03/09/2026
മാലിന്യക്കുഴിയിൽ വീണ വയോധികയ്ക്ക് രക്ഷകനായി; ഫയർ ഓഫീസർ അനീഷിന് ഫയർ സർവീസ് അസോസിയേഷന്റെ ആദരം
കുണ്ടറ: മാലിന്യക്കുഴിയിൽ അകപ്പെട്ട വയോധികയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ കുണ്ടറ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. അനീഷിനെ കേരള ഫയർ സർവീസ് അസോസിയേഷൻ കുണ്ടറ യൂണിറ്റ് ആദരിച്ചു. പടപ്പക്കര സ്വദേശിയാണ് അനീഷ്.
പേരയം ഗ്രാമപഞ്ചായത്തിലെ പുന്നത്തടം പ്രദേശത്ത് ഇടിഞ്ഞുതാഴ്ന്ന മാലിന്യക്കുഴിയിലാണ് വയോധിക അപകടത്തിൽപ്പെട്ടത്. സ്വന്തം ജീവൻ പണയപ്പെടുത്തി, അതീവ ദുർഘടമായ സാഹചര്യത്തിൽ അനീഷ് നടത്തിയ സമയോചിത ഇടപെടലാണ് വയോധികയുടെ ജീവൻ രക്ഷിക്കാൻ തുണയായത്.
മേഖലാ വൈസ് പ്രസിഡന്റ് വിവേക്, യൂണിറ്റ് കൺവീനർ സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ സേവനമികവിനും അർപ്പണബോധത്തിനും അഭിമാനകരമായ മാതൃകയായ അനീഷ് ടി.യുടെ പ്രവർത്തനത്തെ ചടങ്ങിൽ അഭിനന്ദിച്ചു.