29/03/2025
ബാംഗ്ലൂർ റൂട്ടിലൊഴികെ വേറേ ഏതെങ്കിലും റൂട്ടിൽ പുതുതായി കേരളത്തിൽ നിന്ന് വന്ദേഭാരത് ട്രെയിൻ ഓടിക്കുവാൻ കഴിയുമോ എന്ന് സതേൺ റെയിൽവേ നോക്കുകയാണെന്ന് കേൾക്കുന്നു. എന്തുകൊണ്ടും കൊള്ളാവുന്ന നിരവധി റൂട്ടുകൾ നമുക്ക് മുന്നിലുണ്ട്.
1. തിരുവനന്തപുരം-സേലം (കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട് വഴി)
കേരളത്തിൽനിന്നും ചെന്നൈയിലേക്കുള്ള റൂട്ടിലെ മർമ്മപ്രധാനമായ ഒരു നഗരമാണ് സേലം. അതുകൊണ്ടുതന്നെ കേരള തലസ്‌ഥാനമായ തിരുവനന്തപുരത്തുനിന്നും സേലം വരെയുള്ള 572km ദൂരത്തിൽ (തിരുവനന്തപുരം-മംഗലാപുരം ദൂരം 620km ആണ്) വന്ദേഭാരത് ഓടിക്കാൻ കഴിഞ്ഞാൽ ചെന്നൈ കണക്റ്റിവിറ്റിയ്‌ക്കൊപ്പം ബാംഗ്ലൂർ, ഹൈദരാബാദ് യാത്രയും വേഗത്തിലാക്കാൻ സാധിക്കും.
2. എറണാകുളം-അരക്കോണം (പാലക്കാട്, സേലം വഴി)
619km വരുന്ന ചെന്നൈ റൂട്ടിലെ അരക്കോണം വരെ എറണാകുളത്തുനിന്നും വന്ദേഭാരത് ദിവസേന ഓടിക്കാൻ സാധിച്ചാൽ കൊച്ചി-ചെന്നൈ യാത്രാസമയം വെറും 10 മണിക്കൂറാക്കി ചുരുക്കാൻ കഴിയും. അരക്കോണം-ചെന്നൈ റൂട്ടിൽ ചെന്നൈ ലോക്കൽ സർവ്വീസുകളും ലഭ്യമാണ്.
3. ഷൊർണ്ണൂർ-ഗോവ (കോഴിക്കോട്, മംഗലാപുരം, ഉഡുപ്പി വഴി)
ഇന്ത്യയിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലേക്ക് ഷൊർണ്ണൂർ ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള ദൂരം 623km ആണ്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഷൊർണ്ണൂർ വരെ ഗോവയിൽ നിന്നും ദിവസേന വന്ദേഭാരത് ഓടിക്കാൻ സാധിച്ചാൽ ഗോവയിൽനിന്നും മുംബൈയിൽ നിന്നുമുള്ള കേരളാ യാത്രകൾക്ക് വേഗമേറും. ഷൊർണ്ണൂരുമായി കണക്റ്റ് ചെയ്യുന്നതിനാൽ എറണാകുളം, കൊല്ലം, തിരുവനന്തപുരം പ്രദേശങ്ങളിലേക്കും പാലക്കാടേയ്ക്കും കണക്റ്റിവിറ്റി എളുപ്പമുള്ളതാകും.
3. നാഗർകോവിൽ-കോഴിക്കോട് (തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം വഴി)
വെറും 465km ദൂരം മാത്രംവരുന്ന നാഗർകോവിൽ-കോഴിക്കോട് യാത്ര നിലവിലെ വന്ദേഭാരത് റൂട്ടുകൾക്ക് ഏറെക്കുറേ സമാനമാണെങ്കിലും ഉത്തരകേരളത്തിലേക്കുള്ള യാത്രാദുരിതത്തിന് വലിയൊരു പരിഹാരമാകും എന്നതിൽ തർക്കമില്ല. മാത്രവുമല്ല 200% ഒക്കെ ഒക്യുപെൻസി റേറ്റുള്ള തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിന് 1.30 മണിക്കൂറിന് ശേഷം മറ്റൊരു വന്ദേഭാരത് സർവീസായും ഓടിക്കാം.
ഈ റൂട്ടുകൾ കൂടാതെ തിരുനെൽവേലിയിൽ നിന്നും തെങ്കാശി, കൊല്ലം, എറണാകുളം, ഷൊർണ്ണൂർ വഴി കോഴിക്കോടേയ്ക്കും, അതല്ലെങ്കിൽ കണ്ണൂരിൽ നിന്നും ഷൊർണ്ണൂർ, പാലക്കാട്, പൊള്ളാച്ചി വഴി മധുരൈയിലേയ്ക്കും പുതിയ വന്ദേഭാരത് സർവീസ് പരിഗണിക്കാവുന്നതാണ്.
Kodikunnil Suresh NK Premachandran