25/07/2022
കെപിസിസി ചിന്തൻ ശിബിരം
2022 ജൂലൈ 24 ‘കോഴിക്കോട് പ്രഖ്യാപനത്തിന്റെ പൂർണ രൂപം.
2022 ജൂലൈ 23, 24 തീയതികളിൽ കോഴിക്കോട് കെ.കരുണാകരൻ നഗറിൽ വച്ച് ചേർന്ന കെ.പി.സി.സിയുടെ ‘നവസങ്കൽപ് ചിന്തൻ ശിബിരം’ സംസ്ഥാനത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന് ആശയപരമായ ദിശാബോധവും മുന്നേറ്റത്തിനായുള്ള പ്രവർത്തനോർജ്ജവും പകരുന്നതിൽ പ്രയോജനകരമായി എന്നതിൽ കെ.പി.സി.സിക്ക് അഭിമാനമുണ്ട്. ചർച്ചകളിൽ പങ്കെടുത്ത് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ച എല്ലാ സഹപ്രവർത്തകരേയും കെ.പി.സി.സി അഭിവാദ്യം ചെയ്യുന്നു.
ഇക്കഴിഞ്ഞ മേയ് മാസം 13, 14, 15 തീയതികളിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനപ്രകാരം രാജസ്ഥാനിലെ ഉദയ്പ്പൂരിൽ ദേശീയ തല നവസങ്കൽപ് ചിന്താശിബിരം നടന്നിരുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തിലും ആശയങ്ങളിലും അടിയുറച്ചു നിന്നുകൊണ്ട് ഇന്ന് പാർട്ടി അഭിമുഖീകരിക്കുന്ന പ്രത്യയശാസ്ത്രപരവും, സംഘടനാപരവും, തിരഞ്ഞെടുപ്പ് സംബന്ധവുമായ വെല്ലുവിളികളെ നേരിടാൻ പ്രസ്ഥാനത്തെ കാലാനുസൃതമായി നവീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതായിരുന്നു ദേശീയ ചിന്തൻ ശിബിരത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് കടന്നുവന്ന അനുഭവസമ്പന്നരും പുതുതലമുറയിൽപ്പെട്ടവരുമായ കോൺഗ്രസ് നേതാക്കൾ നടത്തിയ കൂട്ടായ ചർച്ചകളിലൂടെ ഉയർന്നുവന്ന ആശയങ്ങൾ പ്രസ്ഥാനത്തിനും രാജ്യത്തിനും കരുത്ത് പകരുന്ന തീരുമാനങ്ങളായി മാറുകയായിരുന്നു. ഉദയ്പ്പൂർ ചിന്തൻ ശിബിരത്തിൽ ഏറ്റെടുത്ത തീരുമാനങ്ങളുടെ തുടർച്ചയായാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് ചിന്തൻ ശിബിരം സംഘടിപ്പിച്ചിട്ടുള്ളത്.
❣️രാഷ്ട്രീയം
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനമെന്ന നിലയിൽ ഈ വിശാലമായ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കിടയിലെ എല്ലാത്തരം വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും പൂർണ്ണമായ ഉൾക്കൊള്ളൽ ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു ബഹുസ്വര ദേശീയതാ സങ്കൽപ്പം ഭാരതത്തിനായി രൂപപ്പെടുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് സാധിച്ചു. സ്വതന്ത്രവും നിർഭയവും നീതിബോധത്തിലധിഷ്ഠിതവുമായ ഒരു ആധുനിക ജനാധിപത്യ, മതേതര രാഷ്ട്രത്തിന്റെ പിറവിയിലേക്ക് വഴിതെളിക്കപ്പെട്ടതും ഇതിന്റെ തുടർച്ചയായാണ്. സ്വാതന്ത്ര്യ സമര കാലത്തെ വിവിധ കോൺഗ്രസ് സമ്മേളനങ്ങളിലുയർന്ന പുരോഗമന ചിന്തകളുടെ അടിത്തറയിലാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങൾ രൂപപ്പെട്ടത്. ആ ആശയങ്ങളെ അലംഘനീയവും ചിരപ്രതിഷ്ഠവുമാക്കുന്ന നിലയിൽ ഇന്ത്യക്കായി ഒരു ഭരണഘടന തയ്യാറാക്കപ്പെട്ടതിലും കോൺഗ്രസിന്റെ സംഭാവനകൾ നിസ്തുലമാണ്. യഥാർത്ഥ സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ധാർമ്മിക ചിന്തകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ആധുനിക ഇന്ത്യയേക്കുറിച്ചുള്ള ജവഹർലാൽ നെഹ്രുവിന്റെ പുരോഗമന കാഴ്ചപ്പാടുകളുടെ രാഷ്ട്രീയ ശക്തിയുടെ പിൻബലത്തിൽ, സാമൂഹ്യനീതിയിലും അവകാശബോധത്തിലുമധിഷ്ഠിതമായ ഒരു ഭരണഘടനക്ക് രൂപം നൽകാൻ ഡോ. ബി.ആർ. അംബേദ്കറിന്റെ ദീർഘവീക്ഷണത്തിന് കഴിഞ്ഞുവെന്നതിൽ ഓരോ യഥാർത്ഥ ഭാരതീയനും ഇന്നും അഭിമാനിക്കുന്നു. എന്നാൽ ഇന്ന് രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ നമ്മുടെ രാഷ്ട്ര സങ്കൽപ്പത്തിന്റെ കരുത്തും അടിസ്ഥാനവുമായ ആധുനിക മൂല്യങ്ങളെയെല്ലാം സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ എതിർക്കുകയും അവയെ ശിഥിലമാക്കാൻ നിരന്തരശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്.
രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണവും സംഘപരിവാർ സംഘടനകളുടെ പ്രവർത്തനവും നമ്മുടെ രാഷ്ട്രഘടനയെത്തന്നെ വർഗീയാധിഷ്ഠിതമായി ഉടച്ചുവാർക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ തുടർച്ചയാണ് ഇന്നത്തെ ഭരണകർത്താക്കളും ലക്ഷ്യം വക്കുന്നത്. പാർലിമെന്റ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾക്കു മേലും സംഘപരിവാർ നടത്തുന്ന അധിനിവേശ ശ്രമങ്ങൾ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അവർ മുന്നോട്ടുവയ്ക്കുന്ന 'ഹിന്ദുത്വ ദേശീയത' എന്ന ആശയം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വര ദേശീയതാ സങ്കൽപ്പങ്ങളുടെ സമ്പൂർണ്ണ നിരാകരണമാണ്. എണ്ണത്തിൽ കുറവുള്ളവരുടെ അഭിമാന ബോധത്തോടെയുള്ള അസ്തിത്വമാണ് ഏതൊരു ആധുനിക ജനാധിപത്യത്തിന്റെയും അടിസ്ഥാന നന്മ. എന്നാൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ മാത്രമല്ല ദലിതരും പിന്നാക്കക്കാരുമടക്കമുള്ള പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഴുവൻ രാഷ്ട്രശത്രുക്കളായി ചിത്രീകരിക്കുന്നതും മുഖ്യധാരയിൽ നിന്ന് പുറന്തള്ളുന്നതുമാണ് സംഘ പരിവാറിന്റെ ഹിന്ദുത്വ ദേശീയത. പ്രകടമായ വർഗീയ ധ്രുവീകരണത്തിലൂടെ 2014-ലും 2019-ലും തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കിയവർ 2024-യിലും സമാന ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുകയാണ്.
ചരിത്രത്തിൽ എല്ലായിടത്തുമെന്നതുപോലെ വെറുപ്പിന്റേയും സംശയത്തിന്റേയും അന്തരീക്ഷം നിരന്തരം നിലനിർത്തിയാണ് ഇവിടെയും ഫാസിസം തങ്ങളുടെ 'നിർമ്മിത ശത്രു'ക്കളെ വേട്ടയാടാൻ കളമൊരുക്കുന്നത്. ഇന്ത്യൻ ഫാസിസമെന്നത് രാഷ്ട്രീയപരം എന്നതോടൊപ്പം സാംസ്‌ക്കാരിക ഫാസിസം കൂടിയാണ് എന്ന് നാം തിരിച്ചറിയുന്നു. പാരമ്പര്യത്തിന്റെയും സംസ്‌ക്കാരത്തിന്റേയും പേരുപറഞ്ഞ് കടന്നുവരുന്ന ഫാസിസ്റ്റ് ആശയങ്ങൾക്ക് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ വിദ്വേഷ രാഷ്ട്രീയത്തോട് പ്രതിരോധം തീർക്കാതെ അവയോട് സമരസപ്പെടുന്ന ഒരു പുതു സ്വാഭാവികത (ന്യൂനോർമൽ) ഇന്ന് രാജ്യത്ത് രൂപപ്പെടുന്നത് നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്. രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങളെ മുൻഗണനാടിസ്ഥാനത്തിൽ ചർച്ച ചെയ്യാതെ ക്ഷേത്രം നിർമ്മാണം പോലുള്ള വൈകാരിക വിഷയങ്ങളിലേക്ക് ശ്രദ്ധതിരിച്ച് ഭരണ പരാജയം മൂടിവെക്കുന്ന തന്ത്രമാണ് സംഘപരിവാറിന്റേത്.
സത്യാനന്തര കാലഘട്ടത്തിൽ വ്യാജ നിർമ്മിതികളിലൂടെ സ്വാതന്ത്ര്യ സമര ചരിത്രത്തെയും രാഷ്ട്രശിൽപ്പികളെയും അപകീർത്തിപ്പെടുത്തുന്ന ഫാസിസ്റ്റ് പ്രചരണ തന്ത്രങ്ങൾക്കെതിരെ യഥാർത്ഥ ഇന്ത്യൻ ദേശീയതാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള രാഷ്ട്രീയ, സാംസ്‌കാരിക പ്രതിരോധങ്ങൾ ഇന്ന് അനിവാര്യമാവുകയാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുന്നതിനായുള്ള രാജ്യവ്യാപക ക്യാമ്പയിന് തയ്യാറെടുക്കുന്ന രാഹുൽ ഗാന്ധിയെ കെ.പി.സിസി അഭിവാദ്യം ചെയ്യുന്നു.
ഇന്ത്യൻ പാർലമെന്റിൽ വിമർശനങ്ങളുടെ മുനയൊടിക്കാൻ വാക്കുകളുടെ നിരോധനം നടപ്പാക്കുന്ന, ചർച്ചകളില്ലാതെ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന ഭീകരാവസ്ഥയാണ് രാജ്യത്തു നിലവിലുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും നിരക്കാത്ത വേട്ടയാടലുകളാണ് സമീപകാലത്ത് നടക്കുന്നത്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സോണിയാഗാന്ധിയേയും മുൻകോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയേയും കള്ളക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റിനെ ഉപയോഗിച്ച് വേട്ടയാടുന്നത് ഇതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണങ്ങളാണ്. രാജ്യത്താകമാനം ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ഈ വേട്ടയാടലിനെതിരെ രംഗത്തിറങ്ങിയത് ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണമെന്നും നീതിപുലരണമെന്നുമുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്.
