.
എന്തായാലും
'അവർ , മനുഷ്യരല്ല...
ഞാനറിയുന്ന മനുഷ്യരൊന്നും
ഇങ്ങിനെയല്ല
മലയും ,കാടും താണ്ടിയുള്ള ജീവിത യാത്രകൾക്കിടയിലെ
ദുശിച്ച കൂട്ട് കെട്ടുകൾ അവനെ നശിപ്പിച്ചിരിക്കുന്നു ...
ഇപ്പോൾ എന്നെ കാണാൻ വരുന്ന കുട്ടികൾ പോലും
അവന്റെ ചുവന്ന ഉണ്ടക്കണ്ണുകൾ കണ്ട്
ഓടാൻ തുടങ്ങിയിരിക്കുന്നു.
''ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്
വിള്ളലേറ്റു തുടങ്ങി.....
ഈ ഇടെയായി
അവൻ നല്ല 'കലിപ്പിലാണ്,
എന്നോട് മാത്രമല്ല എല്ലാവരോടും ...,
എന്നെ വിരട്ടിയോടിക്കാനുള്ള ശ്ര
മത്തിലാണവൻ...
എന്തോ വെറുപ്പുള്ള പോലെ,
ഒരു മുഴു ഭ്രാന്തനെപ്പോലെയുള്ള പെരുമാറ്റം
അവനെതിരെ ഒന്നും ചെയ്തതായി ഞാനോർക്കുന്നില്ല...
വർഷത്തിലൊരിക്കലവൻ വരും...!!
അവന്റെ സർവ്വ 'സന്നാഹങ്ങളേയും' കൂട്ടി
പടച്ചട്ടകളും ,കുന്തങ്ങളും,
വടിവാളും ,കൂറ്റൻതടിക്കഷ്ണങ്ങളും,
നീളൻ മുളം തണ്ടുകളും
കുപ്പിച്ചില്ലുകളും, ആസിഡ് ബൾബുകളും
ആർക്കും നിർവീര്യമാക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് ബോട്ടൽ ബോമ്പുകളും,
നീണ്ട ഈർപ്പക്കയറുകളും ,
റബർ ഷീറ്റുകളും,
കവറുകളും ,വണ്ടിച്ചക്ക്രങ്ങളും
എല്ലാമായി...
ഏതോ മല മടക്കുകളിലെ ചിലതരം
പച്ചിലകൾ കുത്തിപ്പിഴിഞ്ഞ്
ലഹരി വരുത്തി ഉൻമത്തനായി ആടി ഉലഞ്ഞുള്ള അവന്റെ വരവു കണ്ടാൽ തന്നെ എന്റെ പകുതി ജീവൻ പോകും......
എന്റെ അടിവയറ്റിനിട്ടാണവന്റെ
ആദ്യ പ്രഹരം .... ഹൊ !!
എന്റെ ബോധം പോയ പോലെ
ഒന്ന് നിവർന്ന് നിൽക്കാൻ പോലും കഴിയാതായി....
ദിവസങ്ങളായി ഞങ്ങൾ
നീണ്ട യുദ്ധത്തിലാണ്
എല്ലാ മഴക്കാലത്തും അതുണ്ടാകും
നില നിൽപ്പിനു വേണ്ടിയുള്ള "യുദ്ധം!!
തറവാടിത്തവും ,ഗ്രൗണ്ട് സപ്പോട്ടും
ഉള്ളത് കൊണ്ട് ഇത്ര കാലം ഞാൻ പിടിച്ചു നിന്നു ...,
പക്ഷേ ഇതൊരു
വിജയമെന്ന് പറയാൻ പറ്റില്ല,
'ചെറുത്ത് നിൽപ്പ്'
അവസാനം
'ജീവൻ, ബാക്കിയായിക്കിട്ടും
അത്ര തന്നെ.....
അതും മഹാ... ഭാഗ്യം'
ഇതിലും നല്ലത് മരണമാണെന്ന് തോന്നിപ്പോകുന്നു
മുൻ നിരയിലെ ഒരു പാട് പല്ലുകൾ
അടർന്നു പോയി
കുറേയൊക്കെ വെപ്പ് പല്ലിൽ അഡ്ജസ്റ്റ് ചെയ്തു നിർത്തിയെങ്കിലും
അതൊന്നും അത്ര പോരാ...
കാലം മാറിയില്ലേ
പലരും കളിയാക്കുന്നു ...
പഴയ പോലെ
കുസൃതിപ്പിള്ളേരുടെ തോളിൽ കയറിയുള്ള ചാട്ടവും, വണ്ടിയുമായി വന്നുള്ള കറക്കവും
ഓട്ടവും ഒന്നുമിന്നില്ല
'ഭീമൻ , ക്യാമറകളുമായോടുന്ന റോക്കറ്റ് മുടിയൻമാർക്ക് മെലിഞ്ഞൊട്ടിയ എന്നെ മൈന്റില്ലാതായി...
ഒന്ന് ചിരിക്കുക പോലുമില്ല
തൊടാനും തോണ്ടാനും
സെൽഫിയെടുക്കാനും
ആളില്ലാതായി...
പുറത്തേക്കുന്തിയ
എല്ലുകൾ കുത്തുന്നത് കൊണ്ടോ എന്തോ ...?
'ഇരുട്ടിലെ പഴയ ചങ്ങാതിമാർ
ചാരി നിന്ന്...
