18/04/2020
അത് ഒരു നല്ല പ്രഭാതമായിരുന്നു...
ഉല്ലാസത്തിനും വിനോദങ്ങളുടെയും ഒരു വേനൽ കാലത്തിനു ശേഷം ഞാൻ ഒരു പുതിയ വിദ്യാലയത്തിലേക്ക്..
അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ഞാനാ വലിയകവാടം കടന്നകത്തു പോയി... നിറപുഞ്ചിരിയോടെ കുറച്ച് അധ്യാപകർ ആ ഓടുമേഞ്ഞ, എന്നാൽ ഒട്ടും പഴക്കം വന്നതെന്ന് തോന്നാത്തതുമായ നീണ്ടവരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു... ആരെയോ വരവേൽക്കാൻ മോടിപിടിപ്പിച്ച ചുമരുകൾ എന്നെ നോക്കി പുഞ്ചിരിചിട്ടുണ്ടാവാം, എന്നാൽ അപ്പോഴും എനിക്ക് അപരിചിതമായി തന്നെ തോന്നി...
വിദ്യാലയത്തിന് ആഡിറ്റോറിയത്തിൽ ഒരു വലിയ തിരക്കുണ്ടായിരുന്നു. തിരക്കിനിടയിലും എനിക്ക് പരിചിതമായ ചില മുഖങ്ങൾ ഞാൻ കണ്ടു.. ഒരു അഞ്ചാം ക്ലാസുകാരിയുടെ മനസ്സുനിറയെ അപ്പോഴും സംശയങ്ങളും ചോദ്യങ്ങളുമായിരുന്നു...
നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതുവരെ എന്താണ് വിദ്യാലയത്തിന്റെ പേര് പറയാത്തതെന്ന്... കാരണം അത് വെറുമൊരു പേരല്ല... എന്റെ ഈ ചെറിയ ജീവിത കാലയളവിൽ എന്നെ ഇത്ര സ്വാധീനിച്ച ഒന്ന് വേറെ ഉണ്ടാവില്ല, ഏറ്റവും മനോഹരമായ ഓർമ്മകൾ അവിടെയാണ്, ഏറ്റവും മനോഹരമായ പുഞ്ചിരികൾ അവിടെയാണ്, എന്റെ കണ്ണീരും, കിട്ടിയ ശകാരങ്ങളും, ചൂരലിന്റെ ചൂട് അറിഞ്ഞതും അവിടെ നിന്നാണ്, എല്ലാത്തിനുംപുറമെ ചില വാശികളും വഴക്കുകളും...
VVHSS എന്നപേരിൽ ഉള്ളിൽ എത്രയോ പേരുടെ ഓർമ്മ വസന്തങ്ങൾ നിറഞ്ഞുനിൽക്കുന്നു...
കലാലയ രാഷ്ട്രീയത്തെ പറ്റി പറഞ്ഞാൽ... കൃത്യമായ രാഷ്ട്രീയ ചുറ്റുപാടുകളോട്കൂടിയ വീട്ടിൽ വളർന്നുവന്ന തുകൊണ്ടുതന്നെ ഏത് യുവജന സംഘടനയിൽ ചേർന്ന് പ്രവർത്തിക്കണം എന്നതിൽ എനിക്ക് സംശയം ഉണ്ടായിരുന്നില്ല. SFIയിൽ ചേർന്നു പ്രവർത്തിച്ചത് വീട്ടുകാരുടെ നിർബന്ധം കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, പറയുമ്പോൾ അതുകൂടി പറയണമല്ലോ... വീടിന്റെ ചുമരിൽ 'Marx'ന്റെയും, 'Che'യുടെയും, 'E. M. S'ന്റെയും, 'A. K. G'യുടെയും ചിത്രങ്ങൾ കണ്ടു വളർന്നവൻ വേറെ ഏതു വഴിയെ പോകാനാണെന്ന് പലരും ചിന്തിച്ചേക്കാം... അതുകൊണ്ട് മാത്രമല്ല ഞാൻ ഒരു എസ്എഫ്ഐ കാരനാക്കുന്നത്... ഒരുവൻ മനുഷ്യനാവണമെങ്കിൽ സഹജീവികളോട് കരുണ കാട്ടണം... ഈ കരുണയും, കരുതലും, ചേർത്തുനിർത്തും, സഹവർത്തിത്വവും ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും കമ്യൂണിസത്തിലാണ്... അതുകൊണ്ടാണ് ഞാൻ ഒരു എസ്എഫ്ഐ കാരനായത് എന്നു പറയുന്നതാണ് എനിക്ക് ഏറെഇഷ്ടം... ക്ലാസ് ലീഡറായി തിരഞ്ഞെടുത്തു കഴിഞ്ഞുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ആർക്ക് വോട്ട് ചെയ്യണം എന്നതിലും എനിക്ക് സംശയം ഉണ്ടായിരുന്നില്ല. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിലും പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൽ ഞങ്ങളുടെ ചില അധ്യാപകർക്ക് അതൃപ്തി ഉണ്ടായിരുന്നെങ്കിലും അത് ഞങ്ങൾക്ക് പ്രശ്നമായിരുന്നില്ല.
കലാലയത്തിലെ പ്രണയത്തെക്കുറിച്ച് ചോദിച്ചാൽ... എന്റെ പ്രണയം vvhssൽ ആയിരുന്നില്ല എന്നതാണ് സത്യം... പ്രണയം ഒരു ലഹരിയായിരുന്നു, വിപ്ലവവും ഒരു ലഹരിയായിരുന്നു. ചുരുക്കി പറഞ്ഞാൽ പ്രണയം ഒരു വിപ്ലവമാണ്.
ഇന്നും ഓർത്തിരിക്കുന്നത് പത്താംക്ലാസാണ്... 10Bയുടെ ചുമരുകൾക്ക് ഒരായിരം കഥകൾ പറയാനുണ്ടാവും. എത്രയോ രസകരമായ ഓർമ്മകൾ എനിക്ക് അവിടംതന്നു.. ബ്ലാക്ക് ബോർഡിനും ഫസ്റ്റ് ബെഞ്ചിനുമിടയിൽ ഞങ്ങൾക്ക് ഒരു വലിയ സ്റ്റേഡിയം തന്നെ ഉണ്ടായിരുന്നു എന്ന് പറയാം.. കാൽപന്ത് കളിയും, ക്രിക്കറ്റ്, തലപ്പന്തുകളി... അങ്ങനെ പലതും എന്തിനേറെപറയുന്നു റെസിലിംഗ് വരെ നടന്നിരിക്കുന്നു... ആ നാല് ചുവരുകൾക്കിടയിൽ അങ്ങനെ മറ്റെന്തെല്ലാം കാര്യങ്ങൾ...
അവയെല്ലാം തന്നെ എന്റെ മനസ്സിൽ തിരമാലകൾ പോലെ വന്നുചേരുന്നു.... ചുഴികൾ ക്കിടയിലൂടെ നീന്തുന്ന കുട്ടിയെ പോലെ ഞാൻ ഇപ്പോഴും ആ ഓർമ്മകളിൽ കുടുങ്ങിക്കിടക്കുന്നു... ഒരിക്കലും തിരിച്ചെത്താൻ കഴിയാത്ത ആ കാലത്തെയും കലാലയത്തെയും ഞാൻ ഇപ്പോഴും പ്രണയിക്കുന്നു.....
- അലൻ ശ്രീകുമാർ.