സ്വതന്ത്ര അഭിപ്രായ പ്രകടനവും നിഷ്പക്ഷ മാധ്യമ പ്രവർത്തനവും രാജ്യത്ത് ഗുരുതരമായ പ്രതിസന്ധിയിലാണ്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം അനുദിനം താഴേക്ക് പോവുകയാണ്. കൊല ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകരും നീതിയുടെ പോരാളികളും ഈ ദുരന്തത്തിന്റെ നേർസാക്ഷ്യമാണ്. ഭരണഘടനയെയും ത്രിവർണ പതാകയേയും പതിറ്റാണ്ടുകളോളം അംഗീകരിക്കാതിരുന്നവർ അശോകസ്തംഭത്തേപ്പോലും വികലമായി ചിത്രീകരിക്കുകയാണ്. ഇന്ത്യൻ ദേശീയതയുടെ യഥാർത്ഥ അവകാശികളെന്ന നിലയിൽ അതിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കുന്ന മുന്നണിപ്പോരാളികളായി കോൺഗ്രസ് പ്രവർത്തകരെ കർമ്മസജ്ജരാക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.
കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന സംഘപരിവാറിന്റെ സാമന്തന്മാരായി, കേവലം അധികാരം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രവർത്തന ശൈലിയാണ് കേരളത്തിൽ സി.പി.എം നേതൃത്വം നൽകുന്ന ഭരണം അനുവർത്തിക്കുന്നത്. തുടർ ഭരണത്തെ വിനയാന്വിതമായി സ്വീകരിച്ച് ജനകീയാഭിലാഷങ്ങൾക്ക് അനുസൃതമായി ഭരിക്കുന്നതിന് പകരം ധാർഷ്ട്യവും ധിക്കാരവും ജനാധിപത്യ വിരുദ്ധതയുമാണ് രണ്ടാം പിണറായി സർക്കാരിന്റെ മുഖമുദ്ര. സ്വതന്ത്ര ചിന്തയും കാഴ്ചപ്പാടും ആവിഷ്‌കാര സ്വതന്ത്ര്യവും സംസ്ഥാനത്ത് കടുത്ത വെല്ലുവിളി നേരിടുന്നു. രാഷ്ട്രീയ പ്രവർത്തകരും, കലാസാംസ്‌കാരിക പ്രവർത്തകരും, മാധ്യമ പ്രവർത്തകരും, മത സാമൂഹ്യ സംഘടനകളുമെല്ലാം ആജ്ഞാനുവർത്തികളും അടിമകളുമെന്നപോലെ പ്രവർത്തിക്കണമെന്നാണ് സർക്കാരും അതിനു നേതൃത്വം നൽകുന്ന പാർട്ടിയും ആഗ്രഹിക്കുന്നത്. ആ സങ്കുചിത കാഴ്ചപ്പാടിന് പുറത്തുള്ള ആരെയും കേൾക്കാൻ അവർക്കു താൽപ്പര്യമില്ല . ഒന്നിനെയും അംഗീകരിക്കില്ല. ഇത് സംഘപരിവാർ നയങ്ങളുടെയും മനോഭാവങ്ങളുടെയും അനുകരണമാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കമ്മ്യൂണലിസത്തിലേക്കും ക്രോണി ക്യാപ്പിറ്റലസത്തിലേക്കും കൂപ്പുകുത്തി വീണിരിക്കുന്നു. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ഗുരുതരമായ ആരോപണങ്ങളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും ഓഫീസും സ്വർണ്ണകള്ളക്കത്ത്, ഡോളർ കള്ളക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലെ പങ്കാളികളാണെന്ന നിലയിൽ കേസിലെ പ്രധാനപ്രതി കോടതിയിൽ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകൾ നമ്മുടെ ഭരണാധികാരികളെ കുറിച്ചുള്ള സങ്കൽപ്പങ്ങളും വിശ്വാസ്യതയും ഇല്ലാതാക്കിയിരിക്കുന്നു. സി.പി.എം പോലുള്ള പാർട്ടി നേരിടുന്ന ജീർണ്ണതയിലേക്ക് വിരൽചൂണ്ടുന്നവയാണ് സർക്കാരിനെതിരേ ഓരോ ദിവസവും പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ ഇതിനകം തന്നെ മുഖ്യമന്ത്രിക്ക് രാജിവച്ചൊഴിയേണ്ടിവരുമായിരുന്നു. കേരളത്തിലെ സി.പി.എമ്മും ബി.ജെ.പിയും രഹസ്യ പാക്കേജിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പരസ്പര സഹായ സംഘങ്ങളായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായി ഉയരുന്ന അരോപണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനും കേന്ദ്രത്തിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുമാണ് വയനാട്ടിലെ രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമണവും പിന്നീട് നടന്ന എ.കെ.ജി സെന്റർ അക്രമണ നാടകവും ആസൂത്രണം ചെയ്യപ്പെട്ടത്.
സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ലംഘിച്ച് വിദേശ ഭരണകൂടത്തെ സമീപിക്കാൻ പോലും മടിയില്ലാത്ത മന്ത്രിമാരെ സൃഷ്ടിക്കുകയും പോറ്റി വളർത്തുകയും ചെയ്യുന്ന നാടായി കേരളം അധപതിച്ചു. ഇന്ത്യൻ ഭരണഘടനയെ തന്നെ അട്ടിമറിക്കാനും ജനാധിപത്യവും മതേതരത്വവും അപ്രസക്തമാക്കാനും സംഘപരിവാർ ശ്രമിക്കുന്ന ഈ കെട്ടകാലത്ത് ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ വികൃതമായി ചിത്രീകരിക്കാനും ഭരണഘടന ശിൽപ്പികളെ അപകീർത്തിപ്പെടുത്താനും കേരളത്തിലെ ഒരു മന്ത്രി ശ്രമിച്ചത് മാപ്പ് അർഹിക്കാത്ത തെറ്റാണ്. ഇത് ഒരു ഒറ്റപ്പെട്ട നാക്കുപിഴയല്ല, മറിച്ച് ഭരണഘടനാ രൂപവത്ക്കരണ കാലം തൊട്ടുതന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾക്ക് ഭരണഘടനയോടും അതിന്റെ പ്രധാന ശിൽപ്പിയായ ഡോ. അംബേദ്ക്കറോടുമുള്ള വരേണ്യകാഴ്ച്ചപ്പാടിലൂന്നിയ വിദ്വേഷമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിൽ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വന്നത് ജനങ്ങൾ ഉയർത്തിയ പ്രതിരോധത്തിന്റെ വിജയമാണ്.
തുടർഭരണം കേരളത്തിന് സർവ്വനാശമാണ് ഉണ്ടാക്കിയത്. സ്റ്റേറ്റിനും ജനതക്കുമുണ്ടാക്കിയ ഈ പ്രതിസന്ധി മറികടക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങൾക്ക് കോൺഗ്രസും യു.ഡി.എഫും നേതൃത്വം നൽകേണ്ടതായിട്ടുണ്ട്. ജനകീയ അടിത്തറ വിപുലപ്പെടുത്തിയും യു.ഡി.എഫ് വിപുലീകരിച്ചും കാലം ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ നാം സന്നദ്ധരാണ്. ഇടതുപക്ഷ ആശയങ്ങളും , പരിപാടികളുമുള്ള സംഘടനകൾക്ക് പോലും ഇന്ന് കേരളത്തിലെ തീവ്ര വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന സി.പി.എം മുന്നണിയിൽ അധികകാലം നിൽക്കാനാവില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാര പങ്കാളിത്തം എന്ന കേവല അജണ്ടയിൽ തൃപ്തരാകാത്ത കക്ഷികൾ കേരളത്തിലുണ്ട്. അവർക്ക് മുന്നണിവിട്ട് പുറത്തുവരേണ്ടിവരുന്ന സാഹചര്യത്തിൽ യു.ഡി.എഫ് അതിന്റെ രാഷ്ട്രീയ ധർമ്മം നിർവ്വഹിക്കും.
താത്ക്കാലിക നേട്ടങ്ങൾക്കായി നാടിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന വിധത്തിൽ ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദത്തെ പ്രീണിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് കേരളത്തിൽ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആലപ്പുഴയിലേയും പാലക്കാട്ടെയും കൊലപാതക പരമ്പരകൾ സർക്കാർ സമീപനത്തിന്റെ ബാക്കിപത്രമാണ്. നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന മതതീവ്രവാദികളെയും അവർക്ക് കുടപിടിക്കുന്ന സർക്കാർ സമീപനത്തെയും ചിന്തൻ ശിബിരം അപലപിക്കുന്നു. മതംനോക്കി തീവ്രവാദ ചാപ്പ ചുമത്തുന്ന സംഘപരിവാർ നയങ്ങളുടെ തുടർച്ച തന്നെയാണ് പലപ്പോഴും കേരളത്തിലെ ആഭ്യന്തരവകുപ്പിൽ നിന്നും ഉണ്ടാകുന്നത്. നീതിപൂർവ്വകവും നിയമാനുസൃതവുമായ നടപടികൾക്ക് പകരം രാഷ്ട്രീയതാത്പ്പര്യങ്ങളോടെയുള്ള പക്ഷപാതപരമായ നിലപാടുകൾ പോലീസ് സ്വീകരിക്കുന്നത് നിയമവാഴ്ച്ചയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നു. വിട്ടുവീഴ്ച്ചയില്ലാത്ത മതേതര നിലപാടുകളുമായി കോൺഗ്രസ് പാർട്ടി കേരള സമൂഹത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകും.
