12/07/2023
കൊച്ചി നഗരത്തിനായുള്ള കേന്ദ്രീകൃത ദുരന്ത നിവാരണ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ കീഴിൽ ഉള്ള കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്ററിലാണ്( IC4) 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്.
സിറ്റി പോലീസ്, ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന വകുപ്പ്, ആരോഗ്യ വകുപ്പ്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, കൊച്ചി, കണയന്നൂർ താലൂക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുകയും പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് കൺട്രോൾ റൂമിന്റെ ലക്ഷ്യം. അതിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ കൺട്രോൾ റൂമിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ അതതു വകുപ്പുകൾക്ക് കൈമാറി ആവശ്യമായ പരിഹാര നടപടികൾ കൈക്കൊള്ളാൻ നിർദേശിക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ചുമതല.
നിലവിൽ കൊച്ചി നഗരവാസികൾക്ക് മഴക്കാലത്ത് ഉണ്ടാകുന്ന കാലവർഷ കെടുതികൾ അറിയിക്കാൻ 0484 2795710, 2795711 എന്നീ ഹെൽപ്പ് ഡെസ്ക് നമ്പറുകളിൽ 24 മണിക്കൂറും സേവനം ഉണ്ടായിരിക്കും.
കഴിഞ്ഞ മഴക്കാലത്ത് താൽക്കാലിക കൺട്രോൾ റൂമായും കോവിഡ് വ്യാപന സമയത്ത് കേരളത്തിലെ വാർ റൂമായും കൊച്ചിയിലെ IC4 പ്രവർത്തിച്ചിരുന്നു.
വിവിധ സർക്കാർ വകുപ്പുകളിൽനിന്നും സേവനങ്ങളിൽനിന്നുമുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്തു വിലയിരുത്തി മികച്ച നഗരാസൂത്രണം സാധ്യമാക്കാൻ സഹായിക്കുന്ന ഈ കൺട്രോൾ സെന്റർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളെ ഘട്ടം ഘട്ടമായി ഇതിലൂടെ ബന്ധിപ്പിക്കും.
മൺസൂൺ കൺട്രോൾ റൂം പ്രവർത്തനങ്ങൾ കൊച്ചി കോർപറേഷൻ മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കൊച്ചിൻ സ്മാർട്ട് മിഷൻ സി.ഇ.ഒ. ഷാജി.വി.നായർ, സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ, കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദർ, തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിലയിരുത്തി.