02/04/2024
https://www.facebook.com/share/p/XMBZzYiUETS8EGtu/?mibextid=oFDknk
റിയാസ് മൗലവി വധം:
ആരെയാണ്
കഴുമരത്തിലേറ്റേണ്ടത് ?
യശശ്ശരീരനായ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ഇടയ്ക്കിടെ സഹപ്രവർത്തകരെ ഓർമിപ്പിച്ചുകൊണ്ടിരുന്ന ഒരു താക്കീതുണ്ട്. ‘‘ജഡീഷ്യറിയുടെ ചരമക്കുറിപ്പ് നിങ്ങൾ താനേ എഴുതരുതേ’’ എന്ന്. ‘മോദി യുഗത്തിൽ ഏറ്റവുമധികം വിശ്വാസ്യത നഷ്ടപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനമായി ന്യായാസനം മാറിയിട്ടുണ്ട്. ഭരിക്കുന്നവരുടെ ഇംഗിതങ്ങളും ഭൂരിപക്ഷത്തിെൻറ മനോഗതിയും ന്യായാധിപരെ വല്ലാതെ സ്വാധീനിക്കുമെന്ന് ആധുനിക ജൂഡീഷറി നിലവിൽ വന്നത് മൂതൽ നിയമ വിഷാരദന്മാർ താക്കീത് നൽകിയതാണ്. ആ സ്വാധീനം സമീപകാലത്ത് പ്രകടമായി കണ്ടത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. എന്നാൽ, അടിയുറപ്പുളള മതനിരപേക്ഷ സമൂഹമെന്ന് നാം ഈറ്റം കൊള്ളുന്ന കൊച്ചുകേരളത്തിലെ കോടതികളിലേക്കും ഉത്തരേന്ത്യൻ ഉഷ്ണക്കാറ്റ് അരിച്ചരിച്ച് കയറുകയാണോ എന്ന് സംശയിക്കേണ്ട തരത്തിലാണ് സമീപ കാലത്തുണ്ടായ കുറെ കോടതി വിധികൾ. ഈ ഗണത്തിലെ ഏറ്റവുമൊടുവിലത്തെ സംഭവമാണ് കാസർക്കോട് ചൂരിയിലെ റിയാസ് മൗലവി വധക്കേസിലെ അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായ വിധി. പള്ളിക്കകത്ത് കിടന്നുറങ്ങുകയായിരുന്ന മൗലവിയെ കൊലപ്പെടുത്തിയ മൂന്ന് ആർ.എസ്.എസുകാരെയും കോടതി വെറുതെ വിട്ടിരിക്കുന്നു. ഇവർ നിരപരാധികളെന്ന് തെളിഞ്ഞത് കൊണ്ടല്ല. മറിച്ച് ഇവർ കുറ്റക്കാരാണെന്ന് സമർഥിക്കുന്നതിൽ േപ്രാസിക്യൂഷൻ വിജയിച്ചില്ല എന്ന പതിവ് പല്ലവി ഉരുവിട്ടുകൊണ്ട്.
വിധി പുറത്തുവരേണ്ട താമസം, വിധിന്യായം കാണുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാക്കളും ഇടതുവിരുദ്ധരും മുസ്ലിം രക്ഷകവേഷമണിഞ്ഞവരുമെല്ലാം പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റി രാഷ്ട്രീയ മുതലെടുപ്പിനുള്ള ഹീന ശ്രമങ്ങളാരംഭിച്ചു. നീതി എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്നോ കാപാലികരായ ആർ.എസ്.എസുകാർ എങ്ങനെ കഴുമരത്തിൽനിന്ന് രക്ഷപ്പെട്ടുവെന്നോ ആരും അന്വേഷിക്കാൻ മുതിർന്നില്ല. തെരഞ്ഞെടുപ്പു കാലമല്ലേ, മുസ്ലിംകളുടെ മതവികാരം ഉണർത്തിവിട്ട് വോട്ട് തട്ടുക എന്ന ഒരൊറ്റ ലക്ഷ്യവുമായി യു.ഡി എഫ് നേതാക്കളും അവരുടെ പിണിയാളുകളും പ്രചണ്ഡമായ ദുഷ്പ്രചാരണങ്ങളിലേർപ്പെട്ടിരിക്കയാണ്. മാധ്യമങ്ങളാവട്ടെ വിധിന്യായം കാണുംമുമ്പ് ഭാവനക്കൊത്ത്, സ്റ്റോറികൾ ചമച്ചു. കോൺഗ്രസിനും മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കുമൊക്കെ ആരോപിക്കാാനുള്ളത് സി.പി.എമ്മും ആർ.എസ്.എസും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റമുക്തരാക്കപ്പെട്ടത് എന്നാണ്. എന്തടിസ്ഥാനത്തിലാണീ ആരോപണമെന്ന് ആരും ഇതുവരെ വിശദീരികരിച്ചിട്ടില്ല. സ്വയമൊരു തോന്നൽ. കോടതിയെന്ന വിശുദ്ധപശുവിെൻറ നേരെ കണ്ണുപോയതുപോലുമില്ല.
