03/03/2026
📢📢📢📢📢📢
*മാവൂർ പഞ്ചായത്തിൽ 36.76 കോടിയുടെ വികസന ബജറ്റ്*
മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചു. 36,76,08,249 രൂപ വരവും 36,19,63,500 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 56,44,749 രൂപയുടെ മിച്ചമാണുള്ളത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമവനം ടൂറിസം പദ്ധതി, വയോജനങ്ങൾക്കായി 'നാലുമണിപ്പൂവ്' തുടങ്ങിയ ആകർഷകമായ പദ്ധതികൾ ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതയാണ്.
കാർഷിക മേഖലയ്ക്ക് പദ്ധതി വിഹിതത്തിന്റെ 30 ശതമാനത്തിലധികം തുക നീക്കിവെച്ചുകൊണ്ട് ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്ക് ബജറ്റ് ഊന്നൽ നൽകുന്നു. ക്ഷീരവികസനം, മൃഗസംരക്ഷണം എന്നിവയ്ക്ക് പുറമെ ആരോഗ്യ മേഖലയിൽ സൗജന്യ മരുന്ന് വിതരണവും ലാബ് സൗകര്യങ്ങളും ഉറപ്പാക്കും. വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ 'ഒന്നാംതരം ഒന്നാമത്' എന്ന നൂതന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളുടെ വികസനം, റോഡ് നിർമ്മാണം, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കും മതിയായ തുക വകയിരുത്തി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 5.75 കോടി രൂപയുടെ പ്രവർത്തനങ്ങളും 82,000 തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഹരിതകർമ്മസേനയുടെ പ്രവർത്തനം, കുടുംബശ്രീ വഴിയുള്ള വനിതാ വികസനം എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പരിഗണനയുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാമണി, ഉമാ ദേവി കുഴിപ്പള്ളി, എൻ.പി. അഹമ്മദ്, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു..
✳✳✳✳✳✳✳✳✳✳
👇👇Follow Us On. 👇👇
WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm
Facebook https://www.facebook.com/MavoorGramaPanchayath