❣️സാമ്പത്തികം
കാലാകാലങ്ങളിൽ കോൺഗ്രസ് നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ഇന്ന് കാണുന്ന നേട്ടങ്ങളുടെ അടിസ്ഥാനം. 1991 ൽ കോൺഗ്രസ് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കരണ നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പുത്തൻ അധ്യായം രചിച്ചു. ചരിത്രത്തിലാദ്യമായി രണ്ടക്ക സാമ്പത്തിക വളർച്ച നേടാൻ കഴിഞ്ഞത് യു.പി.എ സർക്കാരിന്റെ കാലഘട്ടത്തിലായിരുന്നു. പുതിയ സാമ്പത്തിക മാറ്റങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന അനിവാര്യമായ പാർശ്വഫലങ്ങൾ നേരിടാൻ കോൺഗ്രസ് Inclusive Growth എന്ന സങ്കൽപം മുന്നോട്ടുവച്ചു. സമ്പത്തിന്റെ കേന്ദ്രീകരണത്തിന് പകരം നീതിപൂർവ്വകമായ പുനർവിതരണത്തിന് വേണ്ട നയങ്ങളാണ് കോൺഗ്രസ് രൂപം നൽകിയത്. പത്ത് വർഷം കൊണ്ട് 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മധ്യവർഗ്ഗത്തിലേക്ക് ഉയർത്തിയെടുക്കാൻ യു.പി.എ സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് സാധിച്ചു എന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നാണ്. എന്നാൽ പിന്നീട് വന്ന മോദി സർക്കാർ ഈ നേട്ടങ്ങളെല്ലാം തകർക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. നോട്ട് നിരോധനവും അശാസ്ത്രീയമായി നടപ്പിലാക്കിയ ജി.എസ്.ടിയും സമ്പദ്ഘടനയുടെ നടുവൊടിച്ചു. പിന്നാലെ കോവിഡ് മഹാമാരി കൂടിയായപ്പോൾ രാജ്യത്തിന്റെ സമ്പദ്ഘടന വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിട്ടുള്ളത്. രാജ്യം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ്.
കേരളത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളും വ്യത്യസ്തമല്ല. അതിഭീകരമായ കടക്കെണിയിൽ പെട്ടിരിക്കുകയാണ് സംസ്ഥാനം. നിത്യനിദാന ചെലവുകൾക്ക് പോലും കടമെടുത്ത ചെലവഴിക്കുന്ന സർക്കാർ ധൂർത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. ആഡംബരത്തിലും അധികാരപ്രമത്തതയിലും വിരാജിക്കുന്ന മുഖ്യമന്ത്രിയുടെ ഇടതു മുഖം നഷ്ടപ്പെട്ടു എന്നും കമ്മ്യൂണിസ്റ്റുകൾക്ക് അപമാനമെന്നും ഇതര കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും പറഞ്ഞു തുടങ്ങിയിരിക്കുന്നു. കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ആത്മഹത്യക്കുള്ള തൂക്കുകയർ ആണ്. കിഫ്ബി എടുക്കുന്ന കടം ബഡ്ജറ്റിന് പുറത്താണ് എന്ന വാദം പൊളിഞ്ഞിരിക്കുന്നു. കിഫ്ബി ഇപ്പോൾ സംസ്ഥാനത്തിന്റെ നേരിട്ടുള്ള ബാധ്യതയായി മാറിയിരിക്കുകയാണ്.
സംസ്ഥാനത്ത് റവന്യൂ വരുമാനം വർധിപ്പിക്കാൻ സമ്പദ്ഘടനയെ ഉടച്ചു വാർക്കേണ്ടിയിരിക്കുന്നു. നോളജ് എക്കോണമിയിൽ ഊന്നിയ സമഗ്ര പരിഷ്‌കാരങ്ങൾക്ക് നാം തയ്യാറാകണം. മെറ്റാവേഴ്സിന്റെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ന്റെയും മെഷീൻ ലേണിങ്ങിന്റെയും അനന്തമായ സാധ്യതകൾ മുന്നിൽ കണ്ടുള്ള പരിഷ്‌കാരങ്ങളാണ് ഉണ്ടാകേണ്ടത്. Unemployment പോലെ തന്നെ വെല്ലുവിളി ഉയർത്തുന്നതാണ് കേരളത്തിലെ Under Employment. യുവാക്കൾക്ക് മാന്യമായ വരുമാനം ഉറപ്പുവരുത്താൻ കഴിയുന്ന പരിഷ്‌കാരങ്ങൾ ഉണ്ടാകണം.
നരേന്ദ്രമോദി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണനത്തിന്റെ ഏറ്റവും വലിയ ഇരകൾ ഇന്ത്യയിലെ കർഷകരാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി നടപ്പാക്കിയ കാർഷിക നിയമങ്ങൾ ഇന്ത്യൻ കർഷകരുടെ ശക്തമായ ചെറുത്ത് നിൽപ്പ് കാരണം താത്ക്കാലികമായി നിർത്തിവയ്‌ക്കേണ്ടിവന്നെങ്കിലും കർഷക ദ്രോഹനയങ്ങൾ നരേന്ദ്രമോദി സർക്കാർ തുടരുകയാണ്. പെരുകുന്ന കർഷക ആത്മഹത്യകൾ, കടക്കെടണി കൊണ്ട് നട്ടെല്ലൊടിഞ്ഞ കർഷകന്റെ ദുരവസ്ഥയാണ് വ്യക്തമാക്കുന്നത്. ചങ്ങാത്ത