ചൂണ്ടയിടാൻ വരാതായി,
ചില കിളവൻ വണ്ടികൾ വരും
യാതൊരു ദയയും കാട്ടാതെ
അവരുടെ നീണ്ട ദംഷ്ട്രകൾ മനപ്പൂർവ്വം
എന്റെ ചുമലിൽ ഉരസിപ്പോകും...
എന്തോ പക വീട്ടുന്നപോലെ,
"ഹൊ ....!!
കഠിന വേദനയാണ്
ജീവൻ പിടച്ചു പോകും ..
സഹിക്കുക തന്നെ
എന്റെ 'വിധി..!!
പറഞ്ഞിട്ട് കാര്യമില്ല ....
"അല്ലെങ്കിൽ ആരോട് പറയാൻ...?
ആരു കേൾക്കാൻ... ? ലേ
'മടുത്തു...,
അഴകും ആരോഗ്യവുമില്ലാതെ
ആർക്കും വേണ്ടാത്തവളായി
ഇങ്ങിനെ ജീവിച്ചിട്ടെന്താ കാര്യം..?
പുഴയുമായി ബന്ധം
വേർപിരിയുകയാണ്
എന്നെ 'ശ്വാസം മുട്ടിച്ച്
കൊല്ലാനാണവന്റെ അടുത്ത 'പ്ലാൻ !
ഈ കുറിപ്പിനോടൊപ്പം ഞാനയച്ച ചിത്രം നിങ്ങൾ കണ്ടുകാണും
"കനിവുള്ളവരേ സഹായിക്കണേ...." എന്നെഴുതി ഒരു അക്കൗണ്ട് നമ്പറും ചേർത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റിയാൽ
ലക്ഷങ്ങൾ വന്നു ചേരും 'തീർച്ച...!!
പക്ഷേ എന്റെ 'അഭിമാനം' എന്നെ
അതിനനുവദിക്കുന്നില്ല....
കാരണം,
ഞാനൊരു തറവാട്ടുകാരിയാണ്.
മനുഷ്യരെല്ലാം നന്മയുള്ളവരാണ്
മതവും പാർട്ടിയും നോക്കാതെ കാരുണ്യം ചൊരിയുന്നവരാണ് ....
പ്രത്യേകിച്ച് 'ജന പ്രതിനിധികൾ..,
പലരും അവരെ കുറ്റം പറഞ്ഞേക്കാം,
പക്ഷേ ഞാൻ പറയില്ല...
കുറ്റമില്ലാത്തവരായി ഈ 'ഭൂമിയിൽ ,
ആരാ ഉള്ളത്..?
എന്നെ ഞാനാക്കിയതവരാണ്
അവരെന്നെ കയ്യൊഴിയില്ല
എനിക്കവരിൽ പ്രതീക്ഷയുണ്ട് ,
വിശ്വാസമുണ്ട്
കാരണം ഞാനവരെയൊക്കെ ഏറെ സ്നേഹിച്ചിരുന്നു
ദിക്കറിയാതെ എന്റെടുത്ത് വന്ന പലർക്കും
ഞാൻ വഴി കാണിച്ചിരുന്നു
സ്വന്തം കാലിൽ നിൽക്കാനായെന്ന് കരുതി
ഞാനാരോടും നന്ദികേട് ചെയ്തിട്ടില്ല.
കൈ കാലുകൾ വിറയ്ക്കുന്നു.....
ചെറിയൊരു തണുപ്പ് പോലും
സഹിക്കാൻ പറ്റാതായി....
'ശരീരമാസകലം... മുറിവുകൾ ,
തൊലിയുരിഞ്ഞ് എല്ലുകൾ
പുറത്ത് കാണാൻ തുടങ്ങി.....
ജീവിച്ച് കൊതി തീരും മുമ്പ്
ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങി
"ഇല്ല ... ഞാൻ കീഴടങ്ങില്ല .......,
ഈ പ്രകൃതി സുന്ദര നാട്ടിൽ
ഞാൻ പിറന്ന മണ്ണിൽ
തലയെടുപ്പോടെ എനിക്കിനിയും
ജീവിക്കണം.....
എന്റെ ആ പഴയ 'പുഴയെ' എനിക്ക് തിരിച്ചു പിടിക്കണം....
സ്വാർത്ഥരായ കാട്ടാളന്മാരുടെ
ചതിയാൽ അവന്റെ വയറ്റിലകപ്പെട്ട
#കൈവിഷം' എടുത്ത് കളയണം....
അതിനവനേക്കാൾ പതിൻമടങ്ങ്
ശക്തിയെനിക്ക് വേണം......
ദു:ഖ ഭാരത്താൽ
തേയ്മാനം വന്ന ആഭിത്തി
മാറ്റിപ്പണിയണം....
പുതു തലമുറ ആഘർഷിക്കുന്ന
മേനിയും അഴകും വേണം
ഇളകിയാടിയ മുൻനിര പല്ലുകൾ
ബലവത്താക്കണം......
ഊർജ്ജം പകർന്നെല്ലാവരും
എന്റെ കൂടെ നിൽക്കണം .....
ആരുടെയും ഓദാര്യം
എനിക്ക് വേണ്ട
കാരണം ഞാനൊരു
#തറവാട്ടുകാരിയാണ്
എന്ന്
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
#പഴയപാലം''
ഉസ്മാൻ കുറ്റിക്കടവ്.
--------------------------------