05/03/2026
കാഞ്ഞൂർ യൂണിയൻ
എൽ പി സ്കൂൾ മുൻ പ്രധാനഅധ്യാപിക സിസ്റ്റർ റോസ്‌ലറ്റ് നിര്യാതയായി.
മാർച്ച് 6 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ശ്രീമൂലനഗരം ചാവറ സദനിൽ പൊതുദർശനം.വൈകീട്ട് 3 മണിയ്ക്ക് സദനിലെ സെമിത്തേരിയിൽ സംസ്കാരം.
# # # # # # # # # # # # # # # # # # # # # # # #
പ്രിയപ്പെട്ട സിസ്റ്റർക്ക് ആദരാഞ്ജലികൾ
യൂണിയൻ എൽ പി സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ സിസ്റ്റർ ഹേഴ്സല, രണ്ടിൽ സിസ്റ്റർ ഫ്ലോറൻസ് , മൂന്നിൽ ഉണ്ണി മാഷ്,നാലിൽ സിസ്റ്റർ റോസ്‌ലറ്റ്.
ഇതായിരുന്നു എൽ പി യിലെ അധ്യാപകർ.
ഹെഡ് മാസ്റ്റർ തോട്ടുങ്ങ ടി പി പോൾ മാഷ്. കൂടാതെ ഏലമ്മ ടീച്ചർ (ഹൈ സ്‌കൂളിലെ യോഹന്നാൻ മാഷിന്റെ ഭാര്യ),റോസിലി ടീച്ചർ (തോട്ടുങ്ങ സെബാസ്റ്റ്യൻ മാഷിന്റെ ഭാര്യ),ഏലിയാമ്മ ടീച്ചർ (പുതുശ്ശേരി),മേരി ടീച്ചർ (തോട്ടുങ്ങ ടി വി പോൾ മാഷിന്റെ ഭാര്യ),കൊച്ചുത്രേസ്യ ടീച്ചർ (ഇടശ്ശേരി ഇ കെ ലൂയീസ് മാഷിന്റെ ഭാര്യ),ആനീസ് ടീച്ചർ (മൂഞ്ഞേലി),പുതുതായി വന്ന അറബി ടീച്ചർ സഫിയ.......
ഇത്രയും പേരായിരുന്നു പഠിപ്പിക്കാൻ.
ഉപ്പുമാവ് ഉണ്ടാക്കാൻ കുഞ്ഞമ്മച്ചേച്ചിയും.
ഹെഡ് മാഷിന്റെ വീട്ടിൽ അട്ടിയിട്ട അമേരിക്കൻ ഗോതമ്പ് ചാക്ക് ചുമന്നുകൊണ്ടുവരുന്ന സഹോദരങ്ങൾ കണിച്ചപ്പിള്ളി ദിവാകരനും രാജനും.അവരുടെ അനുജൻ വിശ്വനാഥൻ സഹപാഠി.
ഇതൊക്കെ സ്‌കൂളിന്റെ ഓർമ്മകൾ. വിശദമായി എഴുതാൻ തുനിഞ്ഞാൽ ഒട്ടേറെയുണ്ട്.
പാവങ്ങളിൽ പാവങ്ങളായ,അതിസാധാരണക്കാരായ ഗ്രാമീണജനതയുടെ,
കർഷക - തൊഴിലാളിമക്കളുടെ ആശ്രയമായ സ്‌കൂൾ.
ആ കുട്ടികളെ പഠിപ്പിച്ചുവളർത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചവർ ഒന്നാം ക്ലാസ്സിൽ വരുന്നവരെ വാത്സല്യം നിറഞ്ഞ സ്നേഹത്തിന്റെ അകമ്പടിയോടെ തറ- പറ പറഞ്ഞുതന്ന ഹേഴ്സല സിസ്റ്ററും *അൽപ്പം പേടിപ്പിച്ചും തല്ലിയും ആണെങ്കിലും അക്കാലത്തെ കുറഞ്ഞ സാധ്യതകൾ വച്ചുകൊണ്ട് , ഒരു കോട്ടയം വിദ്യാർഥിമിത്രം ഗൈഡിന്റെയും താൻ നോട്ട് കുറിച്ചെടുത്ത പത്രവാർത്താശകലങ്ങളിലൂടെയും അൽപ്പമെങ്കിലും spark ഉള്ള കുട്ടികൾക്കെല്ലാം നാലാം ക്ലാസിലെ സ്‌കോളർഷിപ്പ് കിട്ടാൻ പ്രാപ്തി നേടിക്കൊടുത്ത റോസ് ലറ്റ് സിസ്റ്ററും.*
അതിന്റെ ഗുണം കിട്ടാൻ അവസരം ലഭിച്ച ഒരാളെന്ന നിലയിൽ സിസ്റ്ററോടുള്ള നന്ദി മറക്കാനാവാത്തതാണ്. നാലിൽ പഠിച്ച ആ ഒരു വർഷം ഞങ്ങൾ ആറുപേരെ എല്ലാ ശനിയും ഞായറും മഠത്തിൽ കൊണ്ടുപോയിരുത്തി സിസ്റ്റർ പ്രത്യേക കോച്ചിങ് തന്നത് അവിസ്മരണീയാനുഭവമാണ്.തുറവുംകരയിൽനിന്ന് ഞാൻ , കല്ലറ കെ വി ലാലി,പടയാട്ടി പി ടി സാജു,പടയാട്ടി പി ജെ റോസിലി,പടിഞ്ഞാറും ഭാഗത്തുനിന്ന് തളിയൻ അൽഫോൻസാ ( സിസ്റ്റർ,ടീച്ചർ.now in America),അങ്ങാടിയിലെ ഏലിയാമ്മ ടീച്ചറുടെ മകൾ ബീന.