മുതലാളിമാർക്ക് വേണ്ടി ലക്ഷക്കണക്കിന് കോടി രൂപയുടെ കടങ്ങൾ എഴുതി തള്ളുന്ന ഇന്ത്യൻ ഭരണകൂടം പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ കർഷകനെ സഹായിക്കാൻ കഴിഞ്ഞ എട്ടുവർഷമായിട്ടും തയ്യാറാകത്തത് മാപ്പ് അർഹിക്കാത്ത കുറ്റകൃത്യമാണ്. കേരളത്തിലും കർഷകർ സമാനമായ പ്രതിസന്ധി നേരിടുന്നു. കാലവസ്ഥ വ്യതിയാനം കൊണ്ടും ഉയർന്ന കാർഷിക ചെലവുകൾ കാരണവും, വിലത്തകർച്ച എന്നിവ മൂലവും കാർഷികവൃത്തി ദുരിതത്തിലാണ്. കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകാനോ നെല്ല്, നാണ്യവിളകൾ എന്നിവ ഉൾപ്പെടെയുള്ള കാർഷിക ഉത്പ്പനങ്ങൾ സംഭരിക്കാനോ യഥാസമയം പണം നൽകാനോ സർക്കാർ തയ്യാറാകുന്നില്ല. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിലും കാർഷിക വിളകൾക്ക് ന്യായവില ഉറപ്പ് വരുത്തുന്നതിലും സർക്കാർ തികഞ്ഞ പരാജയമാണ്. കേരളത്തിലെ ജനവാസ മേഖലകളെ ബഫർ സോണിൽപ്പെടുത്താൻ കേന്ദ്രത്തിന് പ്രമേയം പാസ്സാക്കി നൽകിയ കേരള സർക്കാർ കർഷക ജനതയോട് കടുത്ത വഞ്ചനയാണ് കാട്ടിയത്. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്കും അക്രമത്തിന് ഇരയാകുന്ന കർഷകർക്കും നഷ്ടപരിഹാരം നൽകുന്നത് നിർത്തലാക്കിയ കേരള സർക്കാർ എത്രയും വേഗം അവ പുന:സ്ഥാപിക്കാൻ തയ്യാറാകണം. കർഷകരുടെയും കർഷക തൊഴിലാളികളുടേയും അവകാശങ്ങൾ നേടിയെടുക്കാൻ ജനകീയ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകും.
❣️സാമൂഹികനീതി
ഇന്ത്യൻ സമൂഹത്തിലെ ജാതീയമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ ഇനിയും പരിഹൃതമായിട്ടില്ല. ദേശീയ പ്രക്ഷോഭത്തിന്റെ കാലത്തുതന്നെ ഈ അനീതിയുടെ പരിഹാര പരിശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിരുന്നു. ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ചൂഷണാത്മകത ഏറ്റവും അടുത്തു നിന്നനുഭവിച്ച ഡോ.ബി.ആർ അംബേദ്കറെ ഇന്ത്യൻ ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷനാക്കി ഇന്ത്യൻ ഭരണഘടനയിൽ സമൂഹ്യനീതിയെ ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയത് നമ്മുടെ രാഷ്ട്രചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ആ സാമൂഹികവും സാമ്പത്തികവുമായ നീതി സങ്കൽപ്പങ്ങൾ ഇന്നും പൂർണാർത്ഥത്തിൽ സാക്ഷത്കരിക്കപ്പെട്ടിട്ടില്ല എന്നത് യാഥാർഥ്യമാണ്. ദേശീയ, പ്രാദേശിക സർക്കാരുകൾ ഇതിനായുള്ള സാർത്ഥകമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. രാജ്യത്ത് പട്ടികജാതി വിഭാഗങ്ങൾക്കും ആദിവസികൾക്കും നേരെയുള്ള ജാതിപീഢനങ്ങളും ആൾക്കൂട്ട അക്രമങ്ങളും വർദ്ധിച്ച് വരികയാണ്. ഹത്രാസ് ഉൾപ്പെടെയുള്ള ഇത്തരം ഇടങ്ങളിൽ അടിച്ചമർത്തലുകൾക്കെതിരെ ഇരകൾക്ക് വേണ്ടി രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും മുന്നിൽ നിന്നാണ് പോരാട്ടം നയിച്ചത്. കേരളത്തിൽപ്പോലും വാളയാറിലെ കുഞ്ഞുങ്ങൾക്ക് നേരിടേണ്ടിവന്ന പീഢനവും പ്രതികൾക്ക് ഭരണകൂടം നൽകിയ സംരക്ഷണവും, ആൾക്കൂട്ട അക്രമത്തിന് വിധേയനായി ജീവൻ നഷ്ടമായ ആദിവാസി യുവാവായ മധുവിന്റെ കേസിലെ സമാന ഇടപെടലുകളും ആശങ്കയുളവാക്കുന്നതാണ്. ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള പോരട്ടങ്ങൾക്ക് കോൺഗ്രസ് പാർട്ടി മുന്നിട്ടിറങ്ങും. രാജ്യത്താകമാനം പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യകുത്തകകൾക്ക് വിറ്റഴിക്കുമ്പോൾ നിഷേധിക്കപ്പെടുന്നത് സംവരണാവകാശങ്ങളും സാമൂഹ്യനീതിയുമാണ്. ഇത്തരം സാഹചര്യവും കാണാതിരുന്നുകൂടാ. കോൺഗ്രസ് സംഘടനയുടെ വിവിധ തലങ്ങളിൽ പിന്നോക്ക സമുദായ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ കെ.പി.സി.സി പ്രതിജ്ഞാബദ്ധമാണ്.
