12/03/2025
കേരളീയ ചരിത്രത്തിൽ പുതുയുഗപിറവിക്ക് കാരണമായ രണ്ട് യുഗപുരുഷന്മാരുടെ സമാഗമത്തിന് ഇന്ന് ഒരു നൂറ്റാണ്ട്. ഇരുട്ടിൽ നിന്ന് കേരളത്തെ വെളിച്ചത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുദേവനും രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാഗാന്ധിയും കണ്ടുമുട്ടിയത് 1925 മാർച്ച് 12 നായിരുന്നു.
ചാതുർവർണ്യം ഹിന്ദുമതത്തിലെ സ്വാഭാവിക പ്രതിഭാസമാണെന്ന് കരുതിയിരുന്ന ഗാന്ധിജിയുടെ ചിന്തകളെ അപ്പാടെ മാറ്റിമറിച്ചത് ഈ സന്ദർശന മായിരുന്നു. അവർ തമ്മിൽ നടന്ന സംഭാഷണത്തിൽ
ജാതിയുടെ അസ്തിത്വം തെളിയിക്കാൻ മുറ്റത്തു നിൽക്കുന്ന മാവിലെ ഇലകളെല്ലാം വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, വിഭിന്നങ്ങളായ ഇലകൾ രുചിച്ചു നോക്കിയാൽ ഒരേ രസമായിരിക്കുമെന്ന് ഗുരു നൽകിയ മറുപടിക്ക് ഇന്നും പ്രസക്തിയുണ്ട്. ഇലകളിലേയും രസം ഒന്നുതന്നെയാണെന്ന് ഗാന്ധിജിയെ ഓർമിപ്പിച്ച ഗുരു ജാതിയുടെ അതിർവരമ്പുകൾ ഇല്ലാതാക്കാൻ ജാതി ലക്ഷണങ്ങളെത്തന്നെ മായ്ച്ചുകളയുകയാണ് വേണ്ടതെന്ന് ഗാന്ധിജിയെ ബോദ്ധ്യപ്പെടുത്തി.
ഗുരുവിന്റെയും ഗാന്ധിജിയുടെയും കൂടിക്കാഴ്ചയുടെ നൂറാം വാർഷികദിനത്തിൽ ഓർമിക്കേണ്ടതും ഈ സന്ദേശംതന്നെ. കാരണം ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയപ്പോൾ എതിർത്ത ജാതി ശക്തികൾ ഇന്നും ചില ഇരുളടഞ്ഞ മനുഷ്യ മനസ്സുകളിലും നിലനിൽക്കുന്നു എന്ന് സൂചിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നു എന്നതു കൊണ്ടാണ്.
ജാതിഹിംസയുടെയും വർഗീയ ഫാസിസ്റ്റ് പ്രവണതകളുടെയും ഇരുൾ അനുദിനം പെരുകുന്ന ഇക്കാലത്ത് സാമൂഹ്യചരിത്രത്തിലെ ഈ യുഗസംഗമ മുഹൂർത്തത്തിന്റെ ഓർമ്മ മനുഷ്യമനസുകളിലേക്ക് പ്രസരിപ്പിക്കുന്ന വെളിച്ചം എത്രയോ വിലപിടിച്ചതാണ് എന്ന് നാം തിരിച്ചറിയണം. ജാതി ഭ്രാന്തിൽനിന്ന് മലയാളിയെ വിമോചിപ്പിച്ച നവോത്ഥാന സന്ദേശത്തെ മായ്ച്ചുകളയാനുള്ള ശ്രമങ്ങൾ സജീവമാണ്. അത്തരം ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ ഇടം നൽകില്ല എന്ന ദൃഢപ്രതിജ്ഞ ഓരോ മലയാളിയും എടുക്കേണ്ട സുദിനമാണിന്ന് .