22/05/2022
3.23ന് സുബ്ഹി, 4.50 ന് ശംസുക്ക പുറത്തെത്തും. നീണ്ട പകലാണ് ഇപ്പൊൾ കിഷൻഗഞ്ചിൽ. കടുത്ത ഉഷ്ണത്തെ കുളിർപ്പിച്ച് ഇന്നലെ രാത്രി കനത്ത മഴ നല്ല ഇടിയും മിന്നലും കാറ്റും ചേർത്ത് പെയ്തു.
ഖുർതുബ കേമ്പസിൽ നടക്കുന്ന കെട്ടിട നിർമ്മാണം രണ്ട് മാസത്തിനിടെ കൈവരിച്ച പുരോഗതി നടന്ന് കണ്ട് പകൽ തീർന്നു പോയി. രാത്രി രംഗാമണി ഗ്രാമത്തിൽ പോയി. ഇവിടെ എത്തിയ ഉടനെ കിട്ടിയ ഒരു നൊമ്പരം ക്ഷമിപ്പിക്കാൻ വല്ല മാർഗവും ഉണ്ടോ എന്നു തേടി പോയതാണ്. ആ ഗ്രാമത്തിൽ നിന്ന് കുറച്ചധികം കുട്ടികൾ ഖുർതുബയിൽ പഠിക്കുന്നുണ്ട്. അവരിലൊരാൾ പഠനം നിർത്തി ആരുടെയോ കൂടെ ഉത്തർഖണ്ടിൽ കൂലിപ്പണിക്ക് പോയെന്നും ഇനി വരില്ല എന്നും അധ്യാപകരും സഹപാഠികളും ഇനി പ്രതീക്ഷയില്ലാത്ത തരത്തിൽ പറഞു.
ഇരുൾ മുറ്റിയ വഴികളിലൂടെ യാണ് അവൻ്റെ വീട്ടിലെത്തിയത്. അവൻ വീട് വിട്ടോടിപ്പോയതാണ് എന്നാണ് അവൻ്റെ ഉപ്പ ആദ്യം പറഞ്ഞത്. മൂന്ന് പെൺമക്കളും ഒരാങ്കുട്ടിയും ആണയാൾക്ക്. മൂത്ത മകളുടെ കല്യാണം കഴിഞ്ഞപ്പോൾ വന്ന കടം വീട്ടാൻ പഠിക്കുന്ന മകനെ പണിക്കയച്ചതാണെന്ന് അയാളുടെ ഉരുളൽ കണ്ടപ്പോ മനസ്സിലായി.
അവനെ ഫോണിൽ വിളിപ്പിച്ചു. കുറെ നേരം അവൻ വാക്കുകൾ കിട്ടാതെ നിന്നു.
പിന്നെ അവൻ പറഞ്ഞു തുടങ്ങി, ഉത്തരഖണ്ടിലെ കുർദ്വാർ എന്ന സ്ഥലത്ത് ആണ്. പെയിൻ്റിങ് പണി പഠിക്കുന്നു, ദിവസവും 600 രൂപ കിട്ടും. പഠിക്കണം എന്നുണ്ട്. വീട്ടിലെ ഭാരങ്ങൾ അറിഞ്ഞു തുടങ്ങിയപ്പോ ഇവിടത്തെ അധിക പേരും ചെയ്യുന്ന പോലെ ഉപ്പയെ അറിയുന്ന ഒരാൾക്കൊപ്പം പണിക്ക് പോയതാണ്. നിങൾ പറഞാൽ തിരിച്ച് വരാം.നാളെ തന്നെ ട്രെയിനിൽ കയറി ഇരിക്കാം....
എനിക്ക് വിങ്ങി വാക്കുകൾ തങ്ങി തുടങ്ങിയപ്പോൾ കൂടെയുള്ള സഈദ് ഹുദവിക്ക് കൊടുത്തു. സഈദും അവന് കാര്യങ്ങളിൽ പറഞ്ഞു ബോധ്യപ്പെടുത്തി. വരാം എന്നുറപ്പിച്ചു ഫോൺ വെച്ചു.
വീട്ടുകാരോട് കുശലം പറയുന്നതിനിടക്ക് അവൻ്റെ ഉപ്പ ഉളളിൽ പോയി അവനെ വീണ്ടും വിളിച്ച് സുർജാപൂരി ഭാഷയിൽ ഇങ്ങിനെ പറയണത് കേട്ടു. ' പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ മാത്രം വന്നാൽ മതി, അല്ലെങ്കിൽ അവിടെ ജോലി ചെയ്ത് കൊള്ളുക. '
അത് പറഞ്ഞതിൻ്റെ പേരിൽ അവൻ്റെ ഉമ്മ അയാളോട് അരിശം കൊള്ളുന്നത് കണ്ടു്.