❣️സംഘടനാകാര്യം
മേൽവിവരിച്ച വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാൻ കഴിയുന്ന സക്രിയമായ ഒരു സംഘടനാ സംവിധാനം പാർട്ടിക്ക് ആവശ്യമാണ്. തീരുമാനങ്ങൾ എടുക്കുന്നതിലല്ല, അത് സമയബന്ധിതമായി, കൂട്ടുത്തരവാദിത്തത്തോടെ, അക്കൗണ്ടബിളിറ്റി ഉറപ്പാക്കി നടപ്പാക്കുന്നതാണ് പ്രധാനം. സംഘപരിവാറിന്റെയും സി.പി.എമ്മിന്റെയും വിനാശകരമായ നയങ്ങളെ, ആശയപരമായി സമയോചിതമായി പ്രതിരോധിക്കാൻ ശേഷിയുള്ളതും ഭരണകൂടങ്ങളുടെ മനുഷ്യത്വ വിരുദ്ധമായ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങളിലൂടെ ചെറുക്കാൻ ശേഷിയുള്ളതുമായ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലൂടെ മാത്രമെ പാർട്ടിയെ വിജയത്തിലെത്തിക്കാൻ കഴിയൂ എന്ന് നാം തിരിച്ചറിയണം.
എ.ഐ.സി.സി നിഷ്‌ക്കർഷിക്കുന്ന സമയക്രമം പാലിച്ച് ബൂത്ത് തലം മുതൽ കെ.പി.സി.സി വരെ പുന:സംഘടന പൂർത്തിയാക്കുകയെന്നതാണ് പാർട്ടിക്ക് മുമ്പിലെ പ്രധാന ദൗത്യം. പാർട്ടി ഭാരവാഹികളുടെ എണ്ണം പുന:ക്രമീകരിക്കും. ഒന്നിലേറെ മണ്ഡലം കമ്മിറ്റികളുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രവർത്തനം വിലയിരുത്തി ആവശ്യമെങ്കിൽ പുന:ക്രമീകരണം നടത്തും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ ജില്ലാ, നിയോജക മണ്ഡലം തലങ്ങളിൽ രൂപീകരിക്കും. പാർട്ടി അച്ചടക്കം ഉറപ്പുവരുത്തുന്നതിനായി ജില്ലാ തലങ്ങളിൽ സംവിധാനമുണ്ടാക്കും.
എല്ലാ പാർട്ടി പ്രവർത്തകർക്കും പരിശീലനം നിർബന്ധിതമാക്കും. വിപുലമായ ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റുകൾ കെ.പി.സി.സി, ഡി.സി.സികളിൽ തുറക്കും. ഇതിനായി പ്രത്യേക സിലബസ് തയ്യാറാക്കും. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ(ഐ.സി.സി) സംസ്ഥാന, ജില്ലാ തലങ്ങളിൽ രൂപീകരിക്കും. ഉദയ്പ്പൂർ ചിന്തൻ ശിവിൽ പ്രഖ്യാപനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് യുവാക്കൾക്കും വനിതകൾക്കും, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും പാർട്ടിയുടെ എല്ലാ ഘടകത്തിലും പ്രാതിനിത്യം ഉറപ്പാക്കും.
പ്രവാസികളായ കേരളീയരുടെ പൊതുവേദിയായ ഒ.ഐ.സി.സിയുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കും. എല്ലാ വിദേശരാജ്യങ്ങളിലെയും കമ്മിറ്റികൾ അംഗത്വ വിതരണം നടത്തി സമയബന്ധിതമായി പുന:സംഘടിപ്പിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ കാലനുസൃതമായി പരിഷ്‌ക്കരിക്കും. എല്ലാ പാർട്ടി അംഗങ്ങളും പാർട്ടിയുടെ പ്രക്ഷോഭങ്ങളിൽ പങ്കാളിയാകുന്നെന്ന് ഉറപ്പുവരുത്തും. കെ.പി.സി.സിയിലും ഡി.സി.സികളിലും ഇലക്ഷൻ മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ആരംഭിക്കും.
എല്ലാ തലങ്ങളിലുമുള്ള പാർട്ടി കമ്മിറ്റികൾക്കും ഭാരവാഹികൾക്കും സമയസമയങ്ങളിൽ അസൈൻമെന്റുകൾ നൽകുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനും കെ.പി.സി.സിയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ബൂത്ത് തലങ്ങളിലെ യഥാർത്ഥ പാർട്ടി പ്രവർത്തകരെ തിരിച്ചറിഞ്ഞ് പ്രത്യേക രജിസ്റ്റർ തയ്യാറാക്കും. കെ.പി.സി.സിയുടെ സാഹിതി തീയറ്റേഴ്‌സിന്റെ പ്രവർത്തനം പുന:രാരംഭിക്കും. രാഷ്ട്രീയ പ്രവർത്തനവും, സാമൂഹ്യ പ്രവർത്തനവും ജീവ നകാരുണ്യ പ്രവർത്തനവുമെല്ലാം ഒന്നുതന്നെയാണ്. സാധാരണക്കാരന്റെ ദുരിതമകറ്റാൻ, നിസഹായരും, നിസ്വരുമായവർക്ക് കൈത്താങ്ങാവാൻ നമ്മൾ നടത്തുന്ന കഠിനമായ പ്രവർത്തനമാവമം രാഷ്ട്രീയ പ്രവർത്തനം. ആർദ്രമായ മനസ്സുള്ള ശരിയായ ഒരു പൊതുപ്രവർത്തകനാകണം ഓരോ കോൺഗ്രസുകാരനും, അതുകൊണ്ടുതന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നാം പരിഗണന നൽകണം.