സ്‌പെഷ്യൽ കോച്ചിങ്ങുകളെപ്പറ്റി കേരളം ചിന്തിച്ചിട്ടുപോലുമില്ലാത്ത അക്കാലത്ത് (1976 - 77) സിസ്ററർ റോസ് ലറ്റിന്റെ ആ കൺസെപ്റ്റിനെ എങ്ങിനെയാണ് വിശേഷിപ്പിക്കേണ്ടതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
*എന്താണ് GK, എങ്ങനെയാണ് അത് ആർജിക്കേണ്ടത് എന്ന് സിസ്റ്റർ അന്നേ ഞങ്ങളെ പഠിപ്പിച്ചു.ആ ശിക്ഷണം അത്ര മഹനീയമായിരുന്നു*
അതുകൊണ്ടുകൂടിയാണ് 1991 ൽ സിസ്റ്റർ റിട്ടയർ ചെയ്തപ്പോൾ സ്‌കൂളിൽ നൽകിയ ഔപചാരിക യാത്രയയപ്പ് കൂടാതെ ഞങ്ങൾ മുപ്പതോളം പൂർവവിദ്യാര്ഥികൾ ചേർന്ന് സ്നേഹം നിറച്ച ഒരു യാത്രയയപ്പ് കൊടുത്തുകൊണ്ട് സിസ്റ്ററുടെ പേരിൽ നന്നായി പഠിക്കുന്ന കുട്ടികൾക്കായി ഞങ്ങൾ കൗമാരക്കാരുടെ ചെറിയൊരു നിധി കൂട്ടിച്ചേർത്ത് ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്തിയതും.
എല്ലാ കുട്ടികളുടെയും കാർന്നോമ്മാരുമായി
അടുത്ത ബന്ധം പുലർത്തുന്ന സിസ്റ്റർ ആയിരുന്നു റോസ് ലറ്റ്.
നാട്ടുകാരി ആണെന്നതാവാം കാരണം.(ചെങ്ങൽ തളിയൻ കുടുംബം, റേഷൻ കട നടത്തിയ ഔസേപ്പേട്ടന്റെ പെങ്ങൾ,ഇപ്പോഴത്തെ സ്റ്റീഫന്റെ അമ്മായി)
ഏറ്റവും സാധാരണ ജനങ്ങൾ വസിക്കുന്ന തുറവുംകരയിലെയും *തറാണം* പ്രദേശത്തെയും പടിഞ്ഞാറോട്ട് എടനാട് കനാലിന്റെ അരികുപ്രദേശങ്ങൾ,പടിഞ്ഞാറുംഭാഗം (കോഴിക്കാടൻപടി) പ്രദേശത്തിന്റെയും കുട്ടികളായിരുന്നു കൂടുതലും.അല്പം കൂടുതൽ സാമ്പത്തികശേഷിയോ സൗകര്യമോ ഉള്ളവർ സെന്റ് മേരീസിലും ചെങ്ങൽ സ്‌കൂളിലും പഠിച്ച കാലം. ചില ടീച്ചർമാരുടെ മക്കളും ബന്ധുക്കളായ കുട്ടികളും പള്ളിയങ്ങാടിയിൽ നിന്ന് ഇവിടെ വന്നു പഠിച്ചതൊഴിച്ചാൽ.
ഈ കുട്ടികളെയെല്ലാം യൂണിയൻ സ്‌കൂളിലെ അദ്ധ്യാപകരുടെ മക്കളെപ്പോലെ അവർ കരുതി.
അവരിൽ ഏറ്റവും കുട്ടികളെ സ്നേഹിച്ച സിസ്റ്ററാണ് ഇന്ന് ലോകം വിട്ടുപോയത്.ആ ഓർമ്മകൾ മനസ്സിൽപ്പേറുന്ന,സമൂഹത്തിൽ വിവിധതലങ്ങളിൽ വിരാജിക്കുന്ന കുട്ടികളെ വിട്ടുപോയത്.
സിസ്റ്ററിന് അന്ത്യപ്രണാമം.