ഈ കേസിൽ പോലിസിെൻറയും അന്വേഷണോദ്യോഗസ്ഥരുടെയും േപ്രാസിക്യൂഷെൻറയും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായി എന്ന് വിധി കേട്ട ഉടൻ നാവിട്ടടിച്ചവരാരും ഏഴുവർഷമായി കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന നീണ്ട വിചാരണയുടെയോ വാദപ്രതിവാദങ്ങളുടെയോ ഉള്ളടക്കത്തെ കുറിച്ച് അശേഷം മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല എന്ന് വ്യക്തമാണ്. കാസർക്കോട് വർഗീയ കൊലക്കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്ന ഒമ്പതാമത്തെ കേസാണ് റിയാസ് മൗലവിയുടേത് എന്ന ആമുഖത്തോടെ രവീന്ദ്രൻ രാവണേശ്വരം എഴുതിയ വാർത്തയിൽ (വീണ്ടുമൊരു വെറുതെ വിടൽ –മാധ്യമം 2024 മാർച്ച് 31) അടിവരയിടേണ്ട ചില യാഥാർഥ്യങ്ങൾ വിശദീകരിക്കുന്നുണ്ട്: 2017മാർച്ച് 21ന് റിയാസ് മൗലവി വധം നടന്ന ശേഷം കാസർകോട്ട് വർഗീയ സംഘർഷങ്ങൾ ഇല്ലാതായി. അതിനു കാരണം മൗലവി കേസിൽ പോലിസിെൻറയും േപ്രാസിക്യൂഷെൻറയും ശക്തമായ ഇടപെടലായിരുന്നു. യു.എ.പി.എയും ഗൂഢാലോചന കുറ്റവും ചുമത്താതെ തന്നെ പ്രതികൾ ഏഴുവർഷം ജയിലിൽ കിടന്നത് ഈ കേസിൽ മാത്രമാണ്. ഡോക്ടർ കൂടിയായ അന്വേഷണത്തലവൻ ഡോ. എ. ശ്രീനിവാസെൻറ മികവിലാണ് ഡി.എൻ.എ തെളിവുകൾ കോടതിയിൽ എത്തിച്ചത്്. ഇതിനെ പ്രതിഭാഗം ചോദ്യം ചെയ്തില്ല. മൗലവി മരിച്ചുകിടക്കുന്നത് കണ്ട ഒന്നാം സാക്ഷിയും പ്രതികൾ രക്ഷപ്പെടുന്നത് കണ്ട രണ്ട്, മൂന്ന് സാക്ഷികളും കൂറുമാറാതെ ഉറച്ചുനിന്നു. ഒന്നാം പ്രതിയുടെ രക്തം പുരണ്ട വസ്ത്രമുൾപ്പെടെ നൂറോളം തെളിവുകൾ ഹാജരാക്കി.’’ എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥരെയും േപ്രാസിക്യൂഷനെയും കുറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യം തറരാഷ്ട്രീയമാണ്. സംഘ്പരിവാർ ബന്ധമുള്ളവർ പ്രതികളാവുന്ന കേസുകളിൽ കേരളത്തിലെ പോലിസ് സംവിധാനത്തിെൻറയും അന്വേഷണ സംഘങ്ങളുടെയും ഭാഗത്തുനിന്നുണ്ടാവുന്ന വഴി വിട്ട നീക്കങ്ങൾ റിയാസ് മൗലവിയുടെ അന്വേഷണത്തിലും സംഭവിച്ചിട്ടുണ്ട് എന്ന ജമാഅത്തെ ഇസ്ലാമി അമീറിെൻറ പ്രസ്താവന കാര്യം മുഴുവനും മനസ്സിലാക്കാതെയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ സമീപ കാലത്തുണ്ടായ ഭയാനകമായ ആന്തരിക പരിവർത്തനങ്ങളെ കുറിച്ച് നല്ല ബോധമുള്ളവരിൽനിന്ന് ഇത്തരം ആരോപണങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതാണ്. പ്രസക്തമായ ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. എന്തുകൊണ്ട് കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്ചയെ കുറിച്ച് നമുക്ക് സംശയമുയരുന്നില്ല?
ഈ കേസിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ കുറിച്ച് നാം ഞെട്ടേണ്ടിവരുന്നത് േപ്രാസിക്യൂഷെൻറ ഭാഷ്യം കേൾക്കുമ്പോഴാണ്. സർക്കാരിെൻറ ആത്മാർഥത ചോദ്യം ചെയ്യുന്നവർക്കുള്ള മറുപടിയാണ് കോഴിക്കോട്ടെ പ്രഗൽഭനായ ക്രിമിനൽ അഭിഭാഷകൻ അഡ്വ. എം. അശേകനെ സ്പെഷ്യൽ േപ്രാസിക്യൂട്ടറായി വെച്ച സർക്കാർ നടപടി. അദ്ദേഹത്തിെൻറ വിയോഗാനന്തരം സമർഥനായ സഹപ്രവർത്തകൻ അഡ്വ. ടി. ഷാജിത്തിന് സ്പെഷ്യൽ േപ്രാസിക്യൂട്ടറുടെ ചുമതല ഏൽപിച്ചു. അതീവഗൗരവത്തോടെയായിരുന്നു േപ്രാസിക്യൂട്ടർമാർ കേസ് കൈകാര്യം ചെയ്തതെന്ന് കോടതി നടപടികളിലേക്ക് കണ്ണോടിച്ചാൽ മനസ്സിലാവും. 97 സാക്ഷികളെ ഹാജരാക്കി. 375 രേഖകൾ കോടതി മുമ്പാകെ സമർപ്പിച്ചു. 87 സാഹചര്യത്തെളിവുകൾ അടങ്ങിയ നോട്സ് കോടതിക്ക് കൈമാറി. മേൽക്കോടതിയുടെ 124 ഉത്തരവുകളും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. എന്നിട്ടും അന്വേഷണ സംഘത്തിെൻറയും േപ്രാസിക്യൂഷെൻറയും ഭാഗത്ത് വീഴ്ച ഉണ്ടായി എന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ (പ്രതിപക്ഷത്തിെൻറ ആരോപണമാണ്) അത് ശുദ്ധ അസംബന്ധമാണ്. റിയാസ് മൗലവി ഉപയോഗിച്ച ഫോൺ വിദഗ്ധ പരിശോധനക്കയച്ചില്ല എന്ന കോടതിയുടെ കണ്ടെത്തൽ അനാവശ്യമാണ്. ആ മൊബൈൽ ഫോണിനെ കുറിച്ച് എതിർഭാഗം പോലും സംശയം ഉയർത്തിയിട്ടില്ല. ഒന്നാം സാക്ഷിയുടെ വസ്ത്രം ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല എന്ന കോടതിയുടെ വാദവും നിരർഥകമാണ്. കാരണം മൂന്ന് പ്രതികളുടെയും വസ്ത്രത്തെ കുറിച്ച് എതിർഭാഗത്തുപോലും സംശയമില്ലെന്നിരിക്കെ എന്തിനു വിദഗ്ധ പരിശോധന നടത്തണം? പിന്നെ, പ്രതികൾ ആർ.എസ്.എസുകാരാണെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല എന്ന കണ്ടുപിടുത്തം ആർ.എസ്.എസിനെ കുറിച്ച് പ്രാഥമിക ധാരണയുള്ളവരിൽ പോലും ചിരിയുണത്തും. ആർ.എസ്.എസിൽ മെമ്പർഷിപ്പോ അംഗത്വ റജിസ്റ്ററോ ഒന്നുമല്ല. ഗാന്ധിവധക്കേസിൽ വി.ഡി സവർക്കർ രക്ഷപ്പെട്ടത് താൻ ആർ.എസ്.എസുകാരനല്ല എന്ന് വാദിച്ചാണ്. ഗോദ്സെ പോലും ആർ.എസ്.എസുകാരനല്ല എന്ന് സംഘ്പരിവാർ പ്രചരിപ്പിക്കുന്ന ഒരു കാലഘട്ടത്തിൽ ഒരു സാദാ ഗുണ്ടാകൊലയാളിയുടെ ആർ.എസ്.എസ് അംഗത്വത്തിെൻറ ആധികാരികത തേടിപ്പോകുന്ന ന്യായാധിപെൻറ ബുദ്ധിവൈഭവത്തിനു മുന്നിൽ നമിക്കുകയേ നിർവാഹമുള്ളൂ.