പ്രത്യേയശാസ്ത്രങ്ങളിൽ ഉറച്ച് നിൽക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതും പ്രധാനമാണ്. സംഘടനാ വീഴ്ചകൾ നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ പ്രതിസന്ധി നമുക്ക് മറികടക്കണം. ബുത്ത് തലം മാത്രമല്ല. സി.യു.സിവരെയും സംഘനാ സംവിധാനം ശക്തമാക്കാനുള്ള ശ്രമകരമായ ദൗത്യമാണ് അടുത്ത 6 മാസം നമ്മൾ തെരഞ്ഞെടുക്കേണ്ടത്. ഇതടക്കം പാർട്ടി പ്രവർത്തനത്തിന് കലണ്ടർ തയ്യാറാക്കും.
കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ പൊളിറ്റിക്കലാക്കൽ എന്ന ദൗത്യം നാം ഏറ്റെടുക്കുന്നു. സംഘടനയുടെ പ്രഖ്യാപിത നയങ്ങളെ കുറിച്ചും എതിരാളികളുടെ ശക്തിദൗർബല്യത്തെ കുറിച്ചും അറിയുന്നവരാകണം നമ്മുടെ പ്രവർത്തകർ. അതിനായി നിരന്തരമായ പരിശീലനം നമുക്ക് നടപ്പാക്കണം.
പാർട്ടി സമ്മേളനങ്ങൾ എല്ലാ വർഷവും നടത്തി സംഘടനയെ അടിമുടി സജീവമാക്കേണ്ടത് അനിവാര്യമാണെന്ന് ചിന്തൻ ശിബിരം തിരിച്ചറിയുന്നു. അതിനായി എല്ലാ വർഷവും ബൂത്ത് തലം മുതൽ കെ.പി.സി.സി തലം വരെ പാർട്ടി സമ്മേളനങ്ങൾ നടത്തും.
സംഘടന തെരഞ്ഞെടുപ്പ് എ.ഐ.സി.സി ഷെഡ്യൂൾ പ്രകാരമാകും നടത്തുക. എല്ലാ ഘടകങ്ങളിലുമുള്ള പാർട്ടി ഭാരവാഹികൾക്ക് കാലപരിധി നിശ്ചയിക്കും. ഇതുസംബന്ധിച്ച ഉദയ്പ്പൂർ പ്രഖ്യാപനത്തിലെ നിർദ്ദേശം നടപ്പാക്കും. പാർട്ടി സെല്ലുകളുടെ ചുമതല പരിചയ സമ്പന്നരായ നേതാക്കൾക്ക് നൽകും. പോഷക സംഘടനകളിലൂടെയും സെല്ലുകളിലൂടെയും വിവിധ ജനവിഭാഗങ്ങളെ പാർട്ടിയെ ആകർഷിക്കാനുള്ള പ്രവർത്തനം ശക്തിപ്പെടുതതും.ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വാസമുള്ള വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രവർത്തകരായി ഓരോ പ്രവർത്തകനെയും മാറ്റിയെടുക്കണം.
സഹകരണ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്ന പാർട്ടി പ്രവർത്തകർക്ക് കർശനമായ മാർഗ്ഗ നിർദ്ദേശം നടപ്പാക്കും.ഓഫീസുകൾ ഇല്ലാത്ത മണ്ഡലം കമ്മിറ്റികളിലെല്ലാം ഓഫീസുകൾ തുറക്കും. സി.പി.എം ഭരണത്തിൽ രാഷ്ട്രീയ വൈരാഗ്യം മുൻനിർത്തി വ്യാജ കേസുകളിൽ പ്രതിയാക്കപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് നിയമസഹായം ലഭ്യമാക്കും. കെ.പി.സി.സി നിയമസഹായ സമിതി വഴിയാകും ഇത് ലഭ്യമാക്കുക.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ നാളുകളിൽ പ്രകൃതിയെ പ്രണയിക്കാനും അതിനെ സംരക്ഷിക്കാനും ഏതറ്റവരെ പോകാനും തയ്യാറുള്ളവരാകണം നമ്മൾ. സ്ത്രീകളും കുഞ്ഞുങ്ങളും എല്ലാ സാമൂഹ്യ വിപത്തിന്റെയും ഇരകളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഉറച്ച സ്ത്രീപക്ഷ നിലപാടുകളായിരിക്കണം കോൺഗ്രസിന്റേത്. പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ടവരെയും മത്സ്യതൊഴിലാളികളെയും കർഷക-കർഷക തൊഴിലാളികളും ഉൾപ്പെടുന്ന പാർശവത്കരിക്കപ്പെട്ട എല്ലാ ജനനവിഭാഗങ്ങലെയും ഹൃദയത്തോട് ചേർത്ത് നിർത്തുകയും അവർക്കായി പോരാടുകയും ചെയ്യുന്ന കോൺഗ്രസായാണ് ഇനി കേരളത്തിൽ നമ്മൾ പ്രവർത്തിക്കാൻ പോകുന്നത്. ജനസ്വീകാര്യമല്ലാത്തതും പ്രകൃതവുമായ സമരരീതികൾ മാറ്റി കാലാനുസൃതമായ സമര രീതികൾ നമുക്ക് ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന ഈ ആശങ്ങളും പരിപാടി
കളും വിജയപഥങ്ങളിലെത്തിക്കാനുള്ള ഉറച്ച തീരുമാനവും പ്രവർത്തന സജ്ജമായ മനസ്സുമായി കെ.കരുണാകരൻ നഗറിൽ നവചിന്തൻ ശിബിരം ആവേശം ഉൾക്കൊണ്ട് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.
ജയ്ഹിന്ദ്🇮🇳