പതഞ്ഞ് വന്ന ദേഷ്യം കടിച്ചമർത്തിയാണെങ്കിലും ഇത്തിരി പരുഷമായി തന്നെ ആ പാവം മനുഷ്യനോട് സംസാരിച്ചു.
പഠനം നിറുത്തി പണിക്ക് പോയവർ നന്നായി സമ്പാദിക്കുകയും പഠിച്ചവർ (ക്വാളിറ്റി ഇല്ലാത്തതിനാൽ) ഒന്നിനും കഴിയാതെ, കൂലിപ്പണിക്ക് പോലും പോകാൻ പാങ്ങില്ലാതെ ('പഠിച്ചവരുടെ കൂട്ടത്തിൽ ' പെട്ടാൽ പിന്നെ ' പഠിക്കാത്തവരുടെ ജോലി ' ചെയ്യൽ കുറച്ചിലല്ലെ) ജീവിക്കുന്ന അനുഭവമുള്ള ഒരു നാട്ടിൽ അയാളെ എങ്ങിനെ വിദ്യഭ്യസത്തെ കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തും എന്ന നിസ്സഹായത അപ്പോഴും കൂടെയുണ്ട്.
അയാള് മെല്ലെ ചൂളി ഇരുന്നു.
അവൻ്റെ ഉമ്മ പിന്നെയും അവനെ വിളിച്ച് തിരിച്ച് വരാൻ പറഞ്ഞു. അവൻ വരുമെന്ന ഉറപ്പിൽ ആണ് അവിടെ നിന്ന് തിരിച്ചത്.
കൂടെ ഉണ്ടായിരുന്ന സൈനുൽ ആബിദ് എന്ന വിദ്യാർത്ഥിയുടെ വീട്ടിൽ കയറി ചയ കുടിച്ചു. ഗ്രാമത്തിലെ പള്ളിയിൽ എത്തി ഇഷാ നമസ്കരിച്ചു.
കൂടെയുള്ള മറ്റൊരു വിദ്യാർത്ഥി ഷാഫൈസിന് അവൻ്റെ വീട്ടിലും ചെല്ലണമെന്ന് നിർബന്ധം. റോഡിൽ വണ്ടി നിറുത്തി കുറച്ചപ്പുറത്തുള്ള അവൻ്റെ വീട്ടിൽ എത്തുമ്പോൾ സമയം രാത്രി ഒമ്പതിനോടാടുക്കുന്നു. ഭക്ഷണം കഴിച്ച് പോകാം എന്ന് നിർബന്ധം. ഉള്ളത് കഴിക്കാം എന്നും.
ദാൽപാനിയും ചാവലും ആണ് അധിക ഗ്രാമീണ വീട്ടിലും രാത്രി ഉണ്ടാകാറ്. റൂമിൽ ചെന്നിട്ട് ഉണ്ടാക്കി കഴിക്കണ്ടെ എന്ന മടിക്ക് അതാണെങ്കിൽ അത് വേഗം കഴിച്ച് പോകാം എന്ന നിലക്ക് സമ്മതം മൂളി.
ഇപ്പൊ വരുമെന്ന പ്രതീക്ഷ തകിടം മറിഞ്ഞു തുടങ്ങി. ഒരുപാട് സമയം കഴിഞ്ഞിട്ടും ഭക്ഷണം തരുന്ന മട്ടൊന്നുമില്ല. ഷാ ഫൈസിനെ വിളിച്ച് ചോദിച്ചപ്പോൾ ഇതാ ദേഷി മുർഗി ഇപ്പൊ റെഡിയാകുമെന്ന ഉത്തരം. അതിനിടയിൽ കൂട്ടിൽ നിന്ന് ഒരു കോഴിയെ പിടിച്ച് അറുത്ത് നന്നാക്കി കഷ്ണമാക്കി അടുപ്പത്ത് എത്തിച്ചിട്ടുണ്ട് അവനും ഉമ്മയും. ഹൃദയം തൊട്ട് അവർ വിളമ്പിത്തന്ന ഭക്ഷണം വയർ നിറയെ കഴിച്ച് രാത്രി വൈകി ആ ഗ്രാമത്തിൽ നിന്നും തിരിച്ചു പോകുമ്പോൾ മനസ്സായിരുന്നു കൂടുതൽ നിറഞ്ഞിരുന്നത്.
ഡോ. സുബൈർ ഹുദവി ചേകനൂർ