21/05/2026
മയ്യഴിയിലെ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് ബിജെപി മാഹി മണ്ഡലം കമ്മിറ്റി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.
മാഹി: ഭാരതീയ ജനതാപാർട്ടി മാഹി മണ്ഡലം കമ്മിറ്റി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി.മേഖലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി നീട്ടിക്കൊടുക്കണമെന്നും,അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്നതെന്നും, ഇതുമൂലം ദൂരപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സാധാരണ കുടുംബങ്ങളിൽപ്പെട്ട രക്ഷിതാക്കളും വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്നും കമ്മിറ്റി വ്യക്തമാക്കി.
കൂടാതെ, പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള സേ പരീക്ഷയുടെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇംപ്രൂവ്മെന്റ് എക്സാമിന്റെ ഫലപ്രഖ്യാപനവും വരുന്നതിന് മുമ്പ് തന്നെ പ്ലസ് വൺ അപേക്ഷ നടപടികൾ അവസാനിപ്പിക്കുന്നത് പിന്നീട് പരീക്ഷ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന അവസരം നഷ്ടപ്പെടാനും ഒരു അധ്യയന വർഷം പാഴാകാനും ഇടയാക്കുമെന്ന ആശങ്കയും നിവേദനത്തിൽ രേഖപ്പെടുത്തി.
മാഹി ബീച്ച് ഭാഗങ്ങളിലുള്ള തെരുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും,
ചാലക്കര, ചെമ്പ്ര പ്രദേശങ്ങളിലെ വൈദ്യുതി മുടക്ക പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും, ചാലക്കര പ്രദേശത്ത് വൈദ്യുതി വകുപ്പ് നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ചെമ്പ്രയിലെ ഏകദേശം 650 വീടുകളിലാണ് ദീർഘനേരമായി വൈദ്യുതി മുടക്കം അനുഭവപ്പെടുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡൻ്റ് പ്രബീഷ് കുമാറിൻ്റെ നേതൃത്വത്തിൽ
നേതാക്കളായ മഗിനേഷ് മഠത്തിൽ, അഡ്വ. ഇന്ദ്രപ്രസാദ്,കൃഷ്‌ണദാസ് ,സുധീർ എന്നിവർ പങ്കെടുത്തു.