11/03/2026
എം എം മണിയും കെ കെ ജയചന്ദ്രനും
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യരായ അമരക്കാര്‍: സിപിഐ (എം)
ചെറുതോണി
ജില്ലയില്‍ കമ്യൂണിസ്റ്റ് മുന്നേറ്റത്തിനുകരുത്ത് പകര്‍ന്ന് ത്യാഗോജ്വലമായ ജീവിതപന്ഥാവിലൂടെ മുന്നേറിയ ധീരരായ നേതാക്കളാണ് എം എം മണിയും കെ കെ ജയചന്ദ്രനുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു. ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ടിയില്‍ ആശയകുഴപ്പമുണ്ടെന്ന വലതുപക്ഷ ശക്തികളുടെ പ്രചാരണം പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ദൈനംദിന രാഷ്ട്രീയം കൃത്യമായി വിശകലനം ചെയ്തും ഗൗരവമാര്‍ന്ന നിലപാടുകളെടുത്തും മുന്നോട്ടുപോകുന്ന കൂട്ടായ നേതൃത്വമാണ് ജില്ലയില്‍ സിപിഐഎമ്മിനുള്ളത്.
എം എം മണിയും കെ കെ ജയചന്ദ്രനും തേര്‍തെളിച്ച വഴികളിലൂടെയാണ് ഇപ്പോഴത്തെ നേതൃത്വവും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മന്നോട്ടുപോകുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന കാലത്ത് തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിച്ചാണ് എം എം മണി പാര്‍ടിക്കായി ശക്തി സംഭരിച്ചത്.
കങ്കാണിമാരുടെ ആക്രമണങ്ങളും കൊടിയ മര്‍ദനങ്ങളും ഏറ്റുവാങ്ങുകയും ജയിലില്‍ അതിക്രൂര പീഢനത്തിനിരയായി ജീവിതം മുഴുവന്‍ പാര്‍ടിക്കുവേണ്ടി സമര്‍പ്പിച്ച ധീര വ്യക്തിത്വമാണ് എം എം മണിയുടേത്. വയലാര്‍ രവി അഭ്യന്തര മന്ത്രിയായരിക്കെ കോണ്‍ഗ്രസുകാര്‍ അഴിച്ചുവിട്ട ഗുണ്ടാ ആക്രമണം മൃതപ്രായനാക്കി മാറ്റിയ കെ കെ ജയചന്ദ്രന്‍ ആത്മബലവും കരുത്തുംകൊണ്ടാണ് തിരിച്ചുവന്നത്. തോട്ടം തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും തൊഴില്‍ സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ പട നയിച്ച കെ കെ ജയചന്ദ്രന്‍ ഒടുവില്‍ വിജയം കണ്ടു. തിരുവഞ്ചൂരിന്റെ പൊലീസ് എം എം മണിയെ കള്ളക്കേസില്‍ കുടുക്കി 45 ദിവസം ജയിലിലടച്ച് ജില്ലയില്‍ കയറാന്‍ പോലും അനുവാദമില്ലാതെ നാടുകടത്തിയപ്പോള്‍ പാര്‍ടിയെ മുന്നില്‍ നിന്ന് നയിച്ചത് കെ കെ ജയചന്ദ്രനാണ്. ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ പിണറായി പറഞ്ഞത് 'വിലങ്ങണിയിച്ച കൈകള്‍ കൊണ്ട് സലൂട്ട് ചെയ്യിപ്പിക്കും' എന്നാണ്.
അത്തരത്തില്‍ ചരിത്രം കാവ്യനീതി ആവര്‍ത്തിച്ചപ്പോഴും ജില്ലയിലെ പാര്‍ടിയെ ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരാന്‍ പ്രാപ്തമാക്കി, ജില്ലാ സെക്രട്ടറി എന്ന നിലയില്‍ മുന്നില്‍ നിന്നു. അന്നത്തെ പാര്‍ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒപ്പം നിന്ന് ജില്ലയിലെ പാര്‍ടിയെ പ്രതിസന്ധികളില്‍നിന്ന് പതറാതെ മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിച്ചു. എം എം മണി, എംഎല്‍എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും അസാധാരണമായ ഭരണമികവും ജനകീയതയും സമന്വയിപ്പിച്ചു. ലക്ഷക്കണക്കായ പാര്‍ടി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും എം എം മണിയെ പിതൃതുല്യനായാണ് കാണുന്നത്