25/03/2026
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സ. യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് കൺവീനർ എ ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹം : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ
തങ്ങളുടെ എതിർ സ്ഥാനാർഥിയായ ഒരു സ്ത്രീയെ വളരെയധികം നീചമായ രീതിയിൽ ആക്ഷേപിക്കാനാണ് കായംകുളത്തെ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടുള്ളത്. അശ്ലീല പരാമർശങ്ങൾ നടത്തിയും ലൈംഗികാധിക്ഷേപം നടത്തിയും ഒരു സ്ത്രീയെ തളർത്തി കളയാം എന്ന ധാരണ യുഡിഎഫ് വെച്ചുപുലർത്തുന്നുണ്ടെങ്കിൽ അത് വിലപോവില്ല.
കായംകുളത്തെ സിറ്റിംഗ് എംഎൽഎ കൂടിയായ സഖാവ് യു പ്രതിഭ മണ്ഡലത്തിൽ നടത്തിയിട്ടുള്ള സമാനതകളില്ലാത്ത വികസനത്തെ യാതൊരു രീതിയിലും പ്രതിരോധിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ യുഡിഎഫ് നേതൃത്വം അവരുടെ പതിവ് ശൈലി പിന്തുടർന്നുകൊണ്ട് ഏറ്റവും നികൃഷ്ടമായ രീതിയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ഇപ്പോൾ നടത്തിയിട്ടുള്ളത്.
യുഡിഎഫ് നേതാവ് ഇർഷാദ് നടത്തിയിട്ടുള്ള ഈ പരാമർശം പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ്. സ്ത്രീകളെ വെറും ശരീരം മാത്രമായി കാണുന്ന മാനസികാവസ്ഥയിൽ നിന്ന് ഒരു തരിമ്പ് പോലും വളരാൻ ഇക്കൂട്ടർക്ക് ഇതുവരെ സാധിച്ചിട്ടില്ല. സ. കെ കെ ശൈലജ ടീച്ചർ മുതൽ സ.ആര്യ രാജേന്ദ്രൻ വരെയുള്ള നിരവധി ഇടതുപക്ഷ വനിതാ പ്രവർത്തകർ ഇവരുടെ ഇത്തരത്തിലുള്ള ലൈംഗികാധിക്ഷേപങ്ങൾക്ക് ഇരയായവരാണ്. ഇതുകൊണ്ടൊന്നും മനസ്സ് തളർന്നു പോകുന്നവരല്ല ഇടതുപക്ഷത്തെ സ്ത്രീകൾ എന്ന് ഇവരെ ഓർമ്മിപ്പിക്കുന്നു.
ഇത്തരത്തിൽ നീചമായ പരാമർശം നടത്തിയ എ. ഇർഷാദിനെ തിരുത്താൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം. മാത്രമല്ല, സ്ത്രീത്വത്തെ അപമാനിച്ച എ ഇർഷാദ് സ. യു പ്രതിഭയോടും മുഴുവൻ സ്ത്രീ സമൂഹത്തോടും പൊതുമധ്യത്തിൽ മാപ്പ് പറയേണ്ടതാണ്. ഇത്തരത്തിൽ സ്ത്രീകളെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുന്നവർക്കെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കേണ്ടതാണ്.