18/11/2025
പ്രിയപ്പെട്ടവരെ,
നഗരസഭ കൗൺസിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കെടേക്കുന്ന് ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുകയാണ്. ഇത് എൻ്റെ നാടാണ്. എന്നെ വളർത്തിയതും പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്നതും നിങ്ങളാണ്. വിമർശനവും ഉപദേശവും പ്രോത്സാഹനവുമായി നിങ്ങളോരോരുത്തരും കുട്ടിക്കാലം മുതൽ എനിക്കൊപ്പമുണ്ടായിരുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോഴും ഒരു മകനായി, സഹോദരനായി, സുഹൃത്തായി, അനിയനോ, ജേഷ്ടനോ ഒക്കെയായി നിങ്ങളെന്നെ പരിഗണിച്ചു. എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോഴും സ്നേഹിക്കാനും കൂടെ നിർത്താനും മനസ്സുകാണിച്ചു. എനിക്കെല്ലാം നിങ്ങളാണ്. ഇന്നത്തെ ഒ.പി റഷീദിനെ രൂപപ്പെടുത്തിയതും ഇതുവരെ ലഭിച്ച സ്ഥാനമാനങ്ങൾക്ക് അർഹമാക്കിയതും നിങ്ങളാണ്. അതുകൊണ്ടുതന്നെ ഈ നാടിനെയും നാട്ടുകാരെയും പൂർണ്ണമായും വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഞാൻ മത്സരത്തിന് സന്നദ്ധമായത്. വികസന രംഗത്ത് ഒട്ടേറെ കാര്യങ്ങൾ ഇവിടെ പ്രാവർത്തികമാക്കേണ്ടതുണ്ടെന്നും യുവ തലമുറയുടെ താൽപര്യങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ടെന്നും എനിക്കറിയാം. വ്യക്തിപരമായും രാഷ്ട്രീയപരമായും ഉള്ള ബന്ധങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തി അവയൊക്കെ പ്രയോഗവൽക്കരിക്കാൻ നിങ്ങൾക്കൊപ്പം എല്ലായിപ്പോഴും ഞാനുണ്ടാവും എന്ന് ഉറപ്പു നൽകുന്നു. നമുക്ക് യോജിച്ചു മുന്നേറാം. എന്നെ നല്ല ഭൂരിപക്ഷത്തിൽ ഈ ഡിവിഷന്റെ കൗൺസിലറായി വിജയിപ്പിക്കുന്നതിന് വേണ്ട എല്ലാവിധ സഹായ സഹകരണവും അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
ഒ.പി റഷീദ്