കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പു താലൂക്കില്‍, തളിപ്പറമ്പു ബ്ളോക്കിലാണ് പട്ടുവം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പട്ടുവം വില്ലേജുപരിധിയിലുള്‍പ്പെടുന്ന പട്ടുവം ഗ്രാമപഞ്ചായത്തിനു 16.85 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 13 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് ഏഴോം പഞ്ചായത്തും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് കണ്ണ
പുരം, ചെറുകുന്നു പഞ്ചായത്തുകളും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് ഏഴോം, ചെറുകുന്നു പഞ്ചായത്തുകളുമാണ്. 1955-ലാണ് പട്ടുവം റവന്യു വില്ലേജ് അടിസ്ഥാനമാക്കിയുള്ള പട്ടുവം പഞ്ചായത്ത് രൂപീകൃതമായത്. 1979 ഒക്ടോബര്‍ 1-നാണ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുഭരണസമിതി നിലവില്‍ വന്നത്. പട്ടുവം, ചിരപുരാതനമായൊരു സംസ്കാരം സ്വന്തമായുള്ള പ്രദേശമാണ്. പ്രാചീനകാലത്ത് ഏഴിമല ആസ്ഥാനമായി ഭരിച്ച മുഷിക രാജവംശത്തിന്റെ കീഴിലായിരുന്നു പട്ടുവമെന്ന് പറയപ്പെടുന്നു. അക്കാലത്തിവിടെ ധാരാളം പട്ടുനൂല്‍പുഴുവളര്‍ത്തല്‍ കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നും, അതിലൂടെ പട്ടുനൂലും, പട്ടും ഉണ്ടാക്കിയിരുന്നതിനാലാണ് ഈ ഗ്രാമത്തിനു പട്ടുവം എന്ന പേരു കിട്ടിയതെന്നും അഭിപ്രായമുണ്ട്. ഐതിഹ്യകഥാപാത്രമായ പരശുരാമനുമായി ബന്ധപ്പെട്ടും പട്ടുവം എന്ന സ്ഥലനാമത്തെപ്പറ്റി മറ്റൊരഭിപ്രായം ഉയരുന്നുണ്ട്. പരശുരാമന്‍ കേരളത്തിനെ അറുപത്തിനാലു ഗ്രാമങ്ങളായി വിഭജിച്ചു ബ്രാഹ്മണരെ വാഴിച്ച കാലത്ത് പട്ടുവം പെരിഞ്ചല്ലൂര്‍ ഗ്രാമത്തിനുള്ളില്‍ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു(ഇന്നത്തെ തളിപ്പറമ്പ് നഗരസഭ ഉള്‍പ്പെടുന്ന പ്രദേശം)വത്രെ. മംഗലശ്ശേരിയിലെ കുളൂല്‍ കുന്നില്‍ നിന്നും പടിഞ്ഞാറോട്ടു നോക്കിയവര്‍ കണ്ടത് പട്ടുപോകുന്ന (പൂണ്ടുപോകുന്ന) പ്രദേശത്തെ ആണെന്നും അതുകൊണ്ട് പട്ടുപോകുന്ന പ്രദേശത്തിനു പട്ടുവം എന്നു പേരു വിളിച്ചുവെന്നുമാണ് പറയപ്പെടുന്നത്. മൂന്നു ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ട പട്ടുവം പഞ്ചായത്ത് കുന്നുകളും, താഴ്വരകളും, വയലുകളും ഉപ്പുവെള്ളം കയറുന്ന ചതുപ്പുനിലങ്ങളും നിറഞ്ഞ പ്രദേശമാണ്. പതിമൂന്നു കാര്‍ഷിക കാലാവസ്ഥാമേഖലകളായി കേരളത്തെ തരം തിരിച്ചിട്ടുള്ളതില്‍, അഞ്ചാമത്തെതായ വടക്കന്‍ ഇടനാട് കാര്‍ഷിക കാലാവസ്ഥാമേഖലയിലാണ് പട്ടുവം ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്നത്. തളിപ്പറമ്പ് താലൂക്കിന്റെ പടിഞ്ഞാറേ അറ്റത്ത് കുപ്പംപുഴയും കുറ്റിക്കോല്‍പുഴയും ചേര്‍ന്ന് പഴയങ്ങാടിപ്പുഴയായിത്തീരുന്ന സംഗമസ്ഥാനത്ത് നിന്നാരംഭിച്ച്, കിഴക്ക് തളിപ്പറമ്പ് നഗരസഭാ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്നതാണ് കാര്‍ഷിക ഗ്രാമമായ പട്ടുവം പഞ്ചായത്തിന്റെ ഭൂരൂപം. വടക്ക് കുപ്പം പുഴയാലും തെക്ക് കുറ്റിക്കോല്‍ പുഴയാലും ചുറ്റപ്പെട്ട് ഏതാണ്ട് അര്‍ദ്ധവൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് കണ്ണൂര്‍ ജില്ലയില നെല്ലറകളിലൊന്നായി പരിഗണിക്കപ്പെടുന്നു. പുഴയോരങ്ങളിലെ കൈപ്പാട് (ചതുപ്പ്) പ്രദേശത്ത് നെല്ലും, തീരസമതലങ്ങളില്‍ നെല്ലിനോടൊപ്പം തെങ്ങും കൃഷി ചെയ്തുവരുന്നു. ചെരിവുകളിലെ താഴ്ന്ന പ്രദേശങ്ങളാകട്ടെ പുരയിടങ്ങളാണ്.
നെൽവയലുകല്‍ തുന്നിനല്‍കിയ പച്ചപ്പട്ടുടുത്ത് ഒരു നാട് പട്ടുവം ഗ്രാമം .പേരു പോലെ തന്നെ പ്രാകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന പ്രദേശം .പട്ടുവം, പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽകുന്ന പ്രദേശം .നല്ല നെല്പാടങ്ങല്‍, പച്ചവിരിച്ച കുന്നുകൾ .