02/04/2023
ചില കാര്യങ്ങൾ വ്യക്തമാക്കട്ടെ...
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പാചക തൊഴിലാളികൾക്ക് നൽകുന്ന വേതനം സംബന്ധിച്ച് കേന്ദ്രസർക്കാർ ജോൺ ബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടി കണ്ടു.
2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ് സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിദിന മിനിമം വേതനം 350 രൂപയും പരമാവധി വേതനം 400 രൂപയും ആയിരുന്നു. 2016 ൽ പിണറായി സർക്കാർ മിനിമം വേതനം 400 രൂപയായും പരമാവധി വേതനം 475 രൂപയായും ഉയർത്തി. ഈ വർധനയ്ക്കുശേഷം 2017,2019,2021,2022 വർഷങ്ങളിൽ പ്രതിദിന വേതനത്തിൽ 50 രൂപ വീതം വർദ്ധിപ്പിക്കുകയും തൽഫലമായി നിലവിൽ 600,675 എന്നീ നിരക്കുകൾ ആകുകയും ചെയ്തിട്ടുണ്ട്.
2016 മുതൽ 2022 വരെയുള്ള കാലയളവിൽ അഞ്ചു തവണയാണ് പാചക തൊഴിലാളികളുടെ വേതനം വർധിപ്പിച്ചത്. ഈ വർദ്ധനവുകളുടെ ഫലമായി ഒരു തൊഴിലാളിക്ക് പ്രതിമാസം കിട്ടുന്ന വേതനത്തിൽ 5,000 രൂപ മുതൽ 5,500 രൂപ വരെയാണ് വർദ്ധന ഉണ്ടായിട്ടുള്ളത്. ഏതാണ്ട് 70 ശതമാനം വരുന്ന വർദ്ധനയാണ് 2016 ന് ശേഷം ഉണ്ടായിട്ടുള്ളത് എന്നർത്ഥം.
പാചക തൊഴിലാളികൾക്ക് പ്രത്യേകമായി വേതനം നൽകുന്ന ചട്ടങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് 2009 ഡിസംബർ ഒന്നിനാണ്. തൊഴിലാളി ഒന്നിന് പ്രതിമാസം 1,000 രൂപയാണ് വേതനമായി കേന്ദ്രസർക്കാർ നിശ്ചയിച്ചത്. ഇതിൽ 600 രൂപ കേന്ദ്രവിഹിതവും 400 രൂപ സംസ്ഥാന വിഹിതവും ആണ്. 14 വർഷങ്ങൾക്കിപ്പുറവും നിരക്കിൽ യാതൊരു മാറ്റവും കേന്ദ്രസർക്കാർ വരുത്തിയിട്ടില്ല. കേന്ദ്രസർക്കാർ ആയിരം രൂപ നൽകുവാൻ നിർദ്ദേശിച്ചിടത്താണ് 12,000 മുതൽ 13,500 രൂപ വരെ സംസ്ഥാനം നൽകുന്നത്.
ഒരു വർഷത്തേക്ക് സംസ്ഥാനത്തെ 13,611 തൊഴിലാളികൾക്ക് വേതനം നൽകുവാൻ കേന്ദ്രം അനുവദിക്കുന്ന തുക 8.17 കോടി രൂപയാണ്. സംസ്ഥാനം ചെലവഴിക്കുന്നത് ആകട്ടെ 170 കോടി രൂപയും. അതായത് കേന്ദ്രം 8.17 കോടി രൂപ നൽകുമ്പോൾ സംസ്ഥാനം നൽകുന്നത് 161.83 കോടി രൂപയാണ്.
നിലവിലെ നിർബന്ധിത വിഹിതമായ ആയിരം രൂപ കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2017 മുതൽ നിരവധി നിവേദനങ്ങൾ സംസ്ഥാനം കേന്ദ്രസർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഓരോ തവണയും വർദ്ധന പരിഗണിക്കാം എന്ന ഒഴുക്കൻ മറുപടിയാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്.