06/02/2026
പൊന്നാനിയിലെ നിള സംഗ്രഹാലയം പത്ത് ദിവസത്തിനുള്ളിൽ ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനമാരംഭിക്കും. പൊന്നാനിക്കളരിയും കേരളചരിത്രവും ഉൾക്കൊള്ളുന്ന സാംസ്കാരിക കേന്ദ്രമാണ് ഭാരതപ്പുഴയോരത്ത് നിളയോര പാതയിൽ പണി പൂർത്തിയായ ഈ റിവർ മ്യൂസിയം.
ചമ്രവട്ടം പ്രോജക്ട് ഓഫിസിന്റെ ഭാഗമായുള്ള ഇറിഗേഷൻ ഭൂമിയിലാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്നതിനനുസരിച്ച് ആവശ്യമായി വന്ന ഭൂമി ഇറിഗേഷൻ വകുപ്പിൽനിന്ന് വിട്ടുകിട്ടുന്നതുൾപ്പെടെ നിരവധി തടസ്സങ്ങളാണ് നിർമ്മാണ ഘട്ടത്തിലുണ്ടായത്. നിലവിൽ എല്ലാ തടസ്സങ്ങളും മറികടന്നാണ് നിർമ്മാണപ്രവൃത്തികൾ പൂർത്തിയാക്കി മ്യൂസിയം പ്രവർത്തനസജ്ജമാവുന്നത്.
ഇന്ത്യയിലെ ആദ്യത്തെ 'ബ്ലൈന്റ് ഫ്രന്റ്ലി' മ്യൂസിയമാണ് നിള സംഗ്രഹാലയം. പതിനേഴായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഇൻഡോ - ഡച്ച് വാസ്തു മാതൃകയിൽ ലോകോത്തര നിലവാരത്തിലാണ് നിർമ്മാണം. ഇടശ്ശേരിയുടെ പൂതപ്പാട്ട്, പറയിപെറ്റ പന്തിരുകുലം എന്നിവയുടെ ചിത്രാവിഷ്ക്കാരങ്ങളും എഴുത്തച്ഛൻ, സൈനുദ്ധീൻ മഖ്‌ദൂം, പൂന്താനം എന്നിവരുടെ സ്മരണകളും ഇടശ്ശേരി, ഉറൂബ്, എംടി, എം ഗോവിന്ദൻ, അക്കിത്തം എന്നിവരുടെ കൂട്ടായ്മയും അവരുടെ സാഹിത്യ സംഭാവനകളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പൊന്നാനിയിലെ ബീഡിത്തൊഴിലാളി സമരം, സാമൂതിരി, വാസ്കോഡഗാമ എന്നിവരുടെ വരവ്, നിളാതീരത്തെ മാധവ ജ്യോതിഷം, തിരുന്നാവായ മാമാങ്കം, സർവോദയ മേള, നാവിക ബന്ധങ്ങൾ, പൊന്നാനിയുടെ സംഗീത പാരമ്പര്യം തുടങ്ങിയ, നാടിന്റെ സമഗ്രമായ ചരിത്രവും സംസ്കാരവും പുതുതലമുറയ്ക്ക് പകർന്ന് നൽകുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ നിള സംഗ്രഹാലയം ഗവേഷണത്തിന് കൂടി പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ഊരാളുങ്കൽ ഡിസൈൻ സ്ട്രാറ്റജി ലാബാണ് മ്യൂസിയത്തിലെ കാഴ്ചകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രവർത്തനസജ്ജമാവുന്നതോടെ, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിജ്ഞാനകുതുകികൾക്കും പൊന്നാനിയിലെ സഞ്ചാരപാതയിൽ ഒഴിവാക്കാനാവാത്ത ഒരിടമാണ് നിലവിൽ വരുന്നത്.