ആദ്യമേ മനസ്സിൽ ഒരു തീർപ്പുണ്ടാക്കി അതിനനുസരിച്ച് വസ്തുനിഷ്ഠമായ വാദങ്ങളെയും അഖണ്ഡനീയമായ തെളിവുകളെയും നിരാകരിക്കുന്ന ഒരു രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. വില പിടിപ്പുള്ള തെളിവുകൾ പരാമർശിക്കപ്പെടാതെ കഴമ്പില്ലാത്ത തെളിവുകളെ കുറിച്ച് കുണ്ഠീതപ്പെടുന്നതിെൻറ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുക സ്വാഭാവികം.
ഇത്രയും നിഷ്ഠൂരമായ ഒരു കൊലയുടെ വിശദാംശങ്ങൾ മുന്നിൽ നിരത്തപ്പെട്ടിട്ടും പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന് ഒരു ന്യായാധിപെൻറ മന$സാക്ഷി നിർബന്ധിക്കുന്നില്ലെങ്കിൽ അത് നാം ജീവിക്കുന്ന കാലഘട്ടത്തിെൻറ മനോവ്യാധി കാസർക്കോട്ടുുമെത്തി എന്ന് ഉത്ക്കണ്ഠപ്പെടാനേ നിർവാഹമുള്ളു. കാസർക്കോട്ട്് തന്നെ പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിനും വാദപ്രതിവാദങ്ങൾക്കും ശേഷം എൻമകജയിലെ ഭൂമിലോകം കൊലക്കേസിൽ പ്രതി ശിക്ഷിക്കപ്പെട്ട അനുഭവം നമ്മുടെ മുന്നിലുണ്ട്. അതുപോലെ പ്രമാദമായ സഫിയ കൊലക്കേസിൽ മയ്യിത്ത് പോലും കണ്ടെത്താനായില്ലെങ്കിലും പ്രതിയെ തൂക്കുമരത്തിലേറ്റിയ ന്യായാസനത്തിെൻറ ധീര തീരുമാനം ഓർമകളെ കോരിത്തരിപ്പിക്കുന്നു. കാലം മുന്നോട്ടു പോവുകയും ഇന്ത്യൻ സാമൂഹികാന്തരീക്ഷം വിഷലിപ്തമാവുകയും ചെയ്തപ്പോൾ വന്ന മാറ്റങ്ങളാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ആലപ്പുഴയിൽ ആർ.എസ്.എസുകാരനായ അഡ്വ. രഞ്ജിത് കൊല്ലപ്പെട്ട കേസിൽ പ്രതികളായ 15 മുസ്ലിംകൾക്കും വധശിക്ഷ വിധിച്ച മാവേലിക്കര കോടതിയുടെ തീർപ്പിെൻറ ഞെട്ടലിൽനിന്ന് നിയമലോകം പോലും ഇതുവരെ മുക്തമായിട്ടില്ല. അപ്പോഴാണ് സർക്കാർ ഏറ്റവും ഗൗരവത്തോടെ കൈകാര്യം ചെയ്ത ഒരു കേസിെൻറ അന്ത്യം ഇമ്മട്ടിൽ അട്ടിമറിക്കപ്പെട